പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്തു ദമ്പതികളിൽ നിന്ന് പണം തട്ടിയ പ്രതികൾ പിടിയിൽ

0

മലയിൻകീഴ്: പിഎസ്‌സി വഴി ജോലി വാഗ്ദാനം ചെയ്തു ദമ്പതികളിൽ നിന്ന് പണം തട്ടിയ പ്രതികൾ പിടിയിൽ. പേരൂർക്കട മണ്ണാമൂല ഗാന്ധി സ്ട്രീറ്റിൽ പങ്കജ വിലാസത്തിൽ ശുഭ (42), ഭർത്താവ് സാബു (50) എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിരവധിപ്പേരെയാണ് ഇവർ കബളിപ്പിച്ചതെന്ന് പോലീസ് പറയുന്നു. നരുവാംമൂട്, നേമം, മലയിൻകീഴ്, വെള്ളനാട്, മണക്കാട്, ചെറിയകൊണ്ണി എന്നിവിടങ്ങളിലെ ഒട്ടേറെ പേരിൽ നിന്ന് പ്രതികൾ സമാനരീതിയിൽ ഇരുപതു ലക്ഷത്തോളം രൂപ തട്ടിയതായി പോലീസ് പറഞ്ഞു. പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പുളിയറക്കോണം സ്വദേശികളായ ദമ്പതികളിൽ നിന്ന് 3,80,000 രൂപ വാങ്ങിയിരുന്നു.

ഈ കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശുഭയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തറിഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രി, ആയുർവേദ കോളജ്, കെടിഡിസി എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പലരെയും പറ്റിച്ചതായി സൂചനയുണ്ട്. ജോലി അന്വേഷിക്കുന്നവരുമായി അടുപ്പം കാണിച്ച് നല്ല ബന്ധം പുലർത്തിയ ശേഷം പണം തട്ടുകയാണു പ്രതികളുടെ രീതി. തുടർന്ന് മറ്റു സ്ഥലങ്ങളിൽ ആർഭാട ജീവിതം നയിക്കുകയാണ് ദമ്പതികളായ പ്രതികളുടെ പതിവെന്ന് വിളപ്പിൽ ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here