കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഉപജാപകവൃന്ദത്തിന്റെ പിടിയിലാണെന്നും വിമർശനം ഉയർന്നു.
ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനമില്ലെന്നും ഉപജാപകസംഘങ്ങൾ പറയുന്നതാണ് അദ്ദേഹം കേൾക്കുന്നതെന്നുമായിരുന്നു വിമർശനം. ബിനോയ് വിശ്വത്തെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം.
സിപിഐക്ക് സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അവിടെനിന്നാണ് നേതൃത്വത്തിന് നേർക്ക് ശക്തമായ വിമർശനം ഉയർന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊല്ലം ജില്ലയിൽ നാലു സീറ്റുകളിലാണ് സിപിഐ സ്ഥാനാർഥികൾ മത്സരിച്ചത്. ജയിച്ചത് ഒരിടത്ത് മാത്രമാണ്. എല്ലാ സ്ഥാനാർഥികളെയും തീരുമാനിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത് സംസ്ഥാന സെക്രട്ടേറിയറ്റാണ്.
സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു ‘കാരണഭൂതനാ’ണ് പരാജയങ്ങൾക്ക് കാരണമെന്നും വിമർശനമുണ്ടായി. മുൻമന്ത്രി ജെ. ചിഞ്ചുറാണിക്ക് ഏരിയാ കമ്മിറ്റി അംഗങ്ങളെ പോലും അറിയില്ല. ഒരു ഏരിയാ കമ്മിറ്റി അംഗത്തോട് മൂന്നുവട്ടമാണ് വോട്ട് ചോദിച്ചതെന്നും വിമർശനമുണ്ടായി.

