ജയസാധ്യത കുറവാണെന്ന് എല്ലാവർക്കും മുൻകൂട്ടി അറിയാമായിരുന്നു; പേരാവൂർ തോൽവിയിൽ അതൃപ്തി അറിയിച്ചു കെ കെ ശൈലജ

കണ്ണൂർ: പേരാവൂരിലെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സിപിഐഎമ്മിൽ ആഭ്യന്തര അതൃപ്തി ഉയരുന്നു. മത്സരിച്ച തീരുമാനത്തിനെതിരെ കെ കെ ശൈലജ സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത വിമർശനം ഉന്നയിച്ചതായാണ് റിപ്പോർട്ട്.

മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയതാണെന്നും, ജയസാധ്യത കുറവാണെന്ന് എല്ലാവർക്കും മുൻകൂട്ടി അറിയാമായിരുന്നുവെന്നും കെ കെ ശൈലജ യോഗത്തിൽ അഭിപ്രായപ്പെട്ടതായി ആണ് ലഭിക്കുന്ന വിവരം.

മുൻ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ശൈലജയ്ക്ക് ഈ തവണ പേരാവൂരിൽ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ പോയി. പല സിപിഐഎം ശക്തികേന്ദ്രങ്ങളിലും വോട്ട് ചോർച്ച ഉണ്ടായതായും വിലയിരുത്തപ്പെടുന്നു.

അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് നിരവധി ബൂത്തുകളിൽ ലീഡ് നേടിയതും നഗരസഭ ഉൾപ്പെടെയുള്ള മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കിയതും സിപിഐഎമ്മിന് തിരിച്ചടിയായി. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

അധ്വാനിക്കുന്നവര്‍ക്ക് ഫലം കിട്ടണമെന്നാണ് ആഗ്രഹം, മുഖ്യമന്ത്രിക്കായുള്ള പ്രചരണം നിര്‍ത്തണമെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിക്കായുള്ള പ്രചരണം നിര്‍ത്തണമെന്ന് വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍.

നേതാക്കന്മാര്‍ക്കായി ഫ്‌ലെക്‌സ്, പരസ്യം എന്നിവ വ്യാപകമായി സ്ഥാപിക്കുന്നത് മോശമാണെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കൂടി പരിഗണിച്ച് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും.

ഓരോ നേതാക്കള്‍ക്കും വേണ്ടി എത്ര ഫ്‌ളക്‌സ് വച്ചു, എത്ര പരസ്യം കൊടുത്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രി ആരുവേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

അധ്വാനിക്കുന്നവര്‍ക്ക് ഫലം കിട്ടണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നവരില്‍ നിന്ന് ഒരു പേര് പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ തന്റെ എല്ലാ അഭിപ്രായങ്ങളും തുറന്നുപറയുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം; സെബാസ്റ്റ്യന്‍ പോള്‍

നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയനെന്ന് ഇടത് സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായത്. ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എല്‍ഡിഎഫിനു വേണ്ടിയല്ല, ഒരു വ്യക്തിക്കു വേണ്ടിയാണ്.

തുടര്‍ഭരണം ജനാധിപത്യ സങ്കല്‍പ്പമല്ല. നല്ലൊരു തോല്‍വിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. സംശയത്തിന് ഇട നല്‍കാത്ത വ്യക്തതയോടെയുള്ള വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

