ആര്‍എസ്എസ് ഇടപെട്ടു, പാലക്കാട് ബിജെപിയില്‍ സമവായം; പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വരവേല്‍പ്പ്, ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

പാലക്കാട്: ജില്ലാ പ്രസിഡന്റ് നിയമനത്തെച്ചൊല്ലി പാലക്കാട് ബിജെപിയിലുണ്ടായ കലാപത്തില്‍ സമവായം. യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ആര്‍എസ്എസ് ഇടപെട്ടതോടെയാണ് ഇടഞ്ഞു നിന്ന വിമതര്‍ അനുനയത്തിന് തയ്യാറായത്. പ്രശാന്തിനെ പ്രസിഡന്റാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നിന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ രാജിവെക്കില്ലെന്ന് അറിയിച്ചു.

രാജി വെയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചെങ്കിലും ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ള വിമതപക്ഷം നടപടിയില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കടുത്ത എതിര്‍പ്പിനെ മറികടന്ന് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍, സംസ്ഥാന നേതാവ് ജെ പ്രമീളാ ദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രശാന്ത് ശിവന്‍ ചുമലയേറ്റത്.

ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാനമേല്‍ക്കാനെത്തിയ പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വന്‍ സ്വീകരണമാണ് നല്‍കിയത്. ചെണ്ടമേളവും പുഷ്പവൃഷ്ടിയും നടത്തിയാണ് പ്രശാന്ത് ശിവനെ എതിരേറ്റത്. സംസ്ഥാന നേതാവ് സി കൃഷ്ണകുമാര്‍ തന്റെ നോമിനിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികിക്കയറ്റുകയാണെന്ന് വിമതപക്ഷം ആരോപിച്ചിരുന്നത്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരെ, നഗരസഭ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാരാണ് രാജി സന്നദ്ധത അറിയിച്ചിരുന്നത്.

ജില്ലാ പ്രസിഡന്റ് പദവിയില്‍ നിയമിക്കുന്നതില്‍ പാര്‍ട്ടിയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രശാന്ത് ശിവനെ നിയമിച്ചിട്ടുള്ളത്. 45-നും 60 നും ഇടയിലായിരിക്കണം പ്രായം. ബിജെപിയില്‍ ആറു വര്‍ഷം സജീവ അംഗത്വം ഉണ്ടായിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ പ്രശാന്തിന് 35 വയസ് മാത്രമാണ് പ്രായമെന്നും, നാലു വര്‍ഷം മാത്രമാണ് പ്രശാന്തിന് ബിജെപിയില്‍ സജീവ അംഗത്വവുമുള്ളത്. ചില നേതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതെന്നും വിമത പക്ഷം ആരോപിക്കുന്നു.

ഞെട്ടലിൽ നെന്മാറ; കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്നു പ്രതി.

ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

കാരറ്റ് തൊണ്ടയിൽ കുരുങ്ങി; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയിൽ കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ്‌ മരിച്ചത്.

പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു; രോഗബാധിതരുടെ എണ്ണം 101 ആയി, 16 പേര്‍ വെന്റിലേറ്ററില്‍, ഒരു മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ഇതില്‍ 68 പുരുഷന്മാരും 33 സ്ത്രീകളും ഉള്‍പ്പെടുന്നു. 16 പേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് രോഗം പ്രധാനമായും പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സോളാപൂര്‍ സ്വദേശിയായ ഇയാള്‍ പൂനെയില്‍ വന്നിരുന്നു, അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.

ബാക്ടീരിയ, വൈറല്‍ അണുബാധകളാണ് ജിബിഎസിലേക്ക് നയിക്കുന്നത്. രോഗബാധ രോഗികളുടെ പ്രതിരോധശേഷി നശിപ്പിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നാഡികളെ ബാധിക്കുന്ന രോഗം മൂലം ശരീരം തളരുന്നതു വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗപ്പകര്‍ച്ച കണക്കിലെടുത്ത് രോഗബാധ വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്; ആക്രമണം അര്‍ദ്ധരാത്രിയോടെ

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്ക്. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) പരിക്കേറ്റത്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്ന് ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.

‘ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഓപ്പറേഷൻ വയനാട് ദൗത്യം തുടരും’; എ.കെ ശശീന്ദ്രൻ

പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാമെന്നും മന്ത്രി പറഞ്ഞു.

