വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

വാഹന രൂപമാറ്റത്തില്‍ മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പാണ് പാളുന്നത്. അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.

നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

എന്നാല്‍, വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമം റൂള്‍ 112 പ്രകാരം മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. വാഹനത്തിന്റെ നിറം, എഞ്ചിന്‍, ചേസിസ് ഫ്രെയിം എന്നിവ മാറ്റുന്നതിനും പ്രത്യേക അനുമതി വേണം. എല്‍പിജി – സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കാനും, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനും, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രൂപമാറ്റം വരുത്താനും ആര്‍ടിഒയുടെ അനുമതിയോടെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. വാഹന ആള്‍ട്ടറേഷന്‍ സംബന്ധിച്ച സുപ്രധാന വകുപ്പായ ‘സെക്ഷന്‍ 52’ പരാമര്‍ശിക്കാതെയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ മറികടക്കാതെയുള്ള വാഹന രൂപ മാറ്റത്തിനു മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുക.

അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍

സീറ്റ് കവര്‍
ഫ്ളോര്‍ മാറ്റ്
സ്റ്റിയറിംഗ് വീല്‍ കവര്‍
ക്രോം ഗാര്‍ണിഷ്
മഡ് ഫ്ളാപ്പുകള്‍
ബോഡി സ്റ്റിക്കറുകള്‍
ഇന്റീരിയര്‍ ആമ്പിയന്‍് ലൈറ്റിംഗ്
ഡാഷ് ക്യാമറ
റിവേഴ്സ് ക്യാമറ
പാര്‍ക്കിംഗ് സെന്‍സര്‍
ജിപിഎസ് ട്രാക്കര്‍
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം
അഡീഷണല്‍ സ്പീക്കറുകള്‍
ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം
ടോ ഹുക്കുകള്‍
റൂഫ് ക്യാരിയറുകള്‍
50% സുതാര്യമായ സണ്‍ ഫിലിം

ആര്‍സിയില്‍ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍

വാഹനത്തിന്റെ നിറം മാറ്റല്‍
എന്‍ജിന്‍ മാറ്റല്‍
എല്‍പിജി / സിഎന്‍ജി കിറ്റ് സ്ഥാപിക്കല്‍
ഇലക്ട്രിക്കാക്കി മാറ്റല്‍
ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍
ഷാസി ഫ്രെയിം മാറ്റല്‍

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 8 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (04/06/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ 05/06/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്.

മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതല്‍ തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ വരെ, കൊങ്കണ്‍-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു.

തെക്കന്‍ തെലങ്കാനയ്ക്കും അതിനോട് ചേര്‍ന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
വടക്കന്‍ ആന്‍ഡമാന്‍ കടലിനും അതിന്റെ സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

മുണ്ടത്തിക്കോട് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം ധനസഹായം നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം; തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനം.മന്ത്രിസഭാ യോഗത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 

കൂടാതെ, സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.

അതേസമയം, എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിതനിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുന്നു.

മധുവിന് നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടം തുടരാനാണ് സർക്കാർ തീരുമാനം.

മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് സന്ദർശിച്ചിരുന്നു.

കേസിൽ തുടർന്ന് സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചും സുപ്രിംകോടതിയിൽ നൽകേണ്ട അപ്പീലിനെക്കുറിച്ചും ഇവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ സർക്കാർ പൂർണ പിന്തുണയും നിയമസഹായവും നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി. 

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും ആംബുലൻസിന് വഴി നൽകാത്തവർക്കുമടക്കം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. പുതിയ നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താൻ ആർടിഒമാർക്ക് നിർദേശം നൽകും എന്നാണ് ലഭിക്കുന്ന വിവരം.

ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ ഒരു ദിവസത്തെ പരിശീലന ക്ലാസിലും നിർബന്ധമായും പങ്കെടുക്കണം. ലൈസൻസ് സസ്പെൻഡ് ചെയ്തവരുടെ വിവരങ്ങൾ സാരഥി പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

ആംബുലൻസിന് വഴി നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കൂടുതൽ കർശന നടപടിയാണ് സ്വീകരിക്കുക. ഇത്തരം കേസുകളിൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ പരിശീലന ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും.

മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ്, റോഡ് റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നൽകും. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കും മൂന്ന് മാസത്തെ ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നിർബന്ധമാകും.

അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് ആളപായമുണ്ടാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനൊപ്പം അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും നൽകും. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കൊച്ചി മെട്രോ മാസം 35 കോടി നഷ്ടത്തിലെന്ന് ധവളപത്രം

തിരുവനന്തപുരം:  കൊച്ചി മെട്രോ മാസം 35 കോടി നഷ്ടം നേരിടുന്നതായും ധവളപത്രത്തിൽ വ്യക്തമാക്കി.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ൽ 78,851 കോടി രൂപയായി ഉയർന്നുവെന്നാണ് ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക നഷ്ടത്തിൽ ഭൂരിഭാഗത്തിനും കാരണം കെഎസ്ആർടിസിയും കെഎസ്ഇബിയും വാട്ടർ അതോറിറ്റിയുമെന്ന് വി ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം വ്യക്തമാക്കിയിരുന്നു. അക്കൂട്ടത്തിലാണ് കൊച്ചി മെട്രോയുടെ നഷ്ടകണക്കും കാണിച്ചിരിക്കുന്നത്.

കരാറുകാരുടെ ബില്ലുകൾ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉൾപ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശിക സംസ്ഥാനത്തിനുണ്ട്.

ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാൽ 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണമായും സർക്കാരിന്റെ മേലാകുമെന്നും ധവളപത്രത്തിൽ പറയുന്നു.

‘പരാജയം അംഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്’; രാഷ്ട്രീയ പോരാട്ടം അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തെയും നയപ്രഖ്യാപന പ്രസംഗത്തെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധനവകുപ്പ് വസ്തുതാപരമായ പരിശോധന നടത്തിയ ശേഷമാണോ ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം നിയമസഭയിൽ ചോദിച്ചു.

‘പുതുയുഗ കേരളം’ എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്നും അതിന് അനുയോജ്യമായ കർമ്മപരിപാടികളോ വ്യക്തമായ പദ്ധതികളോ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പിണറായി ആരോപിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട സർക്കാർ നിലപാടോ നടപടിപദ്ധതിയോ രേഖയിൽ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പുതിയ പ്രഖ്യാപനങ്ങളോ വികസന കാഴ്ചപ്പാടുകളോ നയപ്രഖ്യാപനത്തിൽ ഇല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്നും എന്നാൽ അതോടെ രാഷ്ട്രീയ പോരാട്ടം അവസാനിച്ചുവെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കൂടുതൽ കരുത്തോടെയും ആത്മവിശ്വാസത്തോടെയും തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ അപൂർവ ധാതു ഖനനത്തിനും ഊർജ മേഖലയ്ക്കും സ്വകാര്യ നിക്ഷേപം; ധവളപത്രത്തിൽ ശുപാർശ

തിരുവനന്തപുരം:  സംസ്ഥാനത്ത് നിരവധി മേഖലകളിൽ സ്വകാര്യ നിക്ഷേപത്തിന് വലിയ അവസരങ്ങളുണ്ടെന്ന് ധവളപത്രത്തിൽ വ്യക്തമാക്കുന്നു.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സംസ്ഥാനത്തെ അപൂർവ ധാതുക്കളുടെ വികസനവും ഖനനവും. ഇതിനുപുറമെ, ഉന്നത വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് ടെക്നോളജി, ഐടി ആപ്ലിക്കേഷനുകൾ എന്നീ ആധുനിക മേഖലകളിലും വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ശുപാർശയുണ്ട്.

