അതിസാഹസികമായി BJP കൗണ്‍സിലറെ പിടികൂടിയ ദൃശ്യങ്ങള്‍ പുറത്ത്

0

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണ് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത്.  വീട് വളഞ്ഞ് അതിസാഹസികമായാണ് വീടിന്റെ പിന്‍ഭാഗത്തുനിന്ന് സുഗതനെ പൊലീസ് പിടികൂടിയത്.

വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പൊലീസാണോ കുടുംബമാണോ എന്ന് വ്യക്തമല്ല. പിടികൂടിയതിന് പിന്നാലെ സിഐ വിപിനെയും എസ്‌ഐ അഭിജിത്തിനെയും സുഗതന്‍ അസഭ്യം പറഞ്ഞു. വീഡിയോ പകര്‍ത്തിയ ഉദ്യോഗസ്ഥന് നേരെ കുടുംബം കയര്‍ക്കുന്നത് കാണാം.

വീഡിയോ എടുക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് സുഗതന്റെ ഭാര്യ അശ്വതി ചോദിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കായാണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ഈ ഘട്ടങ്ങളിലൊന്നും തന്നെ മര്‍ദ്ദിച്ചതായി അശ്വതി പറയുന്നില്ല. ബിജെപി കൗണ്‍സിലറാണെന്നും നാടിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്നും എന്തിനാണ് പിടികൂടിയതെന്നും അശ്വതി ചോദിക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി.

അറസ്റ്റ് തടയുന്നതിന് അശ്വതി ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വനിതാ പൊലീസുകാര്‍ ഇല്ല എന്നിരിക്കെ സുഗതനെ ജീപ്പില്‍ കയറ്റുന്നതിന് മുന്‍പ് തന്നെ ഭാര്യ ജീപ്പില്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല തങ്ങള്‍ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അശ്വതിയോട് പറഞ്ഞു. സുഗതനെ കൊണ്ടുപോകണമെന്നുള്ള കാര്യവും അവര്‍ പറഞ്ഞു. ആക്രമിച്ചുവെന്ന് മനഃപൂര്‍വ്വം വരുത്തി തീര്‍ക്കാന്‍ യുവതി ശ്രമം നടത്തിയെന്നുള്ള സംശയം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here