ഇതോടെ ഇത്തരം ദൗത്യങ്ങൾ നിർത്താൻ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ സ്‌പെഷ്യൽ ഓപ്പറേഷൻ ഉണ്ടാകും.ഇതിനായുള്ള ക്രമീകരണങ്ങൾ ഉടൻ നടത്തും. സംശയമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തുമെന്നും ഓപ്പറേഷൻ വയനാട് രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങൾക്ക് പോസ്റ്റ്മോർട്ടത്തിലൂടെയേ വ്യക്തത വരൂ. ഓപ്പറേഷൻ വയനാടിൻ്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളിൽ തുടരും. പിലാക്കാവിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയത്. 17 ലധികം ക്യാമറകളിൽ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മാത്രമെ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ആഴത്തിലുള്ള മുറിവാണ് കടുവയ്ക്കുള്ളത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് നിഗമനം.

വയനാട്ടിലെ കടുവ ചത്തനിലയില്‍; ജഡം കണ്ടെത്തിയത് പിലാക്കാവില്‍

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി. നരഭോജി കടുവ തന്നെയാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കടുവയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. ദൗത്യസംഘത്തിന്റെ വെടിയേറ്റിട്ടാണോ കടുവ ചത്തതെന്നത് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. ഇന്നലെ ആര്‍ആര്‍ടി സംഘത്തിലെ ജയസൂര്യയെ മേല്‍ കടുവ ആക്രമിച്ചിരുന്നു. അപ്പോള്‍ മറ്റു സംഘാംഗങ്ങള്‍ വെടിവെച്ചിരുന്നു. എന്നാല്‍ വെടി കൊണ്ടില്ലെന്നായിരുന്നു സംഘത്തിന്റെ നിഗമനം. കടുവയുടെ ആക്രമണത്തിൽ പഞ്ചാരക്കൊല്ലി സ്വദേശി രാധ കൊല്ലപ്പെട്ടിരുന്നു.

കടുവയെ പിടികൂടാനുള്ള സ്പെഷൻ ഓപ്പറേഷൻ കണക്കിലെടുത്ത് പ്രദേശത്ത് 48 മണിക്കൂർ കർഫ്യൂ എർപ്പെടുത്തിയിരുന്നു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ അടച്ചിടണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരാനില്ലെന്ന്  കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ച് കെ.സുരേന്ദ്രൻ.

പി.എസ് ശ്രീധൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് 2020 ഫെബ്രുവരി 15 ന് കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായത്. രണ്ട് ടേമുകളിലായി 5 വർഷം ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് കെ.സുരേന്ദ്രൻ. സുരേന്ദ്രൻ്റെ 5 വർഷം ഒറ്റ ടേം ആയി പരിഗണിക്കണമെന്ന് സുരേന്ദ്രൻ പക്ഷവും, രണ്ട് ടേം ആയി കണക്കാക്കണമെന്ന് മറുപക്ഷവും വാദിക്കുന്നതിനിടയിലാണ് ഇനി പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചത്.  

എന്നാൽ സുരേന്ദ്രൻ തന്നെ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്.   സാധിക്കില്ലെന്നാണ് സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.   സുരേന്ദ്രന് പകരക്കാരനായി രാജീവ് ചന്ദ്രശേഖർ, എം. ടി രമേശ്, ശോഭ സുരേന്ദ്രൻ, വി. മുരളീധരൻ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.

എന്നാൽ തൃശൂർ ലോക്‌സഭ സീറ്റ് ഉൾപ്പടെ ലഭിച്ച സാഹചര്യത്തിൽ സുരേന്ദ്രൻ തുടരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. പ്രസിഡൻ്റ് പദവി വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തുടരണമെന്ന് ആവശ്യപെട്ടാൽ പാർട്ടിയിൽ സുരേന്ദ്രൻ കൂടുതൽ ശക്തനാകും.

അതേ സമയം, സംഘടനക്ക് ഏറ്റവും വലിയ വളർച്ച ഉണ്ടായത് വി മുരളീധരൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണെന്നും, മുരളീധരനെ വീണ്ടും അധ്യക്ഷനാക്കിയാൽ സംഘടന തലത്തിൽ വലിയ വളർച്ച ഉണ്ടാക്കുമെന്നും പുനഃസംഘടന സംബന്ധിച്ച യോഗങ്ങളിൽ ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.  

മഴ വരുന്നൂ… ഈ 2 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: പകൽ ചൂടിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴ സജീവമായേക്കുമെന്നാണ് സൂചന.

വ്യാഴാഴ്ച 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുപ്പതാം തിയതി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യവില കൂടും; വർധനവ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലവർധനവ് നിലവിൽ വന്നു.  62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിച്ചത്.

പത്തു രൂപ മുതൽ 50 രൂപ വരെയാണ് വർധിച്ചത്. ജനപ്രിയ ബ്രാൻഡായ ജവാന് പത്തു രൂപ വർധിച്ചിട്ടുണ്ട്. മദ്യവിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം.

