നടി ആക്രമിച്ച കേസ്; 12 നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകൾ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

0

കൊച്ചി: നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചു. 12 നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. നശിപ്പിച്ച ചറ്റുകൾ വീണ്ടെടുക്കാൻ ഫൊറൻസിക് സയൻസ് ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക്‌ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കുമെന്നാണ് വിവരം.

മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു.

ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി. ദിലീപിൻറെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെൻറ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

മുൻ ആദായ നികുതി അസിസ്റ്റൻറ് കമ്മീഷണറായ വിൻസെൻറ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തൻറെയും ദിലീപിൻറെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെൻറ് പറഞ്ഞു.

നടി ആക്രമണത്തിനിരയാകുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെൻറ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെൻറ് സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here