സജി സഹോദരനെ കൊന്നത് കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മാതാവിനെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും കൊലപ്പെടുത്തി

ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതി സജി നടത്തിയത് ക്രൂര കൊലപാതകമെന്ന് പൊലീസ്. സഹോദരന്‍ റെജിയെ മര്‍ദിച്ചതിന് ശേഷം കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് സജി കൊലപ്പെടുത്തിയത്. അമ്മ മേരിക്കുട്ടിയെ മുഖത്തിടിച്ചും ഭിത്തിയിലേക്കെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ടുദിവസം വീടിന് പുറത്ത് ഗ്രീന്‍ നെറ്റില്‍ പൊതിഞ്ഞ് സൂക്ഷിച്ചെന്നും മൂന്നാം ദിവസം അര്‍ധരാത്രിയ്ക്ക് ശേഷമാണ് കുഴിച്ചിട്ടതെന്നുമാണ് സജി പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്.

ഈ മാസം നാലാം തിയതിയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. സഹോദരന്‍ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് ഒളിവില്‍ പോയ സജി വീടിന് സമീപത്തെ മലമുകളില്‍ കഴിയുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും പരിശോധനകളെല്ലാം സജി കൃത്യമായി മനസ്സിലാക്കി. ഒടുവില്‍ പിടിയിലാകുമെന്ന് ഉറപ്പിച്ചതോടെ മലയിറങ്ങി. ഒളിവില്‍ കഴിഞ്ഞിരുന്ന സജിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ തിരച്ചിലാണ് പിടികൂടിയത്. മാതാവ് മേരിക്കുട്ടിയെയും, സഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് സജി പൊലീസിന് നല്‍കിയ മൊഴി.2018 -ല്‍ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും പൊലീസ് പുനരന്വേഷണം നടത്തും.

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും KSEB വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി.

നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം.പത്ത് വർഷം നീണ്ട അവകാശവാദങ്ങളുടെ എല്ലാം ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചത്. വൈദ്യതി വിതരണ പ്രസരണ ശൃംഘലയുടെ ആഘാതം ഒഴിവാക്കാൻ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം.

ഗൂഗിൾ ഡ്രൈവ് ഇല്ലാതെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യാം; പുതിയ ഫീച്ചറുമായി മെറ്റ എത്തുന്നു

ലോകമെമ്പാടുമുള്ള വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി സുപ്രധാനമായ ഒരു മാറ്റം മെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇനി മുതൽ ഗൂഗിൾ ഡ്രൈവ് ഇല്ലാതെ തന്നെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യാനുള്ള സൗകര്യമാണ് ലഭ്യമാകുക. ഉപയോക്താക്കളുടെ സ്വകാര്യതയും സൗകര്യവും മുൻനിർത്തിയാണ് ഈ പുതിയ നീക്കം.

നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റുകൾ സൂക്ഷിക്കാൻ ഗൂഗിൾ ഡ്രൈവ് നിർബന്ധമാണ്. എന്നാൽ പുതിയ അപ്ഡേറ്റ് വരുന്നതോടെ ഫോണിലെ തന്നെ സ്റ്റോറേജിലേക്ക് ചാറ്റുകൾ സേവ് ചെയ്യാൻ സാധിക്കും. ഇത് വഴി ഗൂഗിൾ ഡ്രൈവിലെ സ്പേസ് ലാഭിക്കാൻ ഉപയോക്താക്കൾക്ക് കഴിയും.

ക്ലൗഡ് സ്റ്റോറേജിനെ ആശ്രയിക്കാതെ തന്നെ ചാറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പലപ്പോഴും ഗൂഗിൾ ഡ്രൈവ് സ്റ്റോറേജ് പരിധി അവസാനിക്കുന്നത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാകാറുണ്ട്. ഈ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരമാണ് വാട്ട്‌സ്ആപ്പ് ഇപ്പോൾ കൊണ്ടുവരുന്നത്.