വ്യവസായ മേഖലയുടെ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാനമായി വേണ്ടത് വൻതോതിലുള്ള വൈദ്യുതി ഉൽപ്പാദനമാണ്. ഇതിനായി അതിവിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

6000 മെഗാവാട്ട് സൗരോർജ പദ്ധതികൾ, 8000 മെഗാവാട്ട് പമ്പ്ഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ബാർക്ക് വികസിപ്പിച്ചെടുത്ത ക്ലോസ്ഡ്-ലൂപ്പ് റിയാക്ടറുകൾ, സ്മോൾ മോഡുലാർ റിയാക്ടറുകൾ എന്നിവയിലൂടെയും ഊർജോൽപ്പാദനം ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്.

ഇത്തരം വൻകിട പദ്ധതികൾ ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന വൈദ്യുതി ബോർഡിന് ശേഷിയില്ലെന്ന രൂക്ഷമായ വിമർശനവും രേഖയിലുണ്ട്. കെഎസ്ഇബിക്ക് വൻകിട പ്രോജക്റ്റുകൾക്ക് ആവശ്യമായ സാമ്പത്തിക വിഭവങ്ങളില്ലെന്നും, പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്ന കാര്യത്തിൽ അവർക്ക് മികച്ചൊരു ട്രാക്ക് റെക്കോർഡ് ഇല്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

‘ധവളപത്രം ഉമ്മാക്കിയല്ല’; പത്ത് വർഷത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ തുറന്നുകാട്ടുന്ന കണ്ണാടിയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. ധവളപത്രം ആരെയും ഭയപ്പെടുത്താനുള്ള ‘ഉമ്മാക്കി’യല്ലെന്നും, കഴിഞ്ഞ പത്ത് വർഷത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾ തുറന്നുകാട്ടുന്ന കണ്ണാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. വരുമാനം സൃഷ്ടിക്കാനുള്ള വ്യക്തമായ പദ്ധതികളൊന്നും കിഫ്ബിക്കില്ലെന്നും, അത് ഒരു പ്രത്യേക സാമ്രാജ്യമായി പ്രവർത്തിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. കിഫ്ബിയുടെ കടബാധ്യതയും പലിശഭാരവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ സർക്കാരിന്റെ കാലത്ത് ട്രഷറിയിലെ സാമ്പത്തിക സ്ഥിതി യാഥാർഥ്യത്തേക്കാൾ മെച്ചപ്പെട്ടതാണെന്ന പ്രതീതി സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മെയ് 16-ന് ട്രഷറിയിൽ 2,000 കോടി രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും, കുടിശ്ശികകൾ നൽകാതെ കയ്യിൽ പണമുണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു മുൻ സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ധവളപത്രത്തിലെ വിവരങ്ങൾ കേട്ട് പ്രതിപക്ഷ നേതാവ് നിരാശപ്പെടേണ്ട കാര്യമില്ലെന്നും, സംസ്ഥാനത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് പ്രതീക്ഷയും പരിഹാര മാർഗങ്ങളും മുന്നോട്ടുവയ്ക്കുന്ന നയരേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ വിമർശനങ്ങൾക്കിടയിൽ കോൺഗ്രസിന്റെ ചരിത്രപരമായ നിലപാടുകളും മുഖ്യമന്ത്രി പരാമർശിച്ചു. കോൺഗ്രസുകാർ ഒരിക്കലും ഒറ്റുകാരായിരുന്നില്ലെന്നും, വർഗീയതയ്‌ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടി എന്നും വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി കോൺഗ്രസ് എന്നും നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ; ഓർഡിനറി സർവീസുകൾക്ക് മാത്രം പ്രാബല്യം


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ തീരുമാനമായി. എന്നാൽ ആദ്യഘട്ടത്തിൽ ഈ പദ്ധതി ഓർഡിനറി സർവീസുകളിൽ മാത്രം പരിമിതപ്പെടുത്താനാണ് സാധ്യത.

ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കെഎസ്ആർടിസി വിദഗ്ധ സമിതി സ്വീകരിച്ചിരിക്കുന്നത്. റിസർവേഷൻ സൗകര്യമുള്ള സർവീസുകളിൽ സൗജന്യ യാത്ര അനുവദിച്ചാൽ പ്രവർത്തനത്തെ ബാധിക്കാമെന്ന വിലയിരുത്തലും ഇതിന് കാരണമായി.

പദ്ധതി നടപ്പിലാകുന്നതോടെ ടിക്കറ്റ് വരുമാന നഷ്ടം സർക്കാർ വഹിക്കേണ്ടിവരും. ഇതിനായി പ്രതിമാസം ഏകദേശം 90 മുതൽ 100 കോടി രൂപ വരെ അധിക ധനസഹായം ആവശ്യമായി വരുമെന്ന് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ ശമ്പള-പെൻഷൻ ചെലവുകൾക്കായി സർക്കാർ നൽകുന്ന സഹായത്തിന് പുറമേയാണിത്.

കോവിഡ് മഹാമാരിക്ക് മുമ്പ് പ്രതിദിനം 35 ലക്ഷം യാത്രക്കാരെ സേവിച്ചിരുന്ന കെഎസ്ആർടിസിയിൽ ഇപ്പോൾ 20–25 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്യുന്നത്. സൗജന്യ യാത്ര പദ്ധതി നടപ്പാകുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.

ജൂൺ 15 മുതൽ പദ്ധതി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

English Summary:
The Kerala government is set to launch free bus travel for women on KSRTC ordinary services from June 15. The scheme will initially be limited to ordinary buses, while premium services are excluded due to operational concerns. The government is expected to bear an additional monthly subsidy of ₹90–100 crore for the initiative.



വിദേശ വനിതയെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്ഥാൻ പൗരന്മാർക്ക് വധശിക്ഷ; അപ്പീൽ കോടതി ശിക്ഷ ശരിവച്ചു

0


ലാഹോർ: വിദേശ വനിതയെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്ഥാൻ പൗരന്മാർക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും ശരിവച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു.

2020 സെപ്റ്റംബർ 9-ന് സിയാൽക്കോട്ട്–ലാഹോർ ഹൈവേയിൽ നടന്ന സംഭവമാണ് കേസിന് ആധാരം. കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയും മക്കളുമാണ് അന്ന് ആക്രമിക്കപ്പെട്ടത്. വാഹനം ഇന്ധനം തീർന്ന് റോഡരികിൽ നിർത്തിയിരുന്ന സമയത്താണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ ഫോൺ ടവർ ഡാറ്റയും ഡിഎൻഎ പരിശോധനയും ഉൾപ്പെടെ ശക്തമായ തെളിവുകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ നടപടികൾ പൂർത്തിയാക്കിയത്.

വിചാരണ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചതിനൊപ്പം കൂടുതൽ തടവുശിക്ഷയും പ്രഖ്യാപിച്ചിരുന്നു. ഈ വിധിക്കെതിരായ അപ്പീൽ ഇപ്പോൾ ഹൈക്കോടതി തള്ളിയതോടെ ശിക്ഷ അന്തിമമായി നിലനിൽക്കുന്നു.

കേസിൽ ലഭിച്ച തെളിവുകളും ഇരയുടെ തിരിച്ചറിയലും കുറ്റം തെളിയിക്കാൻ നിർണായകമായതായി കോടതി വിലയിരുത്തി.


English Summary:
A Pakistani appellate court has upheld the death sentences of two men convicted in a 2020 case involving the attack on a foreign woman traveling with her children on the Sialkot–Lahore highway. The court rejected the appeal filed by the convicts, confirming the trial court’s verdict based on strong evidence including DNA and mobile tower data.