സിപിഐഎമ്മിനെതിരെയുള്ള വോട്ടല്ല, പിണറായി വിജയനെതിരെയുള്ള വോട്ടാണ് കേരളത്തില്‍ ഉണ്ടായത്. എല്ലാ തോല്‍വിക്കും ഒരു ഉത്തരവാദി ഉണ്ടായിരിക്കും. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കണം. ഫെഡറല്‍ സംവിധാനത്തില്‍ ഒരു മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിന് പരിധികളുണ്ട്. പക്ഷെ അമിതാധികാരം, ആരാലും ചോദ്യം ചെയ്യപ്പെടാതെ താന്‍ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവം. അതിന്റെയൊക്കെ പരമകാഷ്ഠയിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും ശേഷം ആ രീതിക്കു മാറ്റം വന്നു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഉണ്ടോയെന്നു പോലും സംശയം തോന്നുന്നു. പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, പിണറായി വിജയന്‍ എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. അതു വലിയ തെറ്റായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ചുരുങ്ങിയ പക്ഷം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വാക്കുകളിലെങ്കിലും മിതത്വം പാലിക്കണം, മാന്യത കാണിക്കണം എന്നെങ്കിലും പാര്‍ട്ടി പറയണമായിരുന്നു. എതിരാളികള്‍ക്കെതിരെ എന്തും പറയുന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ അംഗീകരിക്കുകയേയില്ല. വീട്ടില്‍ പോയി ചോദിക്ക്… തുടങ്ങിയ പ്രയോഗങ്ങള്‍. അതിനേക്കാള്‍ മോശമായ പദപ്രയോഗം മുമ്പും പിണറായി വിജയന്‍ നടത്തിയിട്ടുണ്ട്. അതിനൊരു നിയന്ത്രണം വരുത്താനുള്ള അവസരം തെരഞ്ഞെടുപ്പാണ്. അത് ഭംഗിയായി ജനങ്ങള്‍ വിനിയോഗിച്ചു. ബംഗാളില്‍ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം മമത ബാനര്‍ജിയെ പുറത്താക്കിയപ്പോഴും സിപിഎമ്മിനെ തിരിച്ചു കൊണ്ടുവരാമെന്ന് ജനങ്ങള്‍ ചിന്തിച്ചിട്ടില്ല. പകരം ബിജെപിയാണ് ഭരണത്തില്‍ വന്നത്. സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.

ഭരണം മോശമായിരുന്നു എന്ന് തനിക്ക് അഭിപ്രായമില്ല. സാമാന്യം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായത് ഭരണത്തിനെതിരായ വിധിയെഴുത്ത് എന്നു പറയുന്നതിനോട് യോജിക്കുന്നില്ല, പിണറായി വിജയനെതിരായ വിധിയെഴുത്താണ് നടന്നതെന്ന് വ്യക്തതയോടെ തന്നെ മനസ്സിലാക്കണം. കഴിഞ്ഞ പത്തു വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമ എന്ന നിലയില്‍ ഇരുന്നയാള്‍, പ്രതിപക്ഷത്ത് ഒരു ന്യൂനപക്ഷത്തിന്റെ നേതാവായി ഇരിക്കാന്‍ മനസ്സുകൊണ്ട് തയ്യാറാവില്ലെന്ന് കരുതുന്നു. ചോദ്യങ്ങള്‍ കേള്‍ക്കുന്ന, നവീകരിക്കപ്പെടുന്ന സിപിഎം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നാല്‍ ബംഗാള്‍ കേരളത്തില്‍ ആവര്‍ത്തിക്കില്ല. അതിനുള്ള കെല്‍പ്പ് ഈ പാര്‍ട്ടിക്ക് ഇപ്പോഴുമുണ്ടെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും യോഗത്തിൽ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ നേതാവാര് എന്നതിലും ചർച്ച നടക്കും ഫലം വിലയിരുത്താൻ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമർശനത്തിന് സാധ്യതയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി വിജയൻ ഇന്ന് ക്ലിഫ് ഹൌസ് ഒഴിയും. എകെജി സെന്ററിന് സമീപത്തെ സിപിഐഎം പിബി അംഗങ്ങൾക്കായുള്ള ഫ്ലാറ്റിലേക്കാണ് പിണറായി വിജയൻ മാറുന്നത്.

തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച

ബേപ്പൂരിലെ തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട് എത്തി. സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച്ച നടത്തി.

ബേപ്പൂരിൽ ലീഗ് കാലുവാരിയെന്നത് വ്യാജ വാർത്തയെന്ന് വ്യക്തമാക്കിയ അൻവർ ലീഗ് തനിക്കൊപ്പം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു.