ചാറ്റുകൾ ഒരു ഫോണിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റുന്നതും ഇതോടെ കൂടുതൽ എളുപ്പമാകും. ഇന്റർനെറ്റ് സഹായമില്ലാതെ തന്നെ ലോക്കൽ ബാക്കപ്പ് വഴി വിവരങ്ങൾ കൈമാറാൻ സാധിക്കും. പുതിയ ഫീച്ചർ വരുന്നതോടെ വാട്ട്‌സ്ആപ്പ് സെറ്റിംഗ്സിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

വാട്ട്‌സ്ആപ്പ് ബീറ്റ വേർഷനുകളിലാണ് ഈ ഫീച്ചർ ഇപ്പോൾ പരീക്ഷിച്ചുവരുന്നത്. വൈകാതെ തന്നെ ഇത് സാധാരണ ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങും. ഡാറ്റ സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മെറ്റ ഉറപ്പുനൽകുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷ ലോക്കൽ ബാക്കപ്പിനും ലഭ്യമാകും. ഇത് വഴി മറ്റാർക്കും നിങ്ങളുടെ ചാറ്റുകൾ ചോർത്താൻ കഴിയില്ല. ഉപയോക്താക്കൾക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് ബാക്കപ്പ് രീതി തിരഞ്ഞെടുക്കാം.

ഗൂഗിൾ ഡ്രൈവിൽ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കാൻ ഇനി കൂടുതൽ സ്ഥലം ലഭിക്കും. വാട്ട്‌സ്ആപ്പ് ബാക്കപ്പുകൾ വൻതോതിൽ സ്റ്റോറേജ് അപഹരിക്കുന്നത് ഇതോടെ ഒഴിവാക്കാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും.

വൈഫൈ കണക്ഷൻ ഇല്ലാത്ത സമയത്തും ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഈ സൗകര്യം സഹായിക്കും. ഡാറ്റ ലാഭിക്കാനും ഇന്റർനെറ്റ് വേഗത കുറഞ്ഞ സ്ഥലങ്ങളിൽ ബാക്കപ്പ് ഉറപ്പാക്കാനും ഇത് ഉപകരിക്കും. വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ പുതിയ മാറ്റം സഹായിക്കും.

വാട്ട്‌സ്ആപ്പ് ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്കും സമാനമായ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഒരേപോലെ ഈ സേവനം ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൂടുതൽ ലളിതമായ ഇന്റർഫേസായിരിക്കും ഈ ഫീച്ചറിന് നൽകുക.

സെറ്റിംഗ്സിൽ ചാറ്റ് ബാക്കപ്പ് എന്ന വിഭാഗത്തിൽ പുതിയ ഓപ്ഷനുകൾ ദൃശ്യമാകും. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഗൂഗിൾ ഡ്രൈവിൽ നിന്നും ലോക്കൽ സ്റ്റോറേജിലേക്ക് മാറാം. വരും ദിവസങ്ങളിൽ ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ഇതിന്റെ അപ്ഡേറ്റ് എത്തും.

സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: അതിക്രമത്തിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം; കുറ്റപത്രം ഉടൻ

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. കേസില്‍ ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയതായും ഉടൻ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്ഐടി വ്യക്തമാക്കി. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതായി തെളിവില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടന്‍ ബോബി കുര്യനെയും സഹസംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിട്ടുണ്ട്. അതിജീവിതയെ ഭീഷണിപ്പെടുത്തിയതായി തെളിവില്ലെങ്കിലും, കേസിന് മുമ്പ് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇതിനിടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടി രഞ്ജിത്ത് കോടതിയെ സമീപിക്കാനാണ് തീരുമാനം. ജില്ലയ്ക്ക് പുറത്തേക്ക് പോകാന്‍ അനുമതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഹര്‍ജി നാളെ സമര്‍പ്പിക്കും. ലൈംഗികാതിക്രമ കേസില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് 10 ദിവസത്തെ ജയില്‍വാസത്തിന് ശേഷം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിനെ വിട്ടയച്ചിരുന്നു. ആരോഗ്യനില പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് രഞ്ജിത്ത് കോടതിയെ അറിയിച്ചു.

ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റില്‍ യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഏപ്രില്‍ ഒന്നിന് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴയില്‍ വച്ച് സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പരാതി തള്ളിക്കളഞ്ഞ രഞ്ജിത്ത്, സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കേസിന് പിന്നിലെന്നാണ് വാദിച്ചത്. എന്നാല്‍ കേസില്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

മുൻവൈരാഗ്യം ഇല്ല, ലോൺ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ല: ഡോ. എൻ.കെ. റാം ഹൈക്കോടതിയിൽ

കൊച്ചി:  നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി.

റാമിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്. 

നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു.

നിതിൻ രാജിന്റെ രക്ഷിതാവ് പരാതി നൽകിയത് കേട്ടുകേൾവികളുടെ അടിസ്ഥാനത്തിലാണ്. മറ്റ് ചിലരുടെ സമ്മർദ്ദവും പരാതി നൽകുന്നതിന് പിന്നിലുണ്ട്.