ലഹരിക്കെതിരെ കൊടുങ്കാറ്റായി കൊച്ചി സിറ്റി പോലീസ്; ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡുകളിൽ 36 പേർ അറസ്റ്റിൽ, വൻ മയക്കുമരുന്ന് വേട്ട

കൊച്ചി: സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനും, യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്കരിച്ച ‘തൂഫാൻ : ദ നാർക്കോ ഹണ്ട്’ (തൂഫാൻ : മയക്കുമരുന്ന് വേട്ട) പദ്ധതിയുടെ ഭാഗമായി കൊച്ചി സിറ്റിയിൽ വ്യാപക പരിശോധനയും റെയ്‌ഡും സംഘടിപ്പിച്ചു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിൻ്റെ  നേരിട്ടുള്ള നിർദ്ദേശപ്രകാരം സിറ്റി പരിധിയിൽ നടത്തിയ 90 റെയ്ഡുകളിലായി 33 എൻ.ഡി.പി.എസ് (മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള) കേസുകളും 7 COTPA (പുകയില ഉൽപ്പന്ന നിരോധന നിയമപ്രകാരമുള്ള) കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നായി 36 പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

തൃക്കാക്കര കൊല്ലംകുടി മുകൾ ഭാഗത്തുള്ള ഫ്ലാറ്റിൽ കൊച്ചി സിറ്റി ഡാൻസാഫ് (ലഹരിവിരുദ്ധ പ്രത്യേക സ്ക്വാഡ്) ടീം നടത്തിയ അതീവ രഹസ്യമായ റെയ്ഡിൽ മൂന്ന് പ്രമുഖ ലഹരി ഇടപാടുകാരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 437.28 ഗ്രാം എം.ഡി.എം.എ, ലഹരി കടത്താൻ ഉപയോഗിച്ച ആഡി കമ്പനിയുടെ കാർ, മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ എന്നിവ പോലീസ് കണ്ടെടുത്തു. പാലക്കാട് കൈതക്കുഴി വാരിയത്ത് വീട്ടിൽ അർജുൻ (30), കാസർഗോഡ് ചേർക്കല അഞ്ചാംപുര വീട്ടിൽ രതീഷ് (33), എറണാകുളം കളമശ്ശേരി കണ്ണോത്ത് ഹൗസിൽ ആസിഫ് (36) എന്നിവരാണ് ഈ റെയ്ഡിൽ പിടിയിലായത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാരായ (ഡി.സി.പി) അശ്വതി ജിജി ഐ.പി.എസ്, ഷഹിൻഷാ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലാണ് കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കുന്നത്. നാർക്കോട്ടിക് സെൽ (മയക്കുമരുന്ന് വിരുദ്ധ വിഭാഗം) അസിസ്റ്റൻറ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, സബ്ബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ലോക്കൽ പോലീസും സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

ലഹരിമരുന്ന് വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും 24 മണിക്കൂറും നിരീക്ഷിക്കാൻ നഗരത്തിലുടനീളം പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ആഡംബര ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ എന്നിവടങ്ങൾ ഇപ്പോൾ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് കമ്മീഷണർ ഓഫീസ് അറിയിച്ചു.

പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ; TMC പിളർപ്പിലേക്ക്; അഭിഷേക് ബാനർജിയ്ക്ക് ED സമൻസ്

പശ്ചിമ ബംഗാളിൽ നാടകീയ നീക്കങ്ങൾ. പാർട്ടി ഘടകങ്ങൾ പിരിച്ചുവിട്ട മമതാ ബാനർജിയുടെ നടപടിക്ക് പിന്നാലെ ടിഎംസി പിളർപ്പിലേക്ക്. ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവാകും. അറുപത് എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് പാർട്ടി പുറത്താക്കിയ ഋതബ്രത ബാനർജി വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. മമതാ ബാനർജി ഉപദേഷ്ടാവായി തുടരണമെന്നും വിമത വിഭാഗം ആവശ്യപ്പെട്ടു. പാർട്ടിയുടെ പരാജയത്തിന് കാരണം അഭിഷേക് ബാനർജി എന്നും വിമർശനം.