സ്പിരിറ്റിന് വില കൂടിയ പശ്ചാത്തലത്തിലാണ് മദ്യ കമ്പനികളുടെ ആവശ്യപ്രകാരം വില വർധിപ്പിച്ചത്.

അസംസ്‌കൃത വസ്തുക്കൾക്ക് വില വർധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.

ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വർധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്കോ ആവശ്യപ്പെട്ടിരുന്നു. അതേസമയം  45 കമ്പനികളുടെ 17 ബ്രാൻഡുകൾക്ക് വില കുറഞ്ഞു.  

റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്; റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍. സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികള്‍ സമരത്തിന് ഒരുങ്ങുന്നത്.

ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.  മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്നാണ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ശമ്പളം വര്‍ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു. ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞ സര്‍ക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനാണ് റേഷന്‍ വ്യാപാരികളുടെ നീക്കം.

റേഷന്‍ വ്യാപരികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാരിന് നിഷേധാത്മക നിലപാട് ആണെന്ന് റേഷന്‍ വ്യാപാരി സമരസമിതി കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീണര്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യണം എന്ന് വ്യാപാരികള്‍ ആഗ്രഹിച്ചിട്ടില്ല. നിലവിലെ വേതനം കൊണ്ട് ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് റേഷന്‍ വ്യാപാരികള്‍ കട അടച്ചു സമരം ചെയ്യുന്നതൊന്നും ജോണി നെല്ലൂര്‍  പറഞ്ഞു.

റേഷന്‍ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷന്‍ വിതരണം സ്തംഭിക്കും.

‘സന്ദീപ് വാര്യര്‍’ ഓപ്പറേഷന്‍ ഫലം കാണുമോ? പാലക്കാട് ബിജെപിയില്‍ ഇന്ന് നിര്‍ണായകം

പാലക്കാട്: കടുത്ത പ്രതിസന്ധി തുടരുന്ന പാലക്കാട് ബിജെപിയില്‍ ഇന്ന് നിര്‍ണായകം. നഗരസഭയിലെ ബിജെപി ഭരണം അടക്കം തുലാസിലാക്കിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പ്രശാന്ത് ശിവനെ ജില്ല പ്രസിഡന്റ് ആക്കാനുള്ള തീരുമാനമാണ് പ്രതിസന്ധി തുടങ്ങിവച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തോട് ഇടഞ്ഞ 9 ബി ജെ പി കൗണ്‍സിലര്‍മാര്‍ ഇന്ന് പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് സി കൃഷ്ണകുമാറിന്റെ ബിനാമിയായ പ്രശാന്ത് ശിവനെ അംഗീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വിമതര്‍. അതേസമയം പാലക്കാട് ബിജെപിയിലെ പ്രതിസന്ധി സന്ദീപ് വാര്യര്‍ ഓപ്പറേഷനിലൂടെ ഗുണമാക്കാമെന്ന ചിന്തയിലാണ് കോണ്‍ഗ്രസ്. വിമതര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് നീക്കുപോക്ക് ഉണ്ടാക്കുമെന്ന് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നു.

കടലിൽ കുളിക്കാനിറങ്ങി, തിരയിൽപെട്ടു; നാല് പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം

0

കോഴിക്കോട്: തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്.
ഒരാളെ രക്ഷിച്ചു. ഇയാൾ അതീവ ​ഗുരുതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൽപ്പറ്റയില്‌ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരു ക്ലബ്ബിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ്. 22 പേരടങ്ങിയ സംഘമാണ് വന്നതെന്നാണ് പ്രാഥമിക വിവരം. ഇവരിൽ അഞ്ച് പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇവനാണ് കൊൽക്കത്തയിലെ റിപ്പബ്ലിക് പരേഡിൽ താരമായ ‘സഞ്ജയ്’; ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ ‘മ്യൂൾ

0

കൊൽക്കത്ത: കൊൽക്കത്തയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ താരമായി ഇന്ത്യൻ ആർമിയുടെ റൊബോട്ടിക് നായ മ്യൂൾ ( മൾട്ടി യൂറ്റിലിറ്റി ല​ഗ്ഡ് എക്യുപ്മെന്റ് ). ഈ റോബോട്ടിക് നായക്ക് പേരിട്ടിരിക്കുന്നത് സഞ്ജയ് എന്നാണ്. കുത്തനെയുള്ള കുന്നുകളും കോണിപ്പടികളും അനായാസം കയറാൻ ഈ റോബോട്ടിക് നായയ്ക്ക് കഴിയും. അതിനാൽ വിവിധ സൈനിക ഓപ്പറേഷനുകളിൽ ഉപയോ​ഗിക്കാവുന്ന തരത്തിലാണ് ഇവയെ നിർമ്മിച്ചിരിക്കുന്നത്.