തനിക്കെതിരെ തെളിവുകൾ ഇല്ലെന്നും മാധ്യമ സമ്മർദ്ദം കാരണമാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതെന്നും റാമിന്റെ ഹർജിയിൽ പറയുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 100 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്.

22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 13,925 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോൾ 1,11,400 രൂപയായി. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു.

ഈ മാസം ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നാണ് രേഖപ്പെടുത്തിയത്. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,240 രൂപവരെ ഉയർന്നിരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 100 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്.

22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 13,925 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന്റെ വില ഇപ്പോൾ 1,11,400 രൂപയായി. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു.

ഈ മാസം ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നാണ് രേഖപ്പെടുത്തിയത്. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,240 രൂപവരെ ഉയർന്നിരുന്നു.

കത്തുന്ന ചൂട്; 10 വയസുകാരന് സൂര്യാതപമേറ്റു

കൊല്ലം: കൊല്ലം പോരുവഴിയിൽ 10 വയസുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി–കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് ഇന്നലെ സൂര്യാതപമേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കവേയാണ് കുട്ടിക്ക് സൂര്യാതപമേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

കൈ, തോൾ, താടി ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. തോളിലാണ് കൂടുതൽ പൊള്ളലേറ്റത്.

ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

താക്കീതുകൾക്ക് പുല്ലുവില! വണ്ടൂരിൽ വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ്

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടിപിടി കൂടരുതെന്ന് ഹൈക്കമാൻഡ് പറയാതെ പറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ്.

എ പി അനിൽകുമാറിന്റെ മണ്ഡലത്തിലാണ്  വി ഡി സതീശനെ അനുകൂലിച്ച്‌ ഫ്ലക്സ്‌ ബോർഡ് ഉയർന്നത്. മലപ്പുറം വണ്ടൂരിലാണ് ഫ്ലെക്സ് ബോർഡ്‌ സ്ഥാപിച്ചത്.

‘വി ഡി എസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്ന വാചകങ്ങളാണ് ഫ്ലക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വണ്ടൂർ ബൈപാസ് റോഡിലും പൂക്കളത്തുമാണ് നിലവിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. 

അമ്മയെയും സഹോദരനെയും വകവരുത്തി! നെടുങ്കണ്ടം കൊലപാതകത്തിൽ സജി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ പ്രതി സജി കുറ്റം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. പ്രതിയെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

ഇയാളെ  വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.  മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. 

മേരിക്കുട്ടി മാത്യുവിനെയും മകൻ റെജിയെയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാനില്ലായിരുന്നു. നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയപ്പോൾ  പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. ഇതാണ് നാട്ടുകാർക്ക് സംശയം തോന്നാൻ ഇടയായത്.

ഈ വിവരം മകളെ അറിയിക്കുകയായിരുന്നു. തുടർന്ന് മകൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതായിട്ടാണ് പൊലീസിന്‍റെ സംശയം. 

തിരിച്ചറിയാൻ പറ്റാത്ത വിധമാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.   ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ നേരിൽ കണ്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; തിങ്കളാഴ്ച ഉപയോഗിച്ചത് 118.26 ദശലക്ഷം യൂണിറ്റ് വൈദ്യുതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ.

ഇതുവരെയുണ്ടായ റെക്കോർഡുകൾ ഭേദിച്ച് പ്രതിദിന ഉപയോഗം 118.26 ദശലക്ഷം യൂണിറ്റിലെത്തി. ഈ മാസം 18ന് 117.15 ദശലക്ഷ യൂണിറ്റ് മറികടന്നതാണ് ഇതുവരെയുണ്ടായ ഏറ്റവും ഉയർന്ന അളവ്.

അതേസമയം വേനൽ കടുത്തതോടെ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്.

പതിനഞ്ച് മിനിട്ട് മുതല്‍ 30 മിനിട്ട് വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഉയര്‍ന്ന വൈദ്യുതി ആവശ്യം കെഎസ്ഇബി നേരിടുന്നത്.

പുറത്ത് നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പാകാതെ വന്നതോടെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. 

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ  വീഴ്ചയോ?

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ചയോ?. ഈ കടുത്ത വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം കൂടി ഉണ്ടായതോടെ പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങൾ.