ബേപ്പൂർ മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിനു കാരണം ബിജെപി-സിപിഐഎം ധാരണ. പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞയാളാണ് വി.ഡി. സതീശനെന്നും, റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ വേണ്ടിയാണ് റിസ്ക് എടുത്ത് മത്സരിച്ചതെന്നും അൻവർ പറഞ്ഞു.

സിപിഎം വിട്ടവരുമായും വിടാൻ ഒരുങ്ങുന്നവരുമായും ചർച്ച നടത്തുമെന്നു പറഞ്ഞ അൻവർ യുഡിഎഫിന്‍റെ അനുമതിയോടെ അവർക്കായി പുതിയ പ്ലാറ്റ്‌ഫോം ഒരുക്കുമെന്നും വ‍്യക്തമാക്കി.

മന്ത്രിസ്ഥാനം മുൻഗണനയല്ല; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: മന്ത്രിസ്ഥാനം തന്റെ മുൻഗണനയല്ലെന്ന് വ്യക്തമാക്കി ചാണ്ടി ഉമ്മൻ. അതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവുമാണ് എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ തോൽവി യുഡിഎഫിന് മുന്നറിയിപ്പാണെന്നും, 10 വർഷത്തെ നേട്ടങ്ങൾ പോലും ജനങ്ങളോട് വ്യക്തമാക്കാൻ കഴിഞ്ഞില്ലെന്നതാണ് സർക്കാരിന്റെ വലിയ വീഴ്ചയെന്നും അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് തർക്കമൊന്നുമില്ലെന്നും, അഭിപ്രായ വ്യത്യാസം തർക്കമല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും വിമർശനം ഉന്നയിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് നടത്തുന്ന രീതി പരിഷ്കരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. പുതുപ്പള്ളിയിലടക്കം പല നിയമങ്ങളും പാലിക്കാതെയാണു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നതെന്നും ആരോപിച്ചു.

അതേസമയം, പുതുപ്പള്ളിയുടെ വികസനത്തിനായി ഐപിഎൽ നിലവാരത്തിലുള്ള സ്റ്റേഡിയം രണ്ടര വർഷത്തിനുള്ളിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും, പ്രദേശത്തെ ഐടി ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പദം: തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ട് കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും, കെ.സി. വേണുഗോപാലും, വി.ഡി.സതീശനും അവകാശവാദം ഉന്നയിച്ചതോടെ തീരുമാനം രാഹുൽഗാന്ധിക്ക് വിട്ടു.

ഇന്ന് രാവിലെ മുതൽ സോണിയാഗാന്ധിയുടെ വസതിയിൽ മൂന്ന് മണിക്കൂർ നീളുന്ന ചർച്ചകളാണ് നടന്നത്. കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.

അന്തിമ തീരുമാനം രാഹുൽ ഗാന്ധി എടുക്കട്ടെയെന്ന് കെ.സി.വേണുഗോപാലും, രമേശ് ചെന്നിത്തലയും പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ എംഎൽഎമാരുടെ അഭിപ്രായം തേടാൻ ധാരണയായി.

ആരാകും കേരളത്തിന്‍റെ മുഖ്യമന്ത്രി? പ്രഖ്യാപനം ഈ മാസം പത്തിനുള്ളിലെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിലെ  മുഖ്യമന്ത്രി പ്രഖ്യാപനം ഈ മാസം പത്തിനുള്ളിലെന്ന് സൂചന.നാളെ വൈകുന്നേരത്തോടെ നിരീക്ഷകർ നടപടികൾ പൂർത്തിയാക്കും.തുടർന്ന്, മറ്റന്നാൾ രാഹുൽഗാന്ധിക്കും, ഖർഗെക്കും റിപ്പോർട്ട് നൽകും.തുടർചർച്ചകൾക്കായി ദീപ ദാസ്മുൻഷിയും ദില്ലിയിലെത്തും. 

