മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ പൈധോനിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അബ്ദുള്ള ദൊക്കാര്‍ഡിയ (40), നസ്രീന്‍ ദൊക്കാര്‍ഡിയ (35), അയിഷ (16), സെയിനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 25 ന് രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ബിരിയാണിയും തണ്ണിമത്തനും കഴിച്ചത് മൂലമുണ്ടായ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏപ്രില്‍ 25 രാത്രി 10:30 ഓടെയാണ് ഒന്‍പതോളം ബന്ധുക്കള്‍ക്കൊപ്പം മരണപ്പെട്ടവര്‍ ബിരിയാണി കഴിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെ 1:30 ഓടെ ഇവര്‍ തണ്ണിമത്തനും കഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 26 പുലര്‍ച്ചെ 5:30 ന് നാല് പേര്‍ക്കും കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം അടുത്തുള്ള ആശുപത്രയില്‍ കാണിച്ചെങ്കിലും നില മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ നാല് പേരും മരണപ്പെടുകയായിരുന്നു.
ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മരണം സംഭവിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ അതോ മറ്റ് കാരണങ്ങളാണോ എന്ന് അറിയാന്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പൊതുവേ പഴകിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതോ, അല്ലെങ്കില്‍ രാസവസ്തുക്കളുടെ സാന്നിധ്യമോ ഇത്തരത്തിലുള്ള തീവ്രമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.
ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ പിടിവലി. കെ.സി. വേണുഗോപാലിനെതിരെ കടുത്ത നിലപാടുമായി വി.ഡി. സതീശനും രമേശ് ചെന്നിത്തല ക്യാംപുകൾ രംഗത്തെത്തി.
കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രി ആകുന്നതെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന നിലപാടിലാണ് ഇരുവരുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇരുവരും തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ അറിയിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്കാൾ കുറഞ്ഞ ഒരു സ്ഥാനവും തങ്ങൾക്ക് വേണ്ടെന്ന് ചെന്നിത്തല ക്യാമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തരമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തലയുടെ നീക്കം.
വി.ഡി. സതീശന് വേണ്ടിയും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പദവിയിലേക്ക് സതീശൻ്റെ പേര് ഉയർന്ന് വന്നാൽ മുസ്സീം ലീഗ് പിന്തുണയ്ക്കുമെന്നാണ് വിവരം.
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല
കൊച്ചി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല. ശിക്ഷാ വിധി കോടതി മരവിപ്പിക്കാന്‍ കോടതി തയ്യാറായില്ല. ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തളളി. കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും തളളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഹൈക്കോടതി അപ്പീല്‍ തളളിയത് ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
ആന്റണി രാജു രണ്ടാംപ്രതിയായ തൊണ്ടിമുതല്‍ കേസില്‍ മൂന്നുവര്‍ഷം തടവിനാണ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. മൂന്നുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാനായിരുന്നില്ല. ആന്റണി രാജു ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. കേസില്‍ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്.
മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. ‘ തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്’, എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ട്, സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിലെ ഇവിഎമ്മിൽ ആശങ്കയുണ്ടെന്ന് ചാണ്ടി ഉമ്മൻ. സ്ട്രോങ് റൂമിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌ട്രോങ് റൂമിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പരാതിപ്പെട്ടിരുന്നു. പരാതിപ്പെട്ടതിന് ശേഷം നടപടിയുണ്ടായി. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഒരേ ഹാളിൽ. സൗകര്യം കുറവ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഫലം വന്നതിനുശേഷം പറയാമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ചർച്ചകൾ, തങ്ങളുടെ പ്രസിഡന്റ് ആ ചർച്ചകൾക്ക് വിരാമമിട്ടു..ഒരു പ്രക്രിയ നടക്കുന്നതുകൊണ്ട് താൻ കൂടുതൽ ഒന്നും പറയുന്നില്ല. മെയ് 4 ന് താൻ പ്രതികരിക്കും. വോട്ടിങ് മെഷീൻ ഒന്നുകൂടി സുരക്ഷിതമായി സൂക്ഷിക്കണം ആയിരുന്നു. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒരു ഹാളിൽ വച്ചിരിക്കുകയാണ്.
