സിഎംആർഎൽ–എക്‌സാലോജിക് വിവാദം: ടി. വീണയെ സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് സിപിഐ യോഗത്തിൽ അഭിപ്രായം

കൊല്ലം: സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ കൊല്ലം ജില്ലാ നേതൃത്വ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ടി. വീണയുടെ അക്കൗണ്ടിലേക്ക് ഇടതു സർക്കാരിന്റെ കാലത്ത് പണം എത്തിയിട്ടുണ്ടെങ്കിൽ അത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമാണെന്നും, അത്തരം ഇടപാടുകൾക്ക് ന്യായീകരണം നൽകാനാകില്ലെന്നുമാണ് യോഗത്തിൽ ചിലർ അഭിപ്രായപ്പെട്ടത്.

വീണയെ സംരക്ഷിക്കേണ്ട പ്രത്യേക ബാധ്യത സിപിഐക്കില്ലെന്നും വിഷയത്തിൽ വ്യക്തത വരുത്തേണ്ടത് ബന്ധപ്പെട്ടവരാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് സംബന്ധിച്ച വിവാദം മുന്നണിക്കും സർക്കാരിനും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

സിപിഐഎം നേതൃത്വത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. സിപിഐയുടെ വളർച്ചയ്ക്ക് പ്രധാന തടസം സൃഷ്ടിക്കുന്നത് സിപിഐഎമ്മാണെന്നും, കോൺഗ്രസോ ബിജെപിയോ മുസ്ലിം ലീഗോ അല്ല പാർട്ടിയുടെ സംഘടനാപരമായ ക്ഷീണത്തിന് കാരണമെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.

ചാത്തന്നൂർ മണ്ഡലത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ധാരണാപരമായ നീക്കങ്ങൾ ഉണ്ടായിരുന്നുവെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. ചാത്തന്നൂർ, കൊട്ടാരക്കര മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇരുപാർട്ടികളും തമ്മിൽ നീക്കുപോക്കുകൾ നടന്നുവെന്നാണ് ചില അംഗങ്ങളുടെ ആരോപണം.

ആർ. രാജേന്ദ്രന്റെ പരാജയത്തിന് ചില നേതാക്കൾ വഴിയൊരുക്കിയെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ആർ. രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത് രാഷ്ട്രീയമായി തെറ്റായ തീരുമാനമായിരുന്നുവെന്നും അത് ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചുവെന്നുമാണ് വിമർശനം.

സിപിഐ കൊല്ലം ജില്ലാ നേതൃത്വ യോഗത്തിൽ ഉയർന്ന വിമർശനങ്ങളും അഭിപ്രായങ്ങളും പാർട്ടിക്കുള്ളിലെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്.

‘പത്ത് കൊല്ലമായ സർക്കാർ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദൻ അവസരവാദി’; എം.വി.ഗോവിന്ദൻ

കവി കെ.സച്ചിദാനന്ദനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പത്ത് കൊല്ലമായ സർക്കാർ മാറട്ടെയെന്ന് പറഞ്ഞ സച്ചിദാനന്ദൻ അവസരവാദിയെന്ന് കുറ്റപ്പെടുത്തൽ. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എം.വി.ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്. ഭാരത് ജോഡോ യാത്രയിൽ സിപിഐഎം പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായിരുന്നു. അന്നത് വേണ്ടവണ്ണം ശ്രദ്ധിച്ചില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു

അതേസമയം ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച വാർത്ത ചോർന്നതിൽ സിപിഐഎമ്മിൽ വിമർശനം ഉയർന്നു. യോഗ തീരുമാനം എങ്ങനെ പുറത്ത് പോയെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു. ജില്ലാ കമ്മിറ്റിയിലെ ചർച്ച ചോർന്നത് ആപ്പ് വഴിയാണെന്നാണ് നേതൃത്വം കുറ്റപ്പെടുത്തിയിരുന്നത്.

അതേസമയം വി ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഏകകണ്ഠമായെന്നായിരുന്നു സിപിഐഎം അവകാശപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് പേർ എതിർപ്പ് അറിയിച്ചെന്നാണ് പുറത്തുവന്ന വിവരം. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര കുമാർ, ജയദേവൻ, മടവൂർ അനിൽ എന്നിവരാണ് എതിർത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏരിയാ സെക്രട്ടറിമാരെ മാറ്റിയവർ ജില്ലാ സെക്രട്ടറിയുടെ കാര്യത്തിൽ മൗനം പാലിക്കുന്നതെന്താണെന്ന് ഇവർ വിമർശനം ഉന്നയിച്ചു.

കോഴിക്കോട് നിപ സംശയം; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു.

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കി വരികയാണ്. നാളെ വൈകീട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളിന്റെ പരിശോധന ഫലം വരിക.

പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി പറഞ്ഞു.

പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിൽ സ്ഥലംമാറ്റം; പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്.

പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് ഉദ്യോഗസ്ഥന് ട്രാൻസ്‌ഫർ നൽകിയത്.

ആലുവയിൽ 60 കിടക്കകളുള്ള ക്ഷേമകേന്ദ്രം വരുന്നു; മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്ക് പുനരധിവാസം

എറണാകുളം ജില്ലയിൽ വനിതകൾക്കും വയോജനങ്ങൾക്കുമായി പുതിയ രണ്ട് വലിയ ആരോഗ്യ-ക്ഷേമ പദ്ധതികൾ വരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്.

പ്രധാന തീരുമാനങ്ങൾ

1. എടയ്ക്കാട്ടുവയലിൽ വനിതാ ക്ഷേമകേന്ദ്രം

മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്ക് പൂർണ്ണമായും ഒരു വീടിന്റെ അന്തരീക്ഷം ഉറപ്പാക്കുന്ന തരത്തിലുള്ള അത്യാധുനിക പുനരധിവാസ കേന്ദ്രം.അന്തേവാസികൾക്കായി മാനസിക ഉല്ലാസത്തിനുള്ള സജ്ജീകരണങ്ങൾ, വിദഗ്ധരായ ഡോക്ടർമാരുടെ സേവനം, മികച്ച പുനരധിവാസ സൗകര്യങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കും.

വനിതാ ശിശുവികസന വകുപ്പിന്റെ ’തേജോമയ’ പദ്ധതി നിലവിൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഈ കേന്ദ്രം ഒരുങ്ങുന്നത്. (തേജോമയ കേന്ദ്രം ഇവിടുന്ന് കാക്കനാട്ടേക്ക് മാറ്റിസ്ഥാപിക്കും).

2. ആലുവയിൽ അത്യാധുനിക ജെറിയാട്രിക് (വയോജന ചികിത്സ) സെന്റർ

ആലുവ ജില്ലാ ആശുപത്രിയോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിൽ.ആദ്യ നിലയിൽ ഡയാലിസിസ് സെന്റർ പ്രവർത്തിക്കും.രണ്ടും മൂന്നും നിലകളിൽ ഒരേസമയം 60 കിടപ്പുരോഗികളെ പ്രവേശിപ്പിച്ച് ചികിത്സിക്കാൻ സാധിക്കുന്ന അത്യാധുനിക ജെറിയാട്രിക് സെന്റർ സജ്ജമാക്കും.

ജില്ലയിലെ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്കും വയോജനങ്ങൾക്കും മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കാൻ ഈ രണ്ട് പദ്ധതികളും വലിയ രീതിയിൽ സഹായകരമാകും.

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.അടിയന്തര ധനസഹായമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ പറഞ്ഞു.

നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നൽകുമെന്നും ആശ്രിതർക്ക് സ്ഥിര നിയമനം നൽകുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും എംഎൽഎ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയിൽ കാട്ടാനയെ പ്രദേശവാസികൾ കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ രാജു ആനയുടെ മുന്നിൽ പെടുകയായിരുന്നു.തുടർന്ന്, രാജുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഒറ്റയാന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഇന്നലെ കുത്തനെ കൂടി; ഇന്ന് വമ്പന്‍ ഇടിവും; ഇന്നത്തെ സ്വര്‍ണവിലയറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 3160 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. ഇന്നല െപവന് 1000 രൂപയ്ക്ക് മേല്‍ വര്‍ധനയുണ്ടായതിന് ശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായ 12 ദിവസത്തെ ഇടിവിന് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നത്.

ഇന്നത്തെ വിലയിടിവോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,645 രൂപയായി. പവന് 1,09,160 രൂപയാണ് ഇന്നത്തെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പവന് ആയിരത്തിലേറെ രൂപയുടെ വമ്പന്‍ ഇടിവുകളും വമ്പന്‍ വര്‍ധനയും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ രേഖപ്പെടുത്തി പൊന്ന് വലിയ രീതിയില്‍ ചാഞ്ചാടുന്നത് പതിവാകുകയാണ്.

സ്വര്‍ണത്തിന്റെ മൊത്തവ്യാപാരത്തിന്റെ അടിസ്ഥാന ഇറക്കുമതി നിരക്കുകളില്‍ വര്‍ധനവുണ്ടായത് അടക്കം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്ക്കാലികമായി അയവുണ്ടായതോടെ യുഎസ് ഡോളര്‍ സൂചികയും ക്രൂഡ് ഓയില്‍ വിലയും താഴ്ന്നിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡ് മാറ്റാൻ ശുപാർശ ചെയ്യുമെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡ് മാറ്റാമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഭേദഗതി സംബന്ധിച്ച് സർക്കാരിന് ശുപാർശ ചെയ്യും.

നിലവിൽ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറമാണ് നൽകിയിരിക്കുന്നത്. നിറവും റോഡ് സുരക്ഷയും സംബന്ധിച്ച് ശാസ്ത്രീയ തെളിവില്ലെന്ന് എസ്ടിഎ നിരീക്ഷിച്ചു.

ബസ് ഓപ്പറേറ്റർമാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നിയമത്തിൽ ഭേദഗതി വരുത്തേണ്ടത് സർക്കാരാണ്. ഹൈക്കോടതി വിധിയുടെയും മുൻകാലങ്ങളിലെ അപകടങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ഏകീകൃത നിറമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. കുറ്റപത്രത്തിനൊപ്പമുളള 134 രേഖകള്‍ വേഗത്തില്‍ വേണമെന്നും എസ്എഫ്‌ഐയോട് ഇഡി ആവശ്യപ്പെട്ടു.

വീണയ്ക്ക് ഇന്നലെയാണ് ഇ ഡി സമന്‍സ് അയച്ചത്. വെള്ളിയാഴ്ച കൊച്ചി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയടക്കം ഒന്‍പത് പേര്‍ക്ക് സമന്‍സ് അയച്ചത്.

വീണ.ടി , സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത, സിഎംആര്‍ എലിലെ പ്രധാന ഉദ്യോഗസ്ഥര്‍ തുടങ്ങിയ ഒന്‍പത് പേര്‍ക്കാണ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആര്‍ എല്ലില്‍ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ? ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയുടെ കൈയിലുള്ള 134 രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇഡി യുടെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നു. ഈ രേഖകളുടെയും റെയ്ഡില്‍ വീടുകളില്‍ നിന്ന് കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും ചോദ്യം ചെയ്യല്‍. കമ്പനീസ് പ്രകാരം വീണ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരന്‍ ഷോണ്‍ ജോര്‍ജ്.

ഭാരതിരാജയ്ക്ക് വിട; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, നടൻ സൂര്യ, നടി രാധിക ശരത്കുമാർ തുടങ്ങിയവർ ഭാരതിരാജയുടെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആരാധന’ എന്ന ചിത്രത്തിൽ ‘പുലിരാജു’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ അഭിനയ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നുവെന്ന് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമയോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സ്നേഹവും ലാളിത്യവും കലയോടുള്ള സമർപ്പണവും എന്നും ഓർമിക്കപ്പെടുമെന്നും ചിരഞ്ജീവി പറഞ്ഞു.

തമിഴ് സിനിമയുടെ അതിരുകൾ കടന്ന് തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കാൻ ഭാരതിരാജയ്ക്ക് കഴിഞ്ഞിരുന്നുവെന്ന് നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഭാരതിരാജയുടെ കഥപറച്ചിലിലെ ദീർഘവീക്ഷണവും കലാപരമായ മികവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ മായാത്ത അടയാളം പതിപ്പിച്ചിട്ടുണ്ടെന്ന് നടൻ ആർ. ശരത്കുമാർ അഭിപ്രായപ്പെട്ടു. നിരവധി തലമുറകളിലെ സിനിമാ പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനമായിരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ വരുംകാലങ്ങളിലും ആഘോഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതിരാജയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തിയ ശരത്കുമാർ, ഈ ദുഃഖഘട്ടം അതിജീവിക്കാനുള്ള കരുത്ത് എല്ലാവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

നടി ഖുശ്ബു സുന്ദറും ഹൃദയസ്പർശിയായ കുറിപ്പിലൂടെ അനുശോചനം രേഖപ്പെടുത്തി. “രണ്ട് വശത്തും മുടി മെടഞ്ഞ ഒരു കഥാപാത്രമായി എന്നെ അവതരിപ്പിച്ച് ഒരു സിനിമ ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് ഇനി പൂർത്തിയാകാത്ത ഒരു സ്വപ്നമായി അവശേഷിക്കും. സാർ, നിങ്ങളെ ഞാൻ ഒരുപാട് മിസ്സ് ചെയ്യും,” എന്നാണ് ഖുശ്ബു കുറിച്ചത്.

ബിനോയ് വിശ്വം ഉപജാപകവൃന്ദത്തിന്റെ പിടിയിൽ, CPI സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന്  വിമർശനം

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും വിമർശനം ഉയർന്നു.

ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങൾ പറയുന്നതാണ് അദ്ദേഹം കേൾക്കുന്നതെന്നുമായിരുന്നു വിമർശനം. ബിനോയ് വിശ്വത്തെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം.

സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേർക്ക് ശക്തമായ വിമർശനം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊല്ലം ജില്ലയിൽ നാലു സീറ്റുകളിലാണ് സിപിഐ സ്ഥാനാർഥികൾ മത്സരിച്ചത്. ജയിച്ചത് ഒരിടത്ത് മാത്രമാണ്. എല്ലാ സ്ഥാനാർഥികളെയും തീരുമാനിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത് സംസ്ഥാന സെക്രട്ടേറിയറ്റാണ്.

സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു ‘കാരണഭൂതനാ’ണ് പരാജയങ്ങൾക്ക് കാരണമെന്നും വിമർശനമുണ്ടായി. മുൻമന്ത്രി ജെ. ചിഞ്ചുറാണിക്ക് ഏരിയാ കമ്മിറ്റി അംഗങ്ങളെ പോലും അറിയില്ല. ഒരു ഏരിയാ കമ്മിറ്റി അംഗത്തോട് മൂന്നുവട്ടമാണ് വോട്ട് ചോദിച്ചതെന്നും വിമർശനമുണ്ടായി.

അതിസാഹസികമായി BJP കൗണ്‍സിലറെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത്.  വീട് വളഞ്ഞ് അതിസാഹസികമായാണ് വീടിന്റെ പിന്‍ഭാഗത്തുനിന്ന് സുഗതനെ പൊലീസ് പിടികൂടിയത്.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പൊലീസാണോ കുടുംബമാണോ എന്ന് വ്യക്തമല്ല. പിടികൂടിയതിന് പിന്നാലെ സിഐ വിപിനെയും എസ്‌ഐ അഭിജിത്തിനെയും സുഗതന്‍ അസഭ്യം പറഞ്ഞു. വീഡിയോ പകര്‍ത്തിയ ഉദ്യോഗസ്ഥന് നേരെ കുടുംബം കയര്‍ക്കുന്നത് കാണാം.

വീഡിയോ എടുക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് സുഗതന്റെ ഭാര്യ അശ്വതി ചോദിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കായാണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ഈ ഘട്ടങ്ങളിലൊന്നും തന്നെ മര്‍ദ്ദിച്ചതായി അശ്വതി പറയുന്നില്ല. ബിജെപി കൗണ്‍സിലറാണെന്നും നാടിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്നും എന്തിനാണ് പിടികൂടിയതെന്നും അശ്വതി ചോദിക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി.

അറസ്റ്റ് തടയുന്നതിന് അശ്വതി ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വനിതാ പൊലീസുകാര്‍ ഇല്ല എന്നിരിക്കെ സുഗതനെ ജീപ്പില്‍ കയറ്റുന്നതിന് മുന്‍പ് തന്നെ ഭാര്യ ജീപ്പില്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല തങ്ങള്‍ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അശ്വതിയോട് പറഞ്ഞു. സുഗതനെ കൊണ്ടുപോകണമെന്നുള്ള കാര്യവും അവര്‍ പറഞ്ഞു. ആക്രമിച്ചുവെന്ന് മനഃപൂര്‍വ്വം വരുത്തി തീര്‍ക്കാന്‍ യുവതി ശ്രമം നടത്തിയെന്നുള്ള സംശയം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉയര്‍ന്നിട്ടുണ്ട്.

ഷിഗെല്ല: വയനാട്ടിൽ  രോഗം പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക

കൽപ്പറ്റ: വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക.  സ്കൂളിലെ കുട്ടികളുടെ സമ്പർക്കം വഴി രോഗലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 18 ആയി. ഇവരുടെ സമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

നേരത്തെ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം.

നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ലെ പടർന്നത്.

ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.  നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. 

അൻസിബക്കെതിരെ 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യും: ലക്ഷ്മിപ്രിയ

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുതിയ നീക്കവുമായി ലക്ഷ്മി പ്രയി.

തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്.

പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. 

ഈ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

’10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അൻസിബയ്‌ക്കെതിരെ അഡ്വ. കൃഷ്ണരാജ് മുഖേന കേസ് ഫയൽ ചെയ്യും. അൻസിബ പറഞ്ഞ കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന, എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അൻസിബ സംസാരിച്ചു. 10 വയസുള്ള മകളെ അപമാനിക്കുന്ന തരത്തിൽ അധിക്ഷേപിച്ചു’, ലക്ഷ്മിപ്രിയ പറഞ്ഞു.

ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾ‌ക്കും കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യയാത്ര

തിരുവനന്തപുരം:    സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾ‌ക്കും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര നടപ്പിലാക്കും.

ഇന്ദിര ഗ്യാരന്റിയിലുള്ള പദ്ധതി പ്രിയദർശിനി എന്ന പേരിൽ അറിയപ്പെടും. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സിൽ സൗജന്യ യാത്ര തീരുമാനിച്ചത്. 

പദ്ധതി നടപ്പിലാക്കുമ്പോൾ ഒരു മാസം 65–70 കോടി രൂപ ബാധ്യതവരും. 800 കോടി രൂപയിലധികം ഒരു വർഷം കെഎസ്ആർടിസിക്ക് നഷ്ടം വരും. അത് സർക്കാർ കെഎസ്ആർടിസിക്ക് നൽകും.

നിലവിൽ ഒരു 1500 കോടി വരെ സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നുണ്ട്. അതിനൊപ്പം ഈ പണം കൂടി സർക്കാർ നൽകും.