കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പുതിയ നീക്കവുമായി ലക്ഷ്മി പ്രയി.
തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്.
പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി.
ഈ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ വ്യക്തമാക്കി. അൻസിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.
’10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അൻസിബയ്‌ക്കെതിരെ അഡ്വ. കൃഷ്ണരാജ് മുഖേന കേസ് ഫയൽ ചെയ്യും. അൻസിബ പറഞ്ഞ കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന, എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അൻസിബ സംസാരിച്ചു. 10 വയസുള്ള മകളെ അപമാനിക്കുന്ന തരത്തിൽ അധിക്ഷേപിച്ചു’, ലക്ഷ്മിപ്രിയ പറഞ്ഞു.

