ജ്വല്ലറി മുതൽ സ്ത്രീയെ പിന്തുടർന്ന് മോഷ്ടാക്കൾ; നടുറോഡിൽ ഇറങ്ങി നിന്ന് സഹായത്തിനായി അപേക്ഷിച്ചു; വാഹനം ഇടിപ്പിച്ചുള്ള കവർച്ചയിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

0

ലൊസാഞ്ചലസ്: നടുറോഡിൽ സ്ത്രീയെ വാഹനം ഇടിച്ച് തെറിപ്പിച്ച് കവർച്ച നടത്തിയ മോഷ്‌ടാക്കൾ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലൊസാഞ്ചലസ് പൊലീസ് പുറത്തു വിട്ടു. മോഷ്‌ടാക്കൾക്കായി തിരച്ചിൽ ശക്തമാക്കിയതായി ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു. ഇരയെ പിന്തുടർന്ന് കവർച്ച നടത്തുന്ന സംഭവങ്ങൾ യുഎസിൽ വ്യാപകമായിരിക്കുകയാണെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്‌ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ജ്വല്ലറിൽ നിന്നിറങ്ങി വന്ന സ്ത്രീയെ മുഖംമൂടി ധാരികളായ മോഷ്ടാക്കൾ പിന്തുടരുകയായിരുന്നു. എന്നാൽ ഇവരെ മറികടന്ന് സ്ത്രീ കാർ ഓടിച്ചു മുന്നോട്ടു പോകാൻ തുനിഞ്ഞുവെങ്കിലും പിന്നാലെയെത്തിയ സംഘം യുവതിയുടെ ഡ്രെവിങ് സീറ്റിനോടു ചേർന്നുള്ള വിൻഡോ ആയുധം ഉപയോഗിച്ച് തകർത്തു.

ഗതാഗതക്കുരുക്കായതിനാൽ മോഷ്ടാക്കളുടെ പിടിയിൽ അകപ്പെടുമെന്നു ഉറപ്പായതോടെ സ്ത്രീ കാറിൽ നിന്നിറിങ്ങി ഓടി. നടുറോഡിൽ ഇറങ്ങി നിന്ന് സഹായത്തിനായി അപേക്ഷിക്കുകയും ചെയ്തു. ഒരു കാർ സ്ത്രീ തടഞ്ഞു നിർത്തിയെങ്കിലും സഹായിച്ചില്ല. പിന്നാലെ സ്ത്രീയെ പിന്തുടർന്ന് കാറിലെത്തിയ മോഷ്ടാക്കൾ സ്ത്രീയെ ഇടിച്ചു തെറിപ്പിച്ചു. തോക്കുമായി സ്ത്രീയ്ക്കു സമീപം അക്രമികൾ എത്തിയതോടെ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വാച്ച് സ്ത്രീ റോഡിലേക്കു എറിഞ്ഞു. മോഷ്‌ടാക്കൾ വാച്ചെടുത്തതിനു ശേഷം സ്ത്രീയെ റോഡിൽ ഉപേക്ഷിച്ചു കടന്നു കളയുന്നതും വിഡിയോയിൽ വ്യക്തമാണ്.

സ്ത്രീ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടതായി ലൊസാഞ്ചലസ്‌ പൊലീസ് അറിയിച്ചു. കവർച്ചക്കാർ രണ്ടുപേരും മുഖംമൂടി ധരിച്ചിരുന്നു. അക്രമികളിൽ ഒരാൾ കറുത്ത ടീ ഷർട്ടും കറുത്ത പാന്റ്സുമാണ് ധരിച്ചിരുന്നത്. ഇയാൾക്ക് 5 അടി 11 ഇഞ്ചോളം പൊക്കമുണ്ട്. കറുത്ത ജാക്കറ്റും നീല നിറത്തിലുള്ള ജീൻസുമാണ് രണ്ടാമൻ ധരിച്ചിരുന്നു. ഇരുവരും മുഖംമൂടി ധരിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു. യുഎസിൽ അടുത്തിടെ ഇരയെ പിന്തുടർന്ന് വീടുകളിലും മറ്റ് സ്ഥലങ്ങളിലുമെത്തി കവർച്ച നടത്തുന്ന സംഭവങ്ങൾ വ്യാപകമാകുകയാണെന്നും ജനങ്ങൾ ജാഗത പാലിക്കണമെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു.

Leave a Reply