തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് സിപിഎമ്മിന്റെ സാധാരണക്കാരായ പ്രവർത്തകരാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന സമയത്താണ് സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗം കൂടിയായ എ പത്മകുമാറിന്റെ അറസ്റ്റ്. കേരളത്തിലെ ഹിന്ദുമത വിശ്വാസികളുടെ വികാരമായ ശബരിമലയിൽ നിന്നും സ്വർണം അടിച്ചുമാറ്റിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിലായതിനെ ജനങ്ങൾക്ക് മുമ്പിൽ എങ്ങനെ ന്യായീകരിക്കും എന്നതാണ് വാർഡുതലത്തിൽ പ്രവർത്തിക്കുന്ന സിപിഎം പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായവരിൽ സിപിഎമ്മുമായി നേരിട്ട് ബന്ധമുള്ളത് എൻ വാസുവിന് മാത്രമായിരുന്നു. വാസു പാർട്ടിയുടെ ഉന്നത നേതാവുമായിരുന്നില്ല. എന്നാൽ, എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും മുൻ എംഎൽഎയുമാണ്. അതുകൊണ്ട് തന്നെ സ്ഥിരം ന്യായീകരണങ്ങളൊന്നും കൊണ്ട് കാര്യമില്ലെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്.
സ്വർണക്കൊള്ളക്കേസിൽ പ്രധാന ആസൂത്രകൻ എ പത്മകുമാറാണെന്ന വിലയിരുത്തലിലാണ് പ്രത്യേക അന്വേഷണ സംഘം. 54 വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവായ എ പത്മകുമാറിനെതിരെ ഇത്ര വലിയൊരു ആരോപണം ഉയരുമ്പോൾ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ഉഴലുകയാണ് സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇന്നലെ തന്നെ വിഷയത്തിൽ പ്രതികരിച്ചെങ്കിലും ദുർബലമായ പ്രതിരോധമാണ് ഉയർത്തിയത് എന്നത് ശ്രദ്ധേയമാണ്.
സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണ ഘട്ടം മുതൽ പാർട്ടിയിൽ നിർണായക പങ്കുവഹിച്ചിരുന്ന നേതാവാണ് പത്മകുമാർ. 1991-ൽ കോന്നിയിൽ നിന്ന് എം.എൽ.എയായി നിയമസഭയിൽ എത്തി. പിന്നീട് 2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായ അദ്ദേഹം, പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി കണക്കാക്കപ്പെട്ടിരുന്നു. അഴിമതി കേസിൽ ഈ നേതാവ് തന്നെ കുടുങ്ങിയത് പിണറായി വിജയനും വ്യക്തിപരമായി തിരിച്ചടിയാണ്.
ശബരിമലയിലെ സ്വർണക്കൊള്ള നടന്നത് ദേവസ്വം വകുപ്പിന് മേൽനോട്ടം വഹിച്ചിരുന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാലഘട്ടത്തിലാണ്. അതിനാൽ തന്നെ തീരുമാനങ്ങൾ മന്ത്രിയുടെ അറിവില്ലാതെ നടക്കില്ലെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുകയാണ്. അന്വേഷണം മുൻമന്ത്രിയിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. എന്നാൽ മന്ത്രിക്ക് ബോർഡിന്റെ തീരുമാനം നിയന്ത്രിക്കാൻ അധികാരമില്ലെന്ന നിലപാട് കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു.
ഉന്മേഷത്തോടെ യുഡിഎഫ് ക്യാമ്പ്
എ പത്മകുമാറിന്റെ അറസ്റ്റോടെ എൽഡിഎഫ് ക്യാമ്പിൽ അമ്പരപ്പും നിരാശയും വ്യാപിക്കുമ്പോൾ യുഡിഎഫ് ക്യാമ്പ് ഉണരുകയാണ്. കൈവിട്ടുപോയ സാധ്യതകളൊക്കെ തിരിച്ചുവരുന്നു എന്ന പ്രതീതി നേതാക്കളിലും കാണാം. അധികാര തർക്കത്തിൽ ആയിരം ധ്രുവങ്ങളിലായി വിഘടിച്ചു നിന്നിരുന്ന കോൺഗ്രസ് നേതാക്കൾ സർക്കാരിനും സിപിഎമ്മിനുമെതിരെ വിമർശനം ഉയർത്താനായെങ്കിലും ഒരുമിക്കുന്ന കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ കേരളം സാക്ഷ്യംവഹിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് കോൺഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നത്.