അതേസമയം, കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ തലസ്ഥാനത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്.

എംഎൽഎമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ അവകാശപ്പെട്ട് കെസി വേണുഗോപാല്‍ രംഗത്ത് വന്നിട്ടുണ്ട്.രമേശ് ചെന്നിത്തലയുടെ വാദങ്ങൾ നിരീക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ ഹൈക്കമാന്‍റ്  നിർദ്ദേശിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തമിഴ്നാട്ടിൽ വിജയുടെ സർക്കാർ; വിശ്വാസവോട്ടിൽ നിന്ന് മാറിനിൽക്കാൻ ഡിഎംകെ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ പുരോഗമിക്കുമ്പോൾ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സർക്കാർ രൂപീകരണത്തിന് വഴിയൊരുങ്ങുന്നു. 107 സീറ്റുകൾ ഉറപ്പാക്കിയ സാഹചര്യത്തിൽ മറ്റ് പാർട്ടികളുടെ പിന്തുണയും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ടിവികെ.

ഇതിനിടെ, ഡിഎംകെ ആദ്യഘട്ടത്തിൽ വിജയിയെ എതിർക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചന. വിശ്വാസവോട്ടിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കാനും സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബിജെപിയെ എതിർത്താണ് വിജയ് ഉയർന്നതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തെ നേരിട്ട് എതിർക്കേണ്ടതില്ലെന്നതാണ് പൊതുവികാരം.

ഭരണത്തിന് ആവശ്യമായ 118 സീറ്റുകൾക്കായി 11 സീറ്റുകൾ കൂടി വേണ്ട സാഹചര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണ തേടി വിജയ് മുന്നോട്ടുപോകുന്നു. ഇതിനായി കോൺഗ്രസ്, സിപിഎം, സിപിഐ എന്നിവർക്കെല്ലാം കത്തയച്ചിട്ടുണ്ട്.

ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. 5 സീറ്റുകളുള്ള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം വരെ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. കോൺഗ്രസ് പിന്തുണയോടെ ടിവികെയുടെ സീറ്റ് എണ്ണം 113 ആയി ഉയരും.

അതേസമയം, സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങൾ സംസ്ഥാന ഘടകങ്ങളുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ്. ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും പുറത്തുവച്ച് ഒരു സെക്യുലർ സർക്കാർ വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന വ്യവസ്ഥ.

മേയ് 7-ഓടെ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നന്ദി സഖാവേ”; മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത്. “നന്ദി സഖാവേ, കേരളത്തെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്ത് മുന്നില്‍ നിന്ന് നയിച്ചതിന്” എന്ന കുറിപ്പാണ് ലിജോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിണറായി വിജയന്റെ ചിത്രത്തോടൊപ്പം തന്നെയാണ് ഈ സന്ദേശവും പങ്കുവെച്ചത്.

അതേസമയം, തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ പിണറായി വിജയന്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഫലം വന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും സാമൂഹ്യമാധ്യമങ്ങളിലും പ്രതികരണം ഉണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന സൂചനയുണ്ട്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് കനത്ത തോല്‍വിയാണ് നേരിട്ടത്. യുഡിഎഫ് 102 സീറ്റുകളില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍, എൽഡിഎഫിന് 35 സീറ്റുകളിലേക്കാണ് ചുരുങ്ങേണ്ടി വന്നത്.

മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്ന് വി.ഡി. സതീശൻ പക്ഷം

കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ സതീശൻ പക്ഷം.നിരീക്ഷകർ എംഎൽഎമാരുടെ അഭിപ്രായം കേൾക്കുമ്പോൾ ദീപ ദാസ് മുൻഷി ഉണ്ടാകാൻ പാടില്ലെന്നാണ് സതീശൻ പക്ഷത്തിന്റെ ആവശ്യം.ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രിയെ നിർണയിക്കുന്ന ചർച്ചകളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്നും സതീശൻ പക്ഷം ഉന്നയിച്ചു.

