യോഗി 2.0 ടീമില്‍ ആരൊക്കെ?

0

യോഗി 2.0 ടീമില്‍ ആരൊക്കെ?; അവസാന നിമിഷം വരെ സസ്‌പെന്‍സ് ; ‘വിളി’ കാത്ത് നേതാക്കളുടെ നീണ്ട നിര

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് യുപിയില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുന്നത്. ലഖ്‌നൗവിലെ എബി വാജ്‌പോയി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഉള്‍പ്പെടെ 60 വ്യവസായ പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. അറുപതിനായിരത്തിലേറെ പേര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കിയിട്ടുണ്ട്.

അതേസമയം മന്ത്രിസഭയിലെ പുതിയ മന്ത്രിമാരെ സംബന്ധിച്ചുള്ള സസ്‌പെന്‍സ് തുടരുകയാണ്. നീല്‍ കാന്ത് തിവാരി വീണ്ടും മന്ത്രിസഭയിലിടംപിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ഉത്തരാഖണ്ഡ് ഗവര്‍ണറും പ്രമുഖ ദലിത് നേതാവുമായ ബേബി റാണിമൗര്യക്ക് മന്ത്രിസഭയില്‍ സുപ്രധാന ചുമതല ലഭിച്ചേക്കും. റായ് ബറേലി എംഎല്‍എ സ്വാതി സിങ്, നോയ്ഡ എംഎല്‍എ പങ്കജ് സിങ് തുടങ്ങിയവരും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യോഗി ആദിത്യനാഥിനൊപ്പം ഉപമുഖ്യമന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മുന്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ്വര്‍ ശര്‍മ്മ മത്സരിച്ചുമില്ല. ഈ സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിപദത്തിലേക്ക് പുതുമുഖങ്ങള്‍ എത്തുമോ എന്നതും ബിജെപി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നു.

ബിജെപി നേതാക്കളായ ബ്രിജേഷ് പഥക്, നന്ദോപാല്‍ നന്ദി, സിദ്ധാര്‍ത്ഥ് നാഥ് സിങ്, ശ്രീകാന്ത് ശര്‍മ്മ, ജിതിന്‍ പ്രസാദ, സതീഷ് ശര്‍മ്മ, പ്രമീള പാണ്ഡെ, എ കെ ശര്‍മ്മ തുടങ്ങിയവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗോരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജയും നടന്നു. സിനിമാതാരം അമിതാഭ് ബച്ചന്‍, യോഗ ഗുരു ബാബാ രാംദേവ്, കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി, നടന്‍ അനുപംഖേര്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply