കൊച്ചി: സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനും, യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനുമായി കേരള പോലീസ് ആവിഷ്കരിച്ച ‘തൂഫാൻ : ദ നാർക്കോ ഹണ്ട്’ (തൂഫാൻ : മയക്കുമരുന്ന് വേട്ട) പദ്ധതിയുടെ ഭാഗമായി കൊച്ചി സിറ്റിയിൽ വ്യാപക പരിശോധനയും റെയ്‌ഡും സംഘടിപ്പിച്ചു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം സിറ്റി പരിധിയിൽ നടത്തിയ 90 റെയ്ഡുകളിലായി 33 എൻ.ഡി.പി.എസ് (മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള) കേസുകളും 7 COTPA (പുകയില ഉൽപ്പന്ന നിരോധന നിയമപ്രകാരമുള്ള) കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷൻ പരിധികളിൽ നിന്നായി 36 പ്രതികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
തൃക്കാക്കര കൊല്ലംകുടി മുകൾ ഭാഗത്തുള്ള ഫ്ലാറ്റിൽ കൊച്ചി സിറ്റി ഡാൻസാഫ് (ലഹരിവിരുദ്ധ പ്രത്യേക സ്ക്വാഡ്) ടീം നടത്തിയ അതീവ രഹസ്യമായ റെയ്ഡിൽ മൂന്ന് പ്രമുഖ ലഹരി ഇടപാടുകാരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 437.28 ഗ്രാം എം.ഡി.എം.എ, ലഹരി കടത്താൻ ഉപയോഗിച്ച ആഡി കമ്പനിയുടെ കാർ, മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ എന്നിവ പോലീസ് കണ്ടെടുത്തു. പാലക്കാട് കൈതക്കുഴി വാരിയത്ത് വീട്ടിൽ അർജുൻ (30), കാസർഗോഡ് ചേർക്കല അഞ്ചാംപുര വീട്ടിൽ രതീഷ് (33), എറണാകുളം കളമശ്ശേരി കണ്ണോത്ത് ഹൗസിൽ ആസിഫ് (36) എന്നിവരാണ് ഈ റെയ്ഡിൽ പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർമാരായ (ഡി.സി.പി) അശ്വതി ജിജി ഐ.പി.എസ്, ഷഹിൻഷാ ഐ.പി.എസ് എന്നിവരുടെ മേൽനോട്ടത്തിലാണ് കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പിലാക്കുന്നത്. നാർക്കോട്ടിക് സെൽ (മയക്കുമരുന്ന് വിരുദ്ധ വിഭാഗം) അസിസ്റ്റൻറ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, സബ്ബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ലോക്കൽ പോലീസും സംയുക്തമായാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
ലഹരിമരുന്ന് വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും 24 മണിക്കൂറും നിരീക്ഷിക്കാൻ നഗരത്തിലുടനീളം പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ആഡംബര ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ എന്നിവടങ്ങൾ ഇപ്പോൾ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് കമ്മീഷണർ ഓഫീസ് അറിയിച്ചു.
Home breaking news ലഹരിക്കെതിരെ കൊടുങ്കാറ്റായി കൊച്ചി സിറ്റി പോലീസ്; ‘ഓപ്പറേഷൻ തൂഫാൻ’ റെയ്ഡുകളിൽ 36 പേർ അറസ്റ്റിൽ, വൻ...