നേതാക്കളെ പുകഴ്ത്തിയുള്ള സമൂഹമാധ്യമ പ്രചാരണത്തിൽ എന്താ തെറ്റ് എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. തന്റെയും ഹൈബി ഈഡന്റെയും വീഡിയോകളും ഉണ്ട്. നിങ്ങൾ അത് ശ്രദ്ധിക്കുന്നില്ല എന്നും ചാണ്ടി ഉമ്മൻ മറുപടി നൽകി.
പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ
മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ. ആയുധം കൊണ്ടാണ് പരുക്കെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ കാണുമ്പോൾ ആരോഗ്യമന്ത്രി അവശയായിരുന്നു.
സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേ ഭാരതിൽ കയറി പോകാൻ എനിക്ക് കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്‌പീക്കർ വിശദീകരിച്ചു. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികൾ സമരത്തിന് വന്നില്ല.
പങ്കെടുക്കുമ്പോൾ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്. ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിൻറെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരുമെന്നും എ എൻ ഷംസീർ വ്യക്തമാക്കി.
സ്പീക്കർ എന്ന നിലയിൽ അവസാനത്തെ പരിപാടിയാണ്. മൂന്നരവർഷത്തിൽ ഏറെ സ്പീക്കർ ആയി ഇരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്കാരങ്ങൾ നടപ്പാക്കി. പൊതുജനങ്ങൾക്കായി സഭ തുറന്ന് കൊടുത്തു. ലൈബ്രറിയും പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.പുസ്തകോത്സവം സംഘടിപ്പിച്ചു. സാമാജികർ സഭയെ ഗൗരവമായി കാണണമെന്ന് ഷംസീർ പറഞ്ഞു.
ഇതാണ് ഇനി വരാൻ പോകുന്നവരോട് പറയാൻ ഉള്ളത്. സമാജികർ സഭക്ക് ഉള്ളിൽ ഇരിക്കണം .രണ്ട് ഭാഗത്തും ഈ സ്ഥിതി ഉണ്ട്. പുതിയതായി വരുന്ന MLA മാർ സഭയെ ഗൗരവമായി കാണണം. സ്പീക്കർ ആയി ഇരുന്നപ്പോൾ ഏറെ അഭിമാനം ഉണ്ടായി. പാർട്ടിയും ജനവും ഏല്പിച്ച ദൗത്യം നല്ല രീതിയിൽ ചെയ്തു.
ഭരണ പ്രതിപക്ഷ വ്യത്യമില്ലാതെ സഭക്ക് ഉള്ളിൽ നടക്കുന്ന പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ചു. രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകും. തുടർഭരണം ഉറപ്പ് എന്നും ഷംസീർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് പിന്തുണ V D സതീശനെന്ന് വാർത്ത; ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ മറ്റ് നേതാക്കൾ
കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചയിൽ ഘടക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ നേതാക്കൾ. ലീഗ് പിന്തുണ വി.ഡി സതീശനാണെന്ന വാർത്തയെ തുടർന്നാണ് നീക്കം. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പിക്കുന്നത് അനുകൂല ഘടകമായും എന്ന കണക്കുകൂട്ടലിലാണ് നീക്കം. ലീഗ് സംസ്ഥാന കമ്മിറ്റിയിൽ സതീശന് അനുകൂലമായി നടന്ന ചർച്ചയിലാണ് കോൺഗ്രസിൽ അമർഷം രൂപപ്പെട്ടത്.
ലീഗ് കോൺഗ്രസിൻ്റെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിലാണ് അമർഷം. ലീഗിൻ്റെ നിലപാട് മുന്നണി മര്യാദയ്ക്ക് ചേർന്നതല്ലെന്നും വിമർശനം. UDF ഭരണം വന്നാൽ ലീഗ് തീരുമാനം എടുക്കമെന്ന രാഷ്‌ട്രീയ എതിരാളികളുടെ ആക്ഷേപം ശരിവെക്കുന്ന നടപടിയാണിതെന്നും നേതാക്കൾ വിമർശിച്ചു.
