ഷാബാ ഷരീഫ് വധക്കേസ്; ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും തടവ് ശിക്ഷ

0

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ പ്രതി ചേർത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു.

മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിൻറെ വിചാരണ തുടങ്ങിയത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താൻ കഴിയാത്ത കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങളാണ് നിർണായകമായത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.

തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ് കേസിന് ബലമായത്.

കേസിൽ മാപ്പുസാക്ഷിയായ ഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്‌റഫിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here