എംഎൽഎമാരും എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രഹസ്യ സ്വഭാവം വന്നാൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയ്ക്കുമെന്നാണ് സതീശൻ പക്ഷം വ്യക്തമാക്കുന്നത്.

അതേസമയം, നിരീക്ഷകരെ ഒപ്പം നിർത്താനും ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കാനും കെ.സി. നീക്കം നടത്തുമെന്നും സൂചനയുണ്ട്. 46 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ.സി. വേണുഗോപാലിന്റെ അവകാശവാദം. ഒപ്പം നിൽക്കാൻ എംഎൽഎമാർക്ക് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണ്, യുഡിഎഫിന്‍റെ മിടുക്കല്ല: ജി സുകുമാരൻ നായർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യുഡിഎഫിന്‍റെ മിടുക്കല്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ചിലർ അവകാശപ്പെടുന്നത് അവരുടെ മാത്രം വിജയമാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാൻ വേണ്ടി വോട്ട് ചെയ്തതാണ്. അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി പ്രതിഫലിച്ചു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണം എന്ന് മാത്രം.ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻഎസ്എസ് ചൂണ്ടിക്കാണിക്കില്ല. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അവർ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

വി ഡി സതീശൻ എതിരെ എടുത്ത നിലപാട് തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചിട്ടില്ല. പറവൂരിലും എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. വി ഡി സതീശന്റെ ചില നിലപാടുകളോട് ഇപ്പോഴും ഇഷ്ടമില്ല. അത്തരം നിലപാടുകളോട് കാണിച്ചിട്ടുള്ള വിയോജിപ്പ് എൻഎസ്എസിന് ഇപ്പോഴുമുണ്ട്. അത്തരം സമീപനങ്ങൾ തിരുത്താൻ ഒന്നും സതീശനോട് ആവശ്യപ്പെടില്ല.വി ഡി സതീഷിനെയാണ് മുഖ്യമന്ത്രിയായി കോൺഗ്രസ് തീരുമാനിക്കുന്നെങ്കിൽ അതും സ്വീകരിച്ചല്ലേ പറ്റൂ എന്നും സുകുമാരൻ നായർ പ്രതികരിച്ചു.

KIIFB സിഇഒ കെ എം എബ്രഹാം രാജി വെച്ചു; ഭരണ മാറ്റത്തിന് പിന്നാലെ പടിയിറക്കം

എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല. ഭരണ മാറ്റത്തിന് പിന്നാലെ പടിയിറക്കം. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെഎം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെഎം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാഗമായാണ് കെഎം എബ്രഹാം ഇപ്പോൾ രാജി വെച്ചിരിക്കുന്നത്.

കെഎം എബ്രഹാം രാജിവെക്കുന്നതോടെ കിഫ്ബി പ്രവർത്തനം ഏത് രീതിയിൽ മുന്നോട്ട് പോകുമെന്നത് ശ്രദ്ധേയമാകും. ബജറ്റിതര വായ്പ സമ്പ്രദായ രീതിയിലും ഘടനയിലും മാറ്റങ്ങൾ സംഭവിക്കുമോയെന്നതാണ് ആകാംക്ഷയോടെ നോക്കി കാണുന്നത്. 98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധി പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

പൂർത്തിയായി കൊണ്ടിരിക്കുന്ന പദ്ധതികൾ വായ്പ കരാർ തുടങ്ങിയവ നിലനിൽക്കുന്നതിനാൽ യുഡഎഫ് സർക്കാരിന് കിഫ്ബി ഉടൻ നിർത്തലാക്കാനും കഴിയില്ല. അതിനാൽ കിഫ്ബി ഭാവി എന്താകുമെന്ന ചർച്ച സജീവമായിരിക്കെയാണ് സിഇഒ കെഎം എബ്രഹാം രാജിവെച്ചിരിക്കുന്നത്.

