നടന്‍ ദിലീപിന്റെ അഭിഭാഷകരും മറ്റും മൂംബൈയിലെ ലാബില്‍നിന്നുമൊബൈല്‍ ഫോണ്‍ തിരിച്ചു വാങ്ങാന്‍ പോയതിന്റെ സി.സി. ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു

0

കൊച്ചി: നടന്‍ ദിലീപിന്റെ അഭിഭാഷകരും മറ്റും മൂംബൈയിലെ ലാബില്‍നിന്നുമൊബൈല്‍ ഫോണ്‍ തിരിച്ചു വാങ്ങാന്‍ പോയതിന്റെ സി.സി. ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. വിമാനത്താവളത്തിലെ ദൃശ്യങ്ങളാണു പ്രയോജനപ്പെട്ടത്‌. ലാബുമായി പരിചയപ്പെടുത്തിയതു മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ്‌ ചൊവ്വല്ലുരാണെന്നു ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയതും ഇതില്‍നിന്നാണ്‌. മുംബൈ വിമാനത്താവളത്തില്‍ സംഘത്തെ സ്വീകരിച്ചതു വിന്‍സെന്റായിരുന്നു.
ആദായ നികുതി മുന്‍ അസിസ്‌റ്റന്റ്‌ കമ്മിഷണറായ വിന്‍സെന്റ്‌ സി.ബി.ഐ. കുറ്റപത്രം നല്‍കിയ ഒരു അഴിമതിക്കേസിലെ പ്രതിയാണ്‌. തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരേ ആളാണെന്നും അദ്ദേഹം ആവശ്യപ്പെട്ട പ്രകാരമാണു സഹായം നല്‍കിയതെന്നും വിന്‍സെന്റ്‌ മൊഴി നല്‍കിയിട്ടുണ്ട്‌.
നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിനു പിന്നാലെയാണു ലാബ്‌ അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ്‌ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബൈയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ്‌ സമ്മതിച്ചു. വിന്‍സെന്റിനെ കേസില്‍ സാക്ഷിയാക്കുന്നതു പരിഗണനയിലുണ്ട്‌.
ദിലീപിന്റെ ഒരു ഫോണില്‍നിന്നു 12 നമ്പറുകളിലേക്കുള്ള 12 ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. 12 വ്യത്യസ്‌ത നമ്പറുകളിലേക്കുള്ള വാട്ട്‌സ്‌ആപ്പ്‌ ചാറ്റുകളാണ്‌ നശിപ്പിച്ചതെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. കേസുമായി ബന്ധമുള്ള നിര്‍ണായക വ്യക്‌തികളുടേതാണ്‌ ഈ നമ്പറുകള്‍. ജനുവരി 30-ന്‌ ഉച്ചയ്‌ക്ക്‌ ഒന്നരക്കും രണ്ടരക്കും ഇടയിലാണു തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്‌. ജനുവരി 31 നു ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്‌. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫോറന്‍സിക്‌ സയന്‍സ്‌ ലാബിന്റെ സഹായം ക്രൈം ബ്രാഞ്ച്‌ തേടിയിട്ടുണ്ട്‌.
മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍വച്ചു നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ലാബില്‍ നടത്തിയ പരിശോധനയിലാണു നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്‌. മുംബൈയിലെ ലാബ്‌ സിസ്‌റ്റം ഇന്ത്യാ ലിമിറ്റഡില്‍നിന്നു ഫോണിലെ വിവരങ്ങള്‍ ഒരു ഹാര്‍ഡ്‌ ഡിസ്‌കിലേക്കു പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച്‌ തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ലാബ്‌ സ്വന്തം നിലയില്‍ തയാറാക്കിയ ഫോണുകളുടെ ഫോറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ടും പോലീസ്‌ സംഘം ശേഖരിച്ചിട്ടുണ്ട്‌. ഇതിന്റെ പകര്‍പ്പ്‌ ലാബ്‌ ദിലീപിന്റെ അഭിഭാഷകര്‍ക്കും കൈമാറി.
മൊബൈലില്‍ പോലീസ്‌ എന്തെങ്കിലും കൃത്രിമം കാട്ടിയാല്‍, തിരിച്ചറിയാനായാണു സ്വന്തം നിലയില്‍ ഫോണ്‍ പരിശോധിച്ചതെന്നാണു ദിലീപിന്റെ വാദം. ഇക്കാര്യം ഈയാഴ്‌ച എതിര്‍ സത്യവാങ്‌മൂലത്തില്‍ കോടതിയെ അറിയിക്കും. നടിയെ ആക്രമിച്ച കേസില്‍ തന്റെ ഫോണില്‍ കൃത്രിമം നടത്തി കള്ളത്തെളിവുണ്ടാക്കിയാണു തനിക്കെതിരേ പോലീസ്‌ കുറ്റപത്രം തയാറാക്കിയത്‌. പോലീസിനെ വിശ്വാസമില്ലാത്തതിനാലാണ്‌ ഇത്തവണ സ്വന്തം നിലയില്‍ പരിശോധിച്ചു റിപ്പോര്‍ട്ട്‌ വാങ്ങിയതെന്നും ദിലീപ്‌ കോടതിയെ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here