ബംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ മാത്രം അകലം; ഹൊസൂരില്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് എംകെ സ്റ്റാലിന്‍

0

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ വിമാനത്താവളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഐടി ഹബ്ബായ ബംഗളുരുവില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുളള ഹൊസൂരിലാണ് നിര്‍ദിഷ്ട വിമാനത്താവളം. രണ്ടായിരം ഏക്കര്‍ വിസ്തൃതിയില്‍ വിമാനത്താവളം പണിയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രതിവര്‍ഷം മൂന്ന് കോടി പേരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ വിമാനത്താവളം നിര്‍മിക്കാനാണ് പരിപാടി. ഹൊസുരിനെ സാമ്പത്തിക ഹബ്ബായി മാറ്റുക ലക്ഷ്യമിട്ടാണ് വിമാനത്താവളം. ഹൊസൂരിന് അടുത്ത് കിടക്കുന്ന പ്രദേശങ്ങളായ കൃഷ്ണഗിരി, ധര്‍മപുരി എന്നീ മേഖലകളുടെ സാമൂഹിക- സാമ്പത്തിക വികസത്തിന് വിമാത്താവളം സഹായകമാകുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ എല്ലാമേഖലയിലും തമിഴ്‌നാട് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൊസൂരിനെ സാമ്പത്തിക ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി വിവിധങ്ങളായ ദീര്‍ഘകാല പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനകം തന്നെ ഹൊസൂരില്‍ ഗണ്യമായ നിക്ഷേപകരെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഇലക്ട്രിക് വാഹനനിര്‍മാണ കമ്പനികളെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നു. ടാറ്റ ഇലക്ട്രോണിക്സ്, ടിവിഎസ്, അശോക് ലെയ്ലാന്‍ഡ്, ടൈറ്റന്‍, റോള്‍സ് റോയ്സ് (ഐഎഎംപിഎല്‍) തുടങ്ങിയ പ്രമുഖ കമ്പനികള്‍ അവയില്‍ ചിലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here