ജാവേദ് ഖാൻ, സന്ദീപൻ സാഹ, സബീന യാസ്മിൻ, ഷിയുലി സാഹ എന്നിവർ പ്രതിപക്ഷ ഉപ നേതാക്കളാകും. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടി നേതൃത്വം നടപടിക്രമങ്ങൾ പാലിച്ചില്ല എന്ന് വിമത എംഎൽഎ ആരോപിച്ചു. എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലുമായി രഹസ്യ യോഗങ്ങൾ നടക്കുന്നെന്നാണ് റിപ്പോർട്ട്. മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാനുള്ള നീക്കത്തിന് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നമാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം. ടിഎംസി മുതിർന്ന എംഎൽഎ ശോഭന്ദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്.

അതേസമയം തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയ്ക്ക് ഇഡി സമൻസ് നൽകി. ഈ മാസം പതിനഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു. ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടിലാണ് നടപടി. വീട്ടിലെത്തിയാണ് സമൻസ് നൽകിയത്.

പാർട്ടി രൂപീകരണശേഷം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് കടന്നു പോകുന്നത്. കീഴ് ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ കമ്മിറ്റികളേയും പാർട്ടിയുടെ പോഷക സംഘടനകളെയും ടിഎംസി പിരിച്ചു വിട്ടു. പുനഃസംഘടനയുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. മമത ബാനർജിയോട് കൂറുള്ളവരെ സംഘടന ചുമതലകളിൽ എത്തിക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി ആത്മ പരിശോധന നടത്തും. പാർട്ടി ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിലയിരുത്തി മുന്നോട്ട് പോകും എന്നും ടിഎംസി അറിയിച്ചു.

‘നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; ചോദ്യശരങ്ങളുമായി കോടതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ നരഹത്യാശ്രമത്തിനുള്ള കുറ്റം ചുമത്തിയതില്‍ ചോദ്യങ്ങളുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. പരിശോധനകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും എസ്‌ഐടിയുടെ ഉദ്യേശമെന്തെന്നും കോടതി ചോദിച്ചു. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയ പരാതി പൊലിപ്പിച്ച് എഴുതിയതുപോലെയെന്നും കോടതി പരാമര്‍ശിച്ചു. ദൃശ്യങ്ങള്‍ പ്രധാനമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗണ്‍മാന്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ സുരക്ഷ മാത്രമല്ലേ ഗണ്‍മാന്‍മാരുടെ ഡ്യൂട്ടിയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. വിഐപി സുരക്ഷ ഗണ്‍മാന്‍മാരുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നിസാര പരുക്കല്ലേ എന്ന് ചോദിച്ച കോടതിയോട് വൈകാരികമായാണ് വാദിഭാഗം പ്രതികരിച്ചത്. കോടതി ഇതൊന്നും കാണുന്നില്ലേയെന്നും അത് വിഷമകരമാണെന്നും അവര്‍ വാദിച്ചു.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗണ്‍മാന്‍ അനില്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തതിരുന്നു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ നടന്ന പ്രചാരണത്തെ കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും.

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച കാസിം ഫോണ്‍ പൊലീസിന് കൈമാറി. തുടരന്വേഷണത്തില്‍ സിപിഐഎം അനുകൂല സൈബര്‍ പേജുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ, പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടും പുറത്ത് വന്നില്ല. സ്‌ക്രീന്‍ഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദത്തില്‍ രണ്ട് വര്‍ഷത്തോളം അന്വേഷണം നീണ്ടിരുന്നു. സിപിഐഎമ്മാണ് സ്‌ക്രീന്‍ഷോട്ടിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആരോപണം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരു ദിവസം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്ക്കെതിരേ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.

അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി തുടങ്ങിയ ഇടത് സൈബര്‍ പോരാളികള്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.