കിഫ്‌ബിയുടെ പോക്ക്‌ ശരിയല്ലെന്ന്‌ വീണ്ടും സി.എ.ജി…വാദി പ്രതിയായി; ഇ.പി. ‘വിമാനത്തില്‍’ കുടുങ്ങി!…
‘ആശാന്‍’ തിരുത്തി; മുഖ്യമന്ത്രി പെട്ടു…ഇല്ല, കേരളത്തില്‍ ശരിയാവില്ല: ഇ.ഡി…ദേശദ്രോഹി ആരെന്ന്‌ ഞാന്‍ പറയാം: സ്വപ്‌ന… രണ്ടാം പിണറായി സർക്കാരിന് കണ്ടകശനി

0

വിമാനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസുകാരെ കൈയേറ്റം ചെയ്‌ത സംഭവത്തില്‍ ഇ.പി. ജയരാജനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്‌, നിയമസഭയില്‍ കെ.കെ. രമയെ അധിക്ഷേപിച്ച എം.എം. മണിയെ തിരുത്തിച്ച്‌ സ്‌പീക്കറുടെ റൂളിങ്‌, എം. ശിവശങ്കര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത്‌ കേസ്‌ ബംഗളുരുവിലേക്കു മാറ്റാന്‍ ഇ.ഡി. നീക്കം, കിഫ്‌ബിയുടെ കടബാധ്യതയും സാമൂഹിക പെന്‍ഷന്‍ കമ്പനിയുടെ വായ്‌പയും സര്‍ക്കാരിന്റെ “അക്കൗണ്ടി”ല്‍ത്തന്നെയെന്നു സി.എ.ജി, സ്വര്‍ണക്കടത്ത്‌ കേസില്‍ മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ ഇന്ന്‌ കൂടുതല്‍ തെളിവ്‌ നല്‍കുമെന്ന്‌ പ്രതി സ്വപ്‌ന സുരേഷ്‌…
വിവിധ വിഷയങ്ങളില്‍ സംസ്‌ഥാനസര്‍ക്കാരിന്‌ ഇന്നലെ തിരിച്ചടികളുടെ പരമ്പരയായിരുന്നു.

വാദി പ്രതിയായി; ഇ.പി. ‘വിമാനത്തില്‍’ കുടുങ്ങി!

മുഖ്യമന്ത്രിക്കെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച കേസ്‌ കോടതിയില്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഊരാക്കുടുക്കായി. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ്‌ ചുമത്തിയ വധശ്രമം, ഗൂഢാലോചന വകുപ്പുകള്‍ അവരെ കൈയേറ്റം ചെയ്‌ത ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗങ്ങള്‍ എന്നിവര്‍ക്കെതിരേയും ചുമത്താന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു. കോടതി ഉത്തരവുപ്രകാരം ജയരാജന്‍, മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗം സുനീഷ്‌, ഗണ്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ വലിയതുറ പോലീസ്‌ കേസെടുത്തു.

‘ആശാന്‍’ തിരുത്തി; മുഖ്യമന്ത്രി പെട്ടു

കെ.കെ. രമയ്‌ക്കെതിരേ നിയമസഭയില്‍ നടത്തിയ വിവാദപരാമര്‍ശം സ്‌പീക്കറുടെ റൂളിങ്ങിനേത്തുടര്‍ന്ന്‌ എം.എം. മണി പിന്‍വലിച്ചു. വിമാനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസുകാരെ കൈയേറ്റം ചെയ്‌ത ഇ.പി. ജയരാജനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക്‌, മണി വിവാദത്തിലും അടിതെറ്റി. രമയ്‌ക്കെതിരേ മണി നടത്തിയ പരാമര്‍ശത്തെ അന്നുതന്നെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചിരുന്നു. അതാണു സ്‌പീക്കറുടെ റൂളിങ്ങോടെ പൊളിഞ്ഞത്‌.
‘മനുഷ്യരുടെ നിറം, ശാരീരികപ്രത്യേകതകള്‍, പരിമിതികള്‍, തൊഴില്‍, കുടുംബപശ്‌ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍, ജീവിതാവസ്‌ഥകള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള പരിഹാസപരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനികലോകത്ത്‌ അപരിഷ്‌കൃതമായാണു കണക്കാക്കപ്പെടുന്നത്‌’-സ്‌പീക്കര്‍ എം.ബി. രാജേഷ്‌ പറയുന്നു.

ഇല്ല, കേരളത്തില്‍ ശരിയാവില്ല: ഇ.ഡി.

കേരളത്തില്‍ വിചാരണ നടന്നാല്‍ സ്വര്‍ണക്കടത്ത്‌ കേസ്‌ അട്ടിമറിക്കപ്പെടുമെന്ന ആശങ്കയില്‍ ഇ.ഡിയുടെ നിര്‍ണായകനീക്കം. കേസ്‌ കേരളത്തിനു പുറത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ ബംഗളരുവിലേക്കു മാറ്റണമെന്നാണു ട്രാന്‍സ്‌ഫര്‍ ഹര്‍ജിയിലെ ആവശ്യം. ഇ.ഡിയുടെ അപ്രതീക്ഷിതനീക്കം സംസ്‌ഥാനസര്‍ക്കാരിനു പുതിയ വെല്ലുവിളിയായി.

ദേശദ്രോഹി ആരെന്ന്‌ ഞാന്‍ പറയാം: സ്വപ്‌ന

സ്വര്‍ണക്കടത്ത്‌ കേസ്‌ വിചാരണ കേരളത്തിനു പുറത്തായാല്‍ നല്ല കാര്യമെന്നു പ്രതി സ്വപ്‌ന സുരേഷ്‌. തനിക്കെതിരേ ദേശദ്രോഹക്കുറ്റമാരോപിച്ച മുന്‍മന്ത്രി കെ.ടി. ജലീലിനെതിരേ ഇന്ന്‌ കോടതിയില്‍ തെളിവ്‌ നല്‍കും. ആരാണു ദേശദ്രോഹം ചെയ്‌തതെന്ന്‌ അപ്പോള്‍ വ്യക്‌തമാകുമെന്നും സ്വപ്‌ന.

കിഫ്‌ബിയുടെ പോക്ക്‌ ശരിയല്ലെന്ന്‌ വീണ്ടും സി.എ.ജി.

കിഫ്‌ബി എടുക്കുന്ന കടത്തിന്റെ ബാധ്യത സര്‍ക്കാരിനാണ്‌. 9273.24 കോടി രൂപയാണ്‌ ബജറ്റിനു പുറത്തുനിന്നു കേരളം കടമെടുത്തത്‌. മൊത്തം കടം 3,24,855.06 കോടിയായി. ഇത്‌ ഭാവിതലമുറയ്‌ക്കു ഭാരമാകും. ഈ പോക്ക്‌ പോയാല്‍ കടം ഇനിയും കുമിഞ്ഞുകൂടും. പലിശ കൊടുക്കലിനു തന്നെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നല്ലപങ്ക്‌ വേണ്ടിവരും. – സി.എ.ജി. റിപ്പോര്‍ട്ട്‌

Leave a Reply