ആരാകും മുഖ്യമന്ത്രി? കോൺഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

വിസ്മയവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ആർക്ക് നറുക്ക് വീഴുമെന്നതിൽ രാഷ്ട്രീയ ആകാംക്ഷ. നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും. ഓൺലൈൻ യോഗം ചേരാനും സാധ്യത. നിയമസഭാ കക്ഷി യോഗത്തിൽ ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ഘടകകക്ഷികളെ കൂടെ നിർത്തി വി ഡി സതീശൻ വിഭാഗവും, അനുഭവപരിചയം പറഞ്ഞ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്നുണ്ട്.

മുഖ്യമന്ത്രിക്കാര്യത്തിൽ തീരുമാനം ഉടനെന്ന് കെ സി വേണുഗോപാലും പാർട്ടി പറയുംപോലെ പ്രവർത്തിക്കുമെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുഖ്യമന്ത്രി ആരെന്ന ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണായക യോഗം ഇന്ന്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുക്കും. ഡൽഹി വിമാനത്താവളത്തിൽ കെസിക്ക് പ്രവർത്തകർ വൻ സ്വീകരണമൊരുക്കി.

അതേസമയം മുസ്ലിം ലീഗ് മന്ത്രി സ്ഥാനം സംബന്ധിച്ച് മുന്നണി ചർച്ചകൾ തുടങ്ങി. മന്ത്രിസഭയിൽ ലീഗിന് നൽകി പോന്നിരുന്ന സീറ്റുകളിൽ അടിമുടി മാറ്റം വരും. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ്സ് ഏറ്റെടുക്കാൻ സാധ്യത. ലീഗിന് നിർണ്ണായക വകുപ്പുകളിൽ ഒന്നായ ആരോഗ്യം. ഉപമുഖ്യമന്ത്രി സ്ഥാനം ഏറെക്കുറെ ഉറപ്പായി. ആദ്യ തവണ മത്സരിച്ചവർക്ക് മന്ത്രി സ്ഥാനം നൽകില്ല. ജില്ലകളിലെ പ്രാധിനിത്യം ഉറപ്പാക്കണമെന്ന് സാദിക്കലി തങ്ങളുടെ താല്പര്യം.

മന്ത്രിസഭയിൽ ആരാരൊക്കെ? ബിസി ആനന്ദ് മുതൽ നടൻ ശ്രീനാഥ് വരെ; വിജയ്‍യുടെ സാധ്യതാ പട്ടിക പുറത്ത്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രപരമായ വിജയം നേടിയ തമിഴക വെട്രി കഴകം (ടിവികെ) ഭരണത്തിന് ചുക്കാൻ പിടിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടൻ വിജയ് രൂപീകരിക്കാൻ പോകുന്ന മന്ത്രിസഭയിലെ അംഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തമിഴകത്ത് സജീവമായിക്കഴിഞ്ഞു.

വിശ്വസ്തരും പാർട്ടിക്കായി താഴെത്തട്ടിൽ പ്രവർത്തിച്ചവരുമായ നേതാക്കൾക്ക് മന്ത്രിസഭയിൽ മുൻഗണന ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ്‍യുടെ വലംകൈ എന്നറിയപ്പെടുന്ന ബിസി ആനന്ദ് പട്ടികയിൽ ഒന്നാമതായുണ്ട്.

പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ ബിസി ആനന്ദിന് ഉപമുഖ്യമന്ത്രി പദമോ പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പോ ലഭിക്കാൻ സാധ്യതയുണ്ട്. പാർട്ടിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

സിനിമാ ലോകത്തുനിന്നും രാഷ്ട്രീയത്തിലേക്ക് വിജയ്‍ക്കൊപ്പം ഇറങ്ങിയ നടൻ ശ്രീനാഥും മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. വിജയ്‍യുടെ അടുത്ത സുഹൃത്തായ ശ്രീനാഥ് പ്രചാരണ വേളയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

മന്ത്രിസഭയിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പ്രാധാന്യം നൽകാനാണ് വിജയ്‍യുടെ തീരുമാനം. ഇതിലൂടെ ഒരു പുതിയ രാഷ്ട്രീയ സംസ്കാരം സംസ്ഥാനത്ത് കൊണ്ടുവരാൻ അദ്ദേഹം ലക്ഷ്യമിടുന്നു.