വൈദ്യുത പ്രതിസന്ധി രൂക്ഷമാകാൻ കാരണം ബോർഡിന്റെ ഭാഗത്തു വന്ന ഗുരുതര വീഴ്ച്ചയാണെന്നാണ് കണ്ടെത്തൽ. പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്നു കരാറുകളുടെ കാലാവധിയും ഈ മാസം അവസാനിച്ചു. ഇത് മുൻകൂട്ടി കണ്ട് പുതിയ കരാർ ഉണ്ടാക്കുന്നതിൽ കെഎസ്ഇബി ഗുരുതര വീഴ്ച വരുത്തി.

വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും മുൻകൂട്ടി പുതിയ കരാർ ഉണ്ടാക്കിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി. ട്രാൻസ്ഫോർമറുകളുടെ ശേഷിയും കൂട്ടിയില്ല. പീക്ക് ലോഡ് വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. 


പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതിക്കായി ബുക്കിങ് നടത്താമായിരുന്നിട്ടും ഇതും ചെയ്തില്ല. ട്രാൻസ്ഫോമറുകളുടെ ശേഷി കൂട്ടുന്നതിലും വീഴ്ച ഉണ്ടായി. പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നത് ഇത് മൂലം ആണ്. ഓരോ കരാറും 200 മെഗാ വാട്ടിന്റേത് ആണ്. പുതിയ കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ഇല്ലാതായത് 600 മെഗാ വാട്ട് ആണ്. വൈദ്യുതി മിച്ചം ഉള്ളപ്പോൾ വിറ്റ് ആവശ്യ സമയത്ത് തിരികെ വാങ്ങുന്ന കരാർ ആണിത്.

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു

കൊച്ചി: പുതിയ ജീവിതം സ്വപ്നം കണ്ട യുവാവിനെ മരണം കവർന്നു!  വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചത് ഒരു നാടിനെ മുഴുവൻ ദുഖത്തിലാഴ്ത്തി.

തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ അന്നേ ദിവസം തന്നെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണ്‍(32) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച വിവാഹത്തിന് മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് നടന്നിരുന്നു. അതിന് ശേഷം ശാരീരീകാസ്വസ്ഥയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ്: ജോണ്‍, മാതാവ്: എല്‍സമ്മ, സഹോദരി: ജിനു മരിയ(ഓസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

പാമ്പുകടിയേറ്റ് തിങ്കളാഴ്ച 108 ആംബുലൻസിൽ മാത്രം ആശുപത്രിയിൽ എത്തിച്ചത് 21 പേരെ

തിരുവനന്തപുരം: സംസ്ഥാനത്ത്  പാമ്പുകടിയേറ്റ് തിങ്കളാഴ്ച 108 ആംബുലൻസിൽ മാത്രം 21 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി.

പാമ്പുകടിയേറ്റെന്ന സംശയത്തിൽ കോഴിക്കോട്-3, തിരുവനന്തപുരം-2, കോട്ടയം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തരേയും പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് അഞ്ച് പേരെയും തിരുവനന്തപുരം മൂന്ന് പേരെയും ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ രണ്ട് പേരെ വീതവും പാലക്കാടും വയനാടും കോട്ടയത്തുമായി ഓരോരുത്തരെയുമാണ് പാമ്പ് കടിയേറ്റ നിലയിൽ 108 ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതരസംസ്ഥാനക്കാരുടെയും പ്രവാസികളുടേയും കുട്ടികൾക്ക് ഇളവ്; രേഖകളില്ലെങ്കിലും സ്‌കൂൾ പ്രവേശനം തടയില്ല

എടപ്പാൾ: പുതിയ അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികൾക്ക് രേഖകളുടെ അഭാവം കാരണം പ്രവേശനം നിഷേധിക്കില്ല.

ജനന സർട്ടിഫിക്കറ്റോ ആധാറോ ഇല്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.

സംസ്ഥാന സിലബസിലെ എല്ലാ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂളുകളിലും മെയ് 2 മുതൽ പ്രവേശനം ആരംഭിക്കും.

രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുന്നതുവരെ താൽക്കാലികാടിസ്ഥാനത്തിൽ പ്രവേശനം നൽകും. സ്കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുത്.

വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ ആയതിനാലോ അസുഖം മൂലമോ മറ്റ് കാരണങ്ങളാലോ വാർഷിക പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി സ്കൂൾ തലത്തിൽ ഒരു പരീക്ഷ നടത്താനും അർഹരായവർക്ക് സ്ഥാനക്കയറ്റം നൽകാനുമുള്ള നടപടികളുമുണ്ട്.