2021-ലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം യുഡിഎഫിനെ രാഷ്ട്രീയമായി പുനരുജ്ജീവിപ്പിക്കാൻ വി.ഡി സതീശൻ നടത്തിയ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. മുന്നണിയെ ഒറ്റക്കെട്ടായി നയിച്ച് അധികാരത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഹൈക്കമാൻഡ് പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ പക്ഷം.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുകൂലമായ ജനവികാരം ഹൈക്കമാൻഡ് പരിഗണിക്കണമെന്ന നിലപാടിലാണ് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‍ലിം ലീഗ്. ജനങ്ങളുടെ താൽപര്യം മാനിച്ചുകൊണ്ടുള്ള തീരുമാനമായിരിക്കണം കോൺഗ്രസ് കൈക്കൊള്ളേണ്ടതെന്ന് ലീഗ് നേതൃത്വം സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ ജനവികാരത്തിന് മുൻഗണന നൽകണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. വി.ഡി സതീശന് അനുകൂലമായ തരംഗം താഴെത്തട്ടിലും പൊതുസമൂഹത്തിലും നിലനിൽക്കുന്നുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഘടകകക്ഷികളുടെ ഈ അഭിപ്രായം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്
നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധി പാർക്ക് വരെ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്തത് മുതൽ ആരോപണ വിധേയരായ അധ്യാപകർ ഡോക്ടർ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിച്ചപ്പോൾ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഡോക്ടർ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ റാം ഒരുങ്ങുന്നത്.
അതേസമയം, നിതിൻ രാജിനെതിരെ ജാതി അധിക്ഷേപമോ, ജാതിയുടെ പേരിൽ അപമാനമൊ നടന്നതായി തെളിവില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷകളിൽ തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടെ നിരീക്ഷണം. വിദ്യാർഥികളോടുള്ള ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കി ഉള്ളതല്ല. ലോൺ ആപ്പുകാരുടെ ഭീഷണിയും, പ്രിൻസിപ്പാളിന്റെ മുറിയിലെ ചോദ്യം ചെയ്യലും, തുടർന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിധിയിൽ ഉണ്ട്. നിതിൻ രാജിനെ കൂട്ട വിചാരണ ചെയ്യുമ്പോൾ പ്രിൻസിപ്പലിന്റെ മുറിക്ക് സമീപം റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പറഞ്ഞാണ് തലശ്ശേരി കോടതി റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.
ബസുകളിൽ ഇനി ‘കെ.എൽ-15’ കുടിവെള്ളം; വിൽപ്പനയ്ക്ക് കണ്ടക്ടർമാർക്ക് കമ്മീഷൻ, എതിർപ്പുമായി യൂണിയനുകൾ
തിരുവനന്തപുരം: വരുമാന വർദ്ധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബസുകളിൽ കുടിവെള്ള വിൽപ്പന ആരംഭിക്കുന്നു. ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ ഒരു കുപ്പി വെള്ളത്തിന് 13 രൂപ നിരക്കിലാകും യാത്രക്കാർക്ക് ലഭിക്കുക. സർക്കാർ കുടിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുപ്പിവെള്ളം വിൽക്കുന്നതിലൂടെ കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും വീതം കമ്മീഷനായി ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ബസുകളിൽ കുടിവെള്ളം വിൽക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകളും കണ്ടക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇടയിൽ വെള്ളം വിൽക്കുന്നത് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, ഈ എതിർപ്പുകൾ മറികടക്കാൻ ആദ്യഘട്ടത്തിൽ കെ-സ്വിഫ്റ്റ് (K-SWIFT) ബസുകളിൽ കരാർ ജീവനക്കാരെ ഉപയോഗിച്ച് പദ്ധതി ഉടൻ ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്.
കുപ്പിവെള്ള വിൽപ്പന സുതാര്യമാക്കാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിലായിരിക്കും ഈ രജിസ്റ്റർ പരിപാലിക്കുക. ഓരോ തവണയും നൽകുന്ന കുപ്പികളുടെ എണ്ണം, സ്റ്റോക്ക് വിവരങ്ങൾ എന്നിവ ഇതിൽ രേഖപ്പെടുത്തണം. കണ്ടക്ടർമാർക്ക് നൽകുന്ന കുപ്പികളുടെ കണക്ക് ഇ.ടി.എം. (ETM) വേ-ബില്ലിൽ രേഖപ്പെടുത്തും. കൂടാതെ, ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം വീതം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി.ക്ക് ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം കൊണ്ടുവരുന്നത്. ദീർഘദൂര ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നത് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തുന്നത്. എന്നാൽ, തൊഴിലാളികളുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നു എന്ന പരാതി വരുംദിവസങ്ങളിൽ ശക്തമായേക്കും.
പുറത്ത് ചൂട്, അകത്ത് പവർകട്ട്; ജനങ്ങൾ ദുരിതത്തിൽ; കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ പുറത്തേക്ക് ഇറങ്ങിയാൽ ചൂട് സഹിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വീട്ടിനുള്ളിലേക്ക് കയറുമ്പോൾ പവർകട്ട് നേരിടേണ്ടി വരുന്നതായും, അകത്തും പുറത്തും പാമ്പ് ഭീഷണി ഉണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.
തലസ്ഥാന നഗരമായ തിരുവനന്തപുരം കുടിവെള്ള ക്ഷാമം മൂലം വലയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൈപ്പ് തുറക്കുമ്പോൾ വെള്ളം കിട്ടുമോ എന്നതല്ല, പാമ്പ് വരുമോ എന്ന ഭയമാണ് ഇപ്പോൾ ജനങ്ങൾക്ക് ഉള്ളതെന്ന് മുരളീധരൻ പറഞ്ഞു. നഗരത്തിൽ വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്തം മേയർക്കാണെന്നും, ഇപ്പോൾ കുടിക്കാനും കുളിക്കാനും പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണെന്നും, പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ മേയർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി സന്ദർശിച്ചിട്ടും യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളെയും മുരളീധരൻ പരിഹസിച്ചു. തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ഉണ്ടായ നിരാശ ഒഴിവാക്കാനാണ് ഇപ്പോഴത്തെ “വെടിക്കെട്ട്” നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നും പരിധി വിട്ട് പോകില്ലെന്നും, അടുത്ത ആഴ്ച ഈ സമയത്തോടെ കാര്യങ്ങൾ വ്യക്തമായേക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പരാമർശം.
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം?; 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ പവർകട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പിലാക്കാൻ തീരുമാനമായി. പീക്ക് ലോഡ് മാനേജ്മെൻ്റ് രീതിയിലാണ് നിയന്ത്രണം ഏർപ്പെടുത്തുകെന്ന് കെഎസ്ഇബി അറിയിച്ചു. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം വൈദ്യുതി ഉപഭോഗം കൂടുന്ന സമയങ്ങളിൽ പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം. ആവശ്യമായ സമയങ്ങളിൽ ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാൻ എസ്എംഎസ് സംവിധാനവും ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അംഗനവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.കോരഞ്ചിറ അംഗനവാടി ടീച്ചർ വിശാലക്കാണ് കടിയേറ്റത്.
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കടിയേറ്റത്. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകി അധ്യാപികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കായംകുളത്ത് 15 വയസുള്ള പെൺകുട്ടിക്കും പാമ്പ് കടിയേറ്റു. കായംകുളം എരുവ സ്വദേശിനിയായ വിദ്യാർഥിനിക്കാണ് പാമ്പുകടിയേറ്റത്.കുട്ടിയെ ഉടൻ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് ആന്റി വെനം നൽകി. 5 ഡോസ് നൽകിയതിന് ശേഷം കുട്ടിയെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ വിദ്യാർഥിനി ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന വിധം പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ പരസ്യപ്രസ്താവനകൾ നടത്താൻ പാടില്ല. അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽ നിന്നും മാറി നിൽക്കണം.
