വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ സ്വീകരിക്കാനെത്തിയില്ലെങ്കിൽ ലോൺ നൽകില്ലെന്ന് ഭീഷണി..! ഘോഷയാത്രയിലും പൊതുപരിപാടിയിലും പങ്കെടുക്കാത്തവർക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്നും കുടുംബശ്രീ പ്രസിഡന്റ്; വാട്സാപ്പ് ചാറ്റുകൾ പുറത്ത്

0

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എത്താത്തവർക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന് ഭീഷണി. വി ശിവൻകുട്ടിക്ക് പൗര സ്വീകരണം എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് നിർദ്ദേശം. തിരുവല്ലം കുടുംബശ്രീ സിഡിഎസ് പ്രസിഡന്റാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. വാട്സാപ്പ് ഗ്രൂപ്പിലേക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.

പൊതുപരിപാടിയിലും ഘോഷയാത്രയ്‌ക്കും എത്താത്ത അംഗങ്ങൾക്ക് ലോൺ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകില്ലെന്ന് സിഡിഎസിൽ നിന്ന് അറിയിച്ചതായാണ് വാട്സാപ്പ് സന്ദേശത്തിൽ പറയുന്നത്. ഓരോ കുടുംബശ്രീയിൽ നിന്നും അഞ്ച് മുതൽ 10 വരെയുള്ള അംഗങ്ങൾ ചിത്രാഞ്ജലി ജംഗ്ഷനിൽ എത്തേണ്ടതാണ്. ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് മാത്രമെ സിഡിഎസ്സിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ എന്നും സന്ദേശത്തിൽ പറയുന്നു.

ഏപ്രിൽ 20നാണ് ചടങ്ങ് നടക്കുന്നത്. ഘോഷയാത്ര കഴിഞ്ഞുള്ള പൊതുപരിപാടിയിലും എല്ലാവരും പങ്കെടുക്കണം. ടൂവീലർ ഉള്ളവർ അങ്ങനെ ചടങ്ങിലെത്തണമെന്നും നിർദ്ദേശമുണ്ട്. ശിവൻകുട്ടിയ്‌ക്ക് പൗരസ്വീകരണം എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാലും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സിപിഐഎം എൽപിഎസ് പാച്ചല്ലൂർ ബ്രാഞ്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply