‘നരഹത്യാക്കുറ്റം ചുമത്തിയത് പരിശോധയില്ലാതെ, എസ്‌ഐടിയുടെ ഉദ്ദേശ്യമെന്താണ്?’; ചോദ്യശരങ്ങളുമായി കോടതി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ നരഹത്യാശ്രമത്തിനുള്ള കുറ്റം ചുമത്തിയതില്‍ ചോദ്യങ്ങളുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. പരിശോധനകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്തിയതെന്നും എസ്‌ഐടിയുടെ ഉദ്യേശമെന്തെന്നും കോടതി ചോദിച്ചു. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയ പരാതി പൊലിപ്പിച്ച് എഴുതിയതുപോലെയെന്നും കോടതി പരാമര്‍ശിച്ചു. ദൃശ്യങ്ങള്‍ പ്രധാനമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഗണ്‍മാന്‍മാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ സുരക്ഷ മാത്രമല്ലേ ഗണ്‍മാന്‍മാരുടെ ഡ്യൂട്ടിയെന്നും പുറത്തെ പ്രതിഷേധങ്ങളെ നേരിടേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. വിഐപി സുരക്ഷ ഗണ്‍മാന്‍മാരുടെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. നിസാര പരുക്കല്ലേ എന്ന് ചോദിച്ച കോടതിയോട് വൈകാരികമായാണ് വാദിഭാഗം പ്രതികരിച്ചത്. കോടതി ഇതൊന്നും കാണുന്നില്ലേയെന്നും അത് വിഷമകരമാണെന്നും അവര്‍ വാദിച്ചു.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗണ്‍മാന്‍ അനില്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തതിരുന്നു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുക. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ നടന്ന പ്രചാരണത്തെ കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും.

വടകര ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച കാസിം ഫോണ്‍ പൊലീസിന് കൈമാറി. തുടരന്വേഷണത്തില്‍ സിപിഐഎം അനുകൂല സൈബര്‍ പേജുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.

നേരത്തെ, പ്രതികളിലേക്ക് എത്താന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ടും പുറത്ത് വന്നില്ല. സ്‌ക്രീന്‍ഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ കോളിളക്കം സൃഷ്ടിച്ച വിവാദത്തില്‍ രണ്ട് വര്‍ഷത്തോളം അന്വേഷണം നീണ്ടിരുന്നു. സിപിഐഎമ്മാണ് സ്‌ക്രീന്‍ഷോട്ടിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആരോപണം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരു ദിവസം ബാക്കി നില്‍ക്കെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്ക്കെതിരേ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.

അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി തുടങ്ങിയ ഇടത് സൈബര്‍ പോരാളികള്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; സത്യപ്രതിജ്ഞ ചെയ്ത് ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ ഇനി ഡികെ യുഗം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഡി കെ ശിവകുമാര്‍ ചെയ്തത്. ലോക്ഭവനിലെ ഗ്ലാസ് ഹൌസിലെ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനെത്തി.

സംഘടന ശക്തികൊണ്ട് പാര്‍ട്ടിയെ കെട്ടിപ്പടുത്ത അസാധാരണ മെയ് വഴക്കമാണ് ഡി കെ ശിവകുമാര്‍ എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ വേട്ടയാടലുകള്‍ക്കിരയായി ജയില്‍വാസം അനുഭവിച്ചപ്പോഴും പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ചാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ഡി കെ മുന്നേറിയത്. കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പല സംസ്ഥാനങ്ങളിലും ഡി കെയുടെ പേര് ഉയര്‍ന്നു കേട്ടു. മഹാരാഷ്ട്രയിലും ഗുജറാത്തിലും അസമിലും ഡി കെ പറന്നിറങ്ങി. ഒടുവില്‍ കനത്ത തോല്‍വിക്ക് പിന്നാലെ 2023 ല്‍ ആധികാരിക വിജയത്തോടെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു.

സംഘടനയെ ശക്തമാക്കി 135 സീറ്റുകള്‍ നേടിയെങ്കിലും മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടു. ദളിത് മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയ സിദ്ധരാമയ്യ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചു. അന്ന് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാതെ ഹൈക്കമാന്റിന് വഴങ്ങി ഡി കെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. രണ്ടര വര്‍ഷത്തെ ധാരണയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായെങ്കിലും മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടും സ്ഥാനം ഒഴിയാഞ്ഞതോടെയാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. ഒടുവില്‍ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം സിദ്ധരാമയ്യ പക്ഷം ശക്തമാക്കിയെങ്കിലും, 2028ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ ഡി കെ അധികാരത്തില്‍ എത്തണമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു.

ഡല്‍ഹിയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സിദ്ധരാമയ്യയ്ക്ക് പ്രവര്‍ത്തകസമിതി അംഗത്വവും നല്‍കി പ്രതിസന്ധി പരിഹരിച്ചു.

ഡൽഹിയിൽ ഹോട്ടലിൽ വൻ തീപിടിത്തം:  20 പേർ മരിച്ചെന്ന് റിപ്പോർട്ട്

ഡൽഹി: സൗത്ത് ഡൽഹിയിൽ ഹോട്ടലിൽ വൻ തീപിടിത്തം. അപകടത്തിൽ 10 പേർ വെന്തു മരിച്ചെന്നാണ് പ്രാഥമിക വിവരം.

എന്നാൽ 20 പേർ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ് തീപ്പിടിത്തമുണ്ടായത്.

അപകടത്തിൽ ഒട്ടേറെപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മാളവ്യനഗറിലുള്ള റസ്റ്റോറന്റിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. രാവിലെ 9.45ഓടെയാണ് തീപിടിത്തം സംബന്ധിച്ച് ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടൻ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

11 പേരെ രക്ഷപ്പെടുത്താനായതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ചർച്ചഫലം കണ്ടില്ല! പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സിപിഐയും സിപിഐഎമ്മും

തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎമ്മിന്റെയും സിപിഐയുടെയും ചര്‍ച്ച വിജയം കണ്ടില്ല.

‘എല്‍ഡിഎഫില്‍ സിപിഐ കൊടുക്കുന്ന പ്രാധാന്യം സിപിഐഎമ്മും കൊടുക്കണം. നിലപാട് എന്താണെന്ന് സിപിഐഎം പറയട്ടെ.

മുന്നണിയുടെ മുന്നോട്ടുള്ള നല്ല നീക്കത്തിന് സിപിഐ ഒപ്പമുണ്ട്. രണ്ട് പാര്‍ട്ടികളുടേയും നിലപാടില്‍ മാറ്റമില്ല. നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ല’, ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവും ഉപനേതാവും സിപിഐഎമ്മില്‍ നിന്ന് എന്നതാണ് കീഴ്‌വഴക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സിപിഐയും സിപിഐഎമ്മും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പറ്റുന്നതേയുള്ളുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. 

‘ബഷീറിന്റെ മരണക്കേസിലെ പ്രതിക്കൊപ്പം വേദി പങ്കിടില്ല’; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം: കൃഷിമന്ത്രി ടി. സിദ്ദീഖിന്റെ വാർത്താസമ്മേളനത്തിനിടെ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. നിയമസഭയിലെ മീഡിയ റൂമിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം അരങ്ങേറിയത്.

വാർത്താസമ്മേളനം ആരംഭിച്ചതിന് ശേഷം ശ്രീറാം വെങ്കിട്ടരാമൻ വേദിയിലെത്തിയതോടെ ചില മാധ്യമപ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്.

ആദ്യം പരിപാടി തുടരാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ സ്വമേധയാ വാർത്താസമ്മേളന വേദി വിട്ടുപോകുകയായിരുന്നു. തുടർന്ന് കൃഷിമന്ത്രി വാർത്താസമ്മേളനം തുടർന്നു.

2019-ൽ മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായിരുന്നു. ആ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മാധ്യമപ്രവർത്തകരുടെ എതിർപ്പ് വീണ്ടും പ്രകടമായത്.

ഇതിന് മുൻപും സമാന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. മുൻ സർക്കാർ കാലത്ത് ഒരു മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തപ്പോഴും ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്നും പ്രതിഷേധത്തെ തുടർന്ന് പരിപാടിയിൽ നിന്ന് അദ്ദേഹം മടങ്ങിയിരുന്നു.

സിജെപിക്ക് പുതിയ മുഖങ്ങൾ; മൂന്ന് ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി

ഡൽഹി: സംഘടനയുടെ പൊതുപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). മാധ്യമപ്രവർത്തകനായ സൗരവ് ദാസിനെ മുഖ്യ വക്താവായും ചലച്ചിത്ര പ്രവർത്തക വിജേത ദാഹിയയെയും ഐഐടി കാൺപൂർ വിദ്യാർഥി അശുതോഷിനെയും ദേശീയ വക്താക്കളായും നിയമിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു.

പുതിയ വക്താക്കൾ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും മുന്നിൽ പാർട്ടിയുടെ നിലപാടുകൾ അവതരിപ്പിക്കുമെന്നും സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. രാജ്യത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി ദേശീയ ശ്രദ്ധ നേടുകയാണ്. ജൂൺ ആറിന് ഡൽഹിയിലെ ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് നേതൃത്വം നൽകാൻ അഭിജീത് ദിപ്കെ ഇന്ത്യയിലെത്തുമെന്ന് പാർട്ടി അറിയിച്ചു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്കും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. അതിനിടെ, സിജെപിയുടെ തുടർ രാഷ്ട്രീയ നീക്കങ്ങളും പ്രതിഷേധ പരിപാടികളും കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ജന്തർ മന്ദറിലെ പ്രതിഷേധത്തിന് ആവശ്യമായ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.

ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരം ജൂണിൽ; ഇമാം റിസ മസ്ജിദിൽ അന്ത്യവിശ്രമം

വധിക്കപ്പെട്ട് നാല് മാസങ്ങൾക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖൊമേനിയുടെ ഭൗതികശരീരം വിലാപയാത്രയായി കൊണ്ടുപോകാനും പൊതുദർശനത്തിന് വെക്കാനും ഒരുങ്ങി ഇറാൻ ഭരണകൂടം. ഇസ്‌ലാമിക ആചാരപ്രകാരം ഷിയാ മുസ്‌ലിംകളുടെ വിശുദ്ധ നഗരമായ മഷ്‌ഹദിലെ  ഇമാം റിസ മസ്ജിദിനോട് ചേർന്ന് ഖൊമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യും. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനസഞ്ചയത്തിന് സാക്ഷ്യം വഹിച്ചേക്കാവുന്ന സംസ്‌കാര ചടങ്ങുകൾ ജൂൺ 21-ഓടെ നടക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

ടെഹ്‌റാൻ, ഖോം (Qom), മഷ്‌ഹദ് എന്നീ നഗരങ്ങളിലായി നടക്കുന്ന സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള രണ്ട് കോടിയോളം വിതുമ്പുന്ന വിശ്വാസികൾ ഒത്തുചേരുമെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി മൂന്ന് ദിവസത്തെ പൊതുദർശനമാണ് രാജ്യം ഒരുക്കിയിരിക്കുന്നത്.

1989-ൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ മരണസമയത്ത് ഒത്തുകൂടിയ ജനസാഗരത്തെപ്പോലും മറികടക്കുന്ന രീതിയിലാകും ഇത്തവണ ജനപങ്കാളിത്തം ഉണ്ടാകുകയെന്നാണ് ടെഹ്‌റാൻ നഗരസഭാ അധികൃതർ വിലയിരുത്തുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ ഖൊമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ പരമോന്നത നേതാവായിരുന്ന അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മകൻ ആയത്തുള്ള മൊജ്താബ ഖൊമേനിയെ പുതിയ നേതാവായി തിരഞ്ഞെടുത്തുവെങ്കിലും യുദ്ധസാഹചര്യങ്ങൾ കാരണം അദ്ദേഹം ഇതുവരെ പരസ്യമായി രംഗത്തെത്തിയിട്ടില്ല.

മരണാനന്തരം എത്രയും വേഗം മൃതദേഹം സംസ്‌കരിക്കണമെന്നാണ് ഇസ്‌ലാമിക നിയമമെങ്കിലും, നിലവിലെ യുദ്ധസാഹചര്യങ്ങളും വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കുന്നതിലെ താമസം മൂലവുമാണ് സംസ്‌കാര ചടങ്ങുകൾ നാല് മാസം നീണ്ടുപോയതെന്ന് അധികൃതർ വിശദീകരിക്കുന്നു. ടെഹ്‌റാനിൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രധാന ചടങ്ങുകൾക്ക് ശേഷം മൃതദേഹം ഖോം വഴിയാണ് മഷ്‌ഹദിലേക്ക് കൊണ്ടുപോകുക. റെവല്യൂഷണറി ഗാർഡ്സിന്റെ (IRGC) പൂർണ്ണമായ മേൽനോട്ടത്തിലാണ് വിലാപയാത്രയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കുമെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: ‍‍ഓരോ മലയാളികളും ചോദിക്കുന്ന ചോദ്യമാണ് കേരളത്തിന് എയിംസ് കിട്ടുമോ ഇല്ലയോ എന്ന്. ഇന്നുവരും നാളെ വരും എന്ന് പറയുക അല്ലാതെ കേരളത്തിന് ഇതുവരെ എയിംസ് എന്ന പ്രഖ്യാപനം ഉണ്ടായിട്ടില്ല.

കേന്ദ്രത്തെ രേഖാമൂലം അറിയിച്ചാല്‍ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത്.

കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, ഈ പ്രസ്താവനയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചത് അതിൽ സന്തോഷം ഉണ്ടെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ കേരളത്തിന് ഏക  ബിജെപി എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട് സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകും രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും ഇല്ലെങ്കിൽ അടുത്തകൊല്ലം കിട്ടും കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്.

ഫ്ലൈറ്റ് യാത്രയിൽ തന്നോടും ഇക്കാര്യം പറഞ്ഞു ഒരു സ്ഥലം മാത്രമേ നൽകാനുള്ളൂ എന്നും കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊല്ലം നഗര മധ്യത്തിലെ കൊലപാതകം: പ്രതി സീരിയൽ കില്ലർ?

കൊല്ലം: കൊല്ലം നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന് സംശയം.

മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിന് പിന്നിലും ഇയാൾ ആണെന്നാണ് സംശയം. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു.

കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടത്തിയത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്‌നാട് സ്വദേശിയെ ആണ്. 

മുഹമ്മദ് ഫർമാൻറെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.

മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു.

മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രിക്ക് നല്‍കുന്ന ‘ഗാര്‍ഡ് ഓഫ് ഓണര്‍’ ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നല്‍കുന്ന പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍.

പൊലീസില്‍ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവ. ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുമ്പോഴാണ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാറുള്ളത്.

ഗാര്‍ഡ് ഓഫ് ഓണര്‍ ആര്‍ഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

അതേസമയം ആര്‍ഭാടം കുറച്ച് ‘ഗാര്‍ഡ് ഓഫ് ഓണര്‍’ നല്‍കാനാണ് പൊലീസ് ആലോചിക്കുന്നത്.

നാട്ടിൽ കുറഞ്ഞ ശമ്പളം, വിദേശത്ത് ലക്ഷങ്ങളുടെ വരുമാനം; നഴ്സുമാരുടെ കുടിയേറ്റം ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കുന്നു

0


ന്യൂഡൽഹി: ഉയർന്ന ശമ്പളവും മികച്ച തൊഴിൽസാഹചര്യങ്ങളും തേടി ഇന്ത്യൻ നഴ്സുമാർ വിദേശരാജ്യങ്ങളിലേക്ക് വൻതോതിൽ കുടിയേറുന്നത് രാജ്യത്തെ ആരോഗ്യരംഗത്തിന് വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ആയിരം ആളുകൾക്ക് ശരാശരി മൂന്ന് നഴ്സുമാരുണ്ടെങ്കിലും ഇന്ത്യയിൽ ഈ അനുപാതം രണ്ടായി മാത്രമാണ് നിലനിൽക്കുന്നത്.

ഇന്ത്യയിൽ നഴ്സുമാർക്ക് ലഭിക്കുന്ന താരതമ്യേന കുറഞ്ഞ വേതനവും പരിമിതമായ തൊഴിൽ വളർച്ചാ സാധ്യതകളുമാണ് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്ത് ഒരു നഴ്സിന് തുടക്കത്തിൽ സാധാരണയായി 20,000 മുതൽ 40,000 രൂപവരെ ശമ്പളം ലഭിക്കുമ്പോൾ, യുഎഇ, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇത് മാസത്തിൽ ലക്ഷങ്ങൾ വരെയെത്തുന്നു.

നഴ്സുമാരുടെ കടുത്ത ക്ഷാമം നേരിടുന്ന സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിദേശ നഴ്സുമാരെ ആകർഷിക്കാൻ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്സംബർഗ്, ഡെൻമാർക്ക്, ഓസ്ട്രേലിയ, നോർവേ, കാനഡ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളും ആരോഗ്യപ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിനായി മത്സരരംഗത്തുണ്ട്.

ആരോഗ്യരംഗത്തെ വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി ജർമനി അടുത്തിടെ തൊഴിൽ വിസ നടപടികളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. യുഎസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളും വിദേശ നഴ്സുമാരുടെ നിയമനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും മികച്ച തൊഴിൽനൈപുണ്യവുമാണ് ഇന്ത്യൻ നഴ്സുമാരെ ആഗോള തൊഴിൽവിപണിയിൽ ഏറെ ആവശ്യക്കാരാക്കുന്നത്. അതേസമയം, ഫിലിപ്പീൻസിൽ നിന്നുള്ള നഴ്സുമാരുടെ ശക്തമായ മത്സരവും ചില രാജ്യങ്ങളിൽ ഇന്ത്യൻ നഴ്സുമാർ നേരിടുന്നുണ്ട്.

ശമ്പള ഘടനയിൽ മാറ്റം വരുത്തുകയും കരിയർ വളർച്ചാ അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്താൽ നഴ്സുമാരെ രാജ്യത്ത് നിലനിർത്താനാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

English Summary:
India is facing a growing shortage of nurses as many healthcare professionals migrate abroad in search of better salaries and working conditions. While nurses in India typically earn between ₹20,000 and ₹40,000 per month, countries such as the UAE, Germany, Italy, and Switzerland offer significantly higher pay packages. The trend is creating concerns for India’s healthcare sector, prompting calls for salary reforms and improved career opportunities to retain skilled nursing professionals.

സിദ്ധരാമയ്യ കോൺഗ്രസ് പ്രവർത്തകസമിതി അംഗം; ഡികെ ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

0

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോൺഗ്രസിന്റെ പരമോന്നത നയനിർണയ സമിതിയായ പ്രവർത്തകസമിതിയിൽ (CWC) അംഗമായി നിയമിച്ചു. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വം നൽകുന്നതും പാർട്ടി നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും.

പുതിയ മന്ത്രിസഭയുടെ ആദ്യഘട്ടത്തിൽ ഏകദേശം 12 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മലയാളി നേതാക്കളായ കെ.ജെ. ജോർജും യു.ടി. ഖാദറും, സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയും മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യസഭ, നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പുകൾക്ക് ശേഷമായിരിക്കും മന്ത്രിസഭയുടെ രണ്ടാംഘട്ട വികസനം. ജി. പരമേശ്വര ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കൾ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണനയിലുണ്ടെന്നും സൂചനകളുണ്ട്.

കർണാടക കോൺഗ്രസിലെ നേതൃത്വമാറ്റത്തിന്റെ ഭാഗമായി നടന്ന ഈ രാഷ്ട്രീയ നീക്കം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.


English Summary

Former Karnataka Chief Minister Siddaramaiah has been appointed as a member of the Congress Working Committee (CWC) following his resignation from the top post. Reports suggest that he has also been offered a Rajya Sabha seat. Meanwhile, D.K. Shivakumar is set to take oath as Karnataka Chief Minister. The first phase of the new cabinet is expected to include around 12 ministers, with Dr. Yathindra Siddaramaiah among the likely inductees. Further cabinet expansion is expected after upcoming elections to the Rajya Sabha and Legislative Council.


ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലെന്ന് നെതന്യാഹു; ട്രംപിന്റെ വെടിനിർത്തൽ വാദം തള്ളി ഇസ്രയേൽ

0

ടെൽ അവീവ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഭരണകൂടം ഗുരുതര പ്രതിസന്ധിയിലാണെന്നും പഴയ ശക്തിയും സ്വാധീനവും തിരിച്ചുപിടിക്കാൻ ഇനി കഴിയില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. മൊസാദ് മേധാവി ഡേവിഡ് ബാർണിയയുടെ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്രയേലിനെതിരെ പ്രവർത്തിക്കുന്ന ശക്തികൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ഇറാൻ ഇതിനകം കനത്ത തിരിച്ചടികൾ നേരിട്ടിട്ടുണ്ടെന്നും ഭരണകൂടത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഒരിക്കൽ ഉണ്ടായിരുന്ന സ്വാധീനവും കരുത്തും വീണ്ടെടുക്കാൻ ഇറാനിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ താൽക്കാലിക വെടിനിർത്തൽ ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദം ഇസ്രയേൽ നേതൃത്വം തള്ളിക്കളഞ്ഞു. നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണയായതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അവകാശപ്പെട്ടിരുന്നു.

ബെയ്റൂട്ടിൽ ആസൂത്രണം ചെയ്തിരുന്ന സൈനിക നടപടി ഇസ്രയേൽ ഉപേക്ഷിച്ചുവെന്നും അതിന് പകരമായി ഹിസ്ബുല്ല ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സമ്മതിച്ചുവെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.

എന്നാൽ, ഇസ്രയേൽ സർക്കാർ ഈ അവകാശവാദങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ്. രാജ്യത്തെ നഗരങ്ങൾക്കും പൗരന്മാർക്കും നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കെതിരായ സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary:
Israeli Prime Minister Benjamin Netanyahu claimed that Iran’s regime is facing a severe crisis and is nearing collapse, stating that it can no longer regain its former strength. Meanwhile, Netanyahu rejected U.S. President Donald Trump’s assertion that Israel and Hezbollah had agreed to a temporary ceasefire. Israel clarified that military action against Hezbollah would continue if attacks on Israeli civilians and cities persist.