സാമൂഹിക നീതിക്കും വികസനത്തിനും ഊന്നൽ നൽകുന്ന ഒരു മന്ത്രിസഭയായിരിക്കും ടിവികെയുടേതെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓരോ സമുദായത്തിനും അർഹമായ പ്രതിനിധ്യം ഉറപ്പാക്കാൻ വിജയ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വിദഗ്ധരായവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അഴിമതി രഹിതമായ ഒരു ഭരണം കാഴ്ചവെക്കുമെന്ന് വിജയ് തന്റെ അണികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളുടെ കുടുംബ രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് വിജയ് അധികാരത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ തന്റെ മന്ത്രിസഭയിൽ അത്തരത്തിലുള്ള സ്വാധീനങ്ങൾ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പാക്കുന്നു.

വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ ലോകം ഉറ്റുനോക്കുമ്പോൾ തമിഴ്നാട്ടിലെ ഈ മാറ്റം ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ ചെന്നൈയിൽ തുടങ്ങിക്കഴിഞ്ഞു.

ചെന്നൈ, മധുര, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രാദേശികമായ വികസന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരെയാണ് വിജയ് തിരഞ്ഞെടുക്കുന്നത്.

പാർട്ടിയുടെ ഐടി സെൽ മേധാവികളും പ്രചാരണ വിഭാഗം തലവൻമാരും പുതിയ ഭരണകൂടത്തിൽ ഉപദേശക സ്ഥാനങ്ങളിൽ ഉണ്ടായേക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഭരണമാണ് വിജയ് വിഭാവനം ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിവിധ മേഖലകളിലുള്ളവരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. മികച്ച പ്രതിച്ഛായയുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് പാർട്ടിയുടെ ജനപ്രീതി വർദ്ധിപ്പിക്കും.

തമിഴ് സംസ്കാരവും ഭാഷയും സംരക്ഷിക്കുന്നതിനായി പ്രത്യേക വകുപ്പ് തന്നെ വിജയ്‍യുടെ ഭരണത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനായി സാംസ്കാരിക രംഗത്തുള്ള പ്രമുഖരെ പരിഗണിക്കുന്നു.

ഡിഎംകെ സർക്കാരിന്റെ കാലത്തെ പാളിച്ചകൾ പരിഹരിക്കുക എന്നതാണ് വിജയ്‍യുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനായി കരുത്തുറ്റ ഒരു ടീമിനെ തന്നെ അദ്ദേഹം സജ്ജമാക്കുന്നുണ്ട്.

മന്ത്രിസഭാ അംഗങ്ങളുടെ പ്രഖ്യാപനം ഉടൻ തന്നെ ടിവികെ ആസ്ഥാനത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ചലച്ചിത്ര താരങ്ങളെയും ക്ഷണിക്കും.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിനായി വനിതാ മന്ത്രിമാരുടെ എണ്ണം വർദ്ധിപ്പിച്ചേക്കാം. പാർട്ടിയുടെ വനിതാ വിഭാഗം നേതാക്കൾ ഇതിനോടകം തന്നെ വിജയ്‍യെ കണ്ട് തങ്ങളുടെ നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്.

തമിഴ്നാടിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സാമ്പത്തിക വിദഗ്ധരുടെ സഹായവും വിജയ് തേടുന്നുണ്ട്. കടബാധ്യതകൾ കുറയ്ക്കാനുള്ള നടപടികൾക്ക് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമുണ്ടാകും.

വിജയ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം പിറക്കും. മാറ്റം ആഗ്രഹിച്ച ജനങ്ങൾക്ക് മുന്നിൽ വികസനത്തിന്റെ പുതിയ പാത തുറക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. മന്ത്രിസഭയിലെ ഓരോ അംഗത്തിനും കൃത്യമായ ലക്ഷ്യങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.