കെമിക്കൽ-ബയോളജിക്കൽ-ന്യൂക്ലിയാർ യുദ്ധ മേഖലകളിലും വിവിധങ്ങളായ സുരക്ഷാ സാഹചര്യങ്ങളിലും ഈ റോബോട്ടിക് നായയെ ഉപയോ​ഗിക്കാൻ കഴിയും. റോബോട്ടിക് നായകൾക്ക് 15 കിലോ​ഗ്രാം വരെ പേലോഡ് വഹിക്കാനും 40 മുതൽ 55 ഡി​ഗ്രി സെൽഷ്യസ് വരെ താപനിലയിൽ പ്രവർത്തിക്കാനും കഴിയും. കഠിനമായ തണുപ്പ് മുതൽ മരുഭൂമിയിലെ കൊടും ചൂട് വരെയുള്ള എല്ലാ ചുറ്റുപാടുകളിലും മ്യൂളുകൾക്ക് അതിജീവിക്കാൻ കഴിയും. ആധുനിക സൈനിക പ്രവർത്തനങ്ങളിൽ റോബോട്ടിക്സ് എത്രത്തോളം സ്വാധീനം വഹിക്കുന്നു എന്നതിന്റെ തെളിവാണ് റിപ്പബ്ലിക് പരേഡിലെ മ്യൂളിന്റെ സാന്നിധ്യം.

ഇത്തരം റോബോട്ടിക് നായ്ക്കളെ വിദൂരമായും സന്ദർഭങ്ങൾക്കനുസരിച്ച് തത്സമയ തീരുമാനങ്ങളെടുക്കുന്ന രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയും. ബോംബ് നിർവ്വീര്യമാക്കൽ പോലുള്ള ഉയർന്ന അപകട സാധ്യതയുള്ള സാഹചര്യങ്ങളിലും ഉപയോഗിക്കാം. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ ഉയർന്ന വേ​ഗതയിൽ സഞ്ചരിക്കാനും മറ്റുമായി ഏറ്റവും നൂതനമായ സെൻസറുകളും ക്യാമറകളും ആക്യുവേറ്ററുകളുമാണ് മ്യൂളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. പ്രതിരോധ മേഖല ശക്തിപ്പെടുന്നതിൽ ആധുനിക സാങ്കേതിക വിദ്യയെ രാജ്യം എത്രത്തോളം ഉപയോ​ഗപ്പെടുത്തുന്നു എന്നതിന്‍റെ തെളിവ് കൂടിയാണ് മ്യൂളിന്റെ പരേഡിലെ സാന്നിധ്യം. റിപ്പബ്ലിക് പരേഡിൽ റോബോട്ടിക് നായയെ പങ്കടുപ്പിക്കുന്നതിനായി ദിവസങ്ങൾക്ക് മുൻപ് തന്നെ പരിശീലനങ്ങൾ നടത്തിയിരുന്നു. ഇതുവരെ നൂറോളം റോബോട്ടിക് നായകളെ വിവിധ യൂണിറ്റുകളിലായി വിന്യസിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ആർമി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ് പതാക ഉയർത്തിയതോടെയാണ് കൊൽക്കത്തയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് നായിബ് സുബേദാർ രജനീഷിന്റെ നേതൃത്വത്തിൽ പരേഡ് നടന്നു. മുഖ്യമന്ത്രി മമത ബാനർജി ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ്, പശ്ചിമ ബം​ഗാൾ പൊലിസ്, കൊൽക്കത്ത പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഗ്രൂപ്പ് എന്നിവരുടെ സംഘങ്ങളും പരേഡിൽ പങ്കെടുത്തു.

വ്യാജ സ്വർണം നല്‍കി പറ്റിച്ച കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി; ഏഴംഗ സംഘത്തെ പിടികൂടി പൊലീസ്

0

കൊച്ചി: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി ആലുവ റൂറല്‍ ജില്ലാ പൊലീസ്. ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. വ്യാജ സ്വര്‍ണം കച്ചവടം ഉറപ്പിക്കാനാണ് ഗോമയ്യയും സുഹൃത്തും ആലുവയില്‍ എത്തിയത്. അല്‍ത്താഫ്, മുഹമ്മദ് ആരിഫ്, മുഹമ്മദ് അമല്‍, ആദില്‍ അസിഫ്, സിജോ ജോസ്, ഹൈദ്രാസ്, ഫാസില്‍ മൂത്തേടത്ത് എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം നല്‍കി ഗോമയ്യ മുമ്പും ഇവരെ കബളിപ്പിച്ചിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.