അല്ലാത്തപക്ഷം അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദ്ദേശം നൽകി. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധമായതെന്നും സണ്ണി ജോസഫ് പ്രസ്‌താവനയിൽ വ്യക്തമാക്കി.
സണ്ണി ജോസ്ഫ് പ്രസ്താവനയിലൂടെ അറിയിച്ചത്
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടുള്ളതല്ലെന്നും അത്തരം പ്രസ്താവനകൾ അനുചിതമായതിനാൽ എല്ലാവരും അതിൽനിന്ന് മാറി നിൽക്കണമെന്നും അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു.
ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടള്ളത്. ഇത്തരം ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും ഇക്കാര്യത്തിൽ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകാൻ കെപിസിസി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ട്രാന്‍സ്ഫോമറിനുള്ളില്‍ മലമ്പാമ്പ്! മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പിടിയില്‍; സംഭവം അങ്കമാലിയില്‍
കൊച്ചി: അങ്കമാലിയില്‍ ട്രാന്‍സ്ഫോമറിനുള്ളില്‍ കയറിയ മലമ്പാമ്പിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പിടികൂടി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപമുള്ള ട്രാന്‍സ്ഫോമറിലാണ് പാമ്പ് കയറിയത്. തോട്ടിലൂടെ ഇഴഞ്ഞുവന്ന പാമ്പ് ട്രാന്‍സ്ഫോമറിലേക്ക് കയറുന്നത് കണ്ട നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വലിയ അപകടസാധ്യത കണക്കിലെടുത്ത് ഉടന്‍ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അതീവ ജാഗ്രതയോടെ പാമ്പിനെ താഴെയിറക്കി ചാക്കിലാക്കുകയായിരുന്നു. വനമേഖലയില്‍ നിന്ന് തോട് വഴി പാമ്പ് ജനവാസ മേഖലയില്‍ എത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പെരുമ്പാവൂര്‍ മണ്ണൂര്‍ കുഴുരിലും സമാനമായ രീതിയില്‍ പാമ്പിനെ പിടികൂടിയിരുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാളത്തില്‍ ഇരുപതോളം മുട്ടകള്‍ക്ക് മുകളില്‍ അടയിരിക്കുകയായിരുന്ന മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. കുട്ടികള്‍ കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. വേനല്‍ച്ചൂട് കടുത്തതോടെ പാമ്പുകള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വര്‍ധിച്ചിരിക്കുകയാണ്.
നിതിന്‍ രാജിന്റെ മരണം; എം കെ റാമിന്റെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന്റെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഒന്നാം പ്രതിയായ റാമിന്റെ വാദങ്ങള്‍ തള്ളിയ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.എന്നാൽ പ്രതിയായ അധ്യാപിക സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
2026 ഏപ്രില്‍ 10-നാണ് തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശിയായ നിതിന്‍ ആത്മഹത്യ ചെയ്തത്.തങ്ങള്‍ക്ക് നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില്‍ വാദിച്ചത്. ഒരു ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയില്‍ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകള്‍ നിതിന്‍ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.
സംസ്ഥാനം ചൂടില്‍ വെന്തുരുകുമ്പോള്‍ ആശ്വാസമായി മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധനാഴ്ച നാല് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചു.
ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’യായി പരിഗണിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ചൂട് തുടരുകയാണ്. ഇന്നും നാളെയും (ശനി, ഞായര്‍) എവിടെയും ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെങ്കിലും, ഉയര്‍ന്ന താപനില തുടരാനാണ് സാധ്യത. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലത്ത് 30 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
ഉയർന്ന ചൂടും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ കടുത്ത അസ്വസ്ഥതയും ചൂടും അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു
