ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്

0

മെക്സിക്കോ സിറ്റി : മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം (61) തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു വനിതകൾ തമ്മിൽ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ടു നേടിയാണ് ക്ലൗഡിയ ഷെയ്ൻബോം വിജയിച്ചത്. എതിർസ്ഥാനാർഥിയും ബിസിനസുകാരിയുമായ ഷൊചിൽ ഗാൽവിസിനു 28 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

മെക്സിക്കോയുടെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് രണ്ടു വനിതകൾ പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കുന്നത്. മെക്സിക്കോയിൽ 2000 ൽ ഏകകക്ഷി സമ്പ്രദായം അവസാനിച്ചതിനുശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണ് ക്ലൗഡിയ നേടിയത്. തെരഞ്ഞെടുപ്പിലെ ഏക പുരുഷ സ്ഥാനാർഥി ജോർജ് അൽവാരസ് മയ്‌മെസിനെക്കാൾ 50 ശതമാനം വോട്ടിന്റെ ലീഡ് ക്ലൗഡിയയ്ക്കുണ്ട്.സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോറിന്റെ വിശ്വസ്തയാണ് ക്ലൗഡിയ. 2007 ൽ സമാധാന നൊബേൽ നേടിയ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) എന്ന യുഎൻ ഏജൻസിയുടെ ഭാഗമായിരുന്നു കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയായ ക്ലൗഡിയ. ഒക്ടോബർ ഒന്നിന് ക്ലൗഡിയ സ്ഥാനമേൽക്കും.

തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായി 2018-ൽ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ക്ലൗഡിയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയവർക്ക് ക്ലൗഡിയ നന്ദിപറഞ്ഞു. ഒബ്രദോറിനെപ്പോലെ പുരോഗമനവാദത്തിലൂന്നിയ നയങ്ങളാകും തന്റേതുമെന്ന് ക്ലൗഡിയ വ്യക്തമാക്കി. മെക്‌സിക്കോ സിറ്റിയുടെ മേയറായി ഭരണകക്ഷിയായ മൊറേനയുടെ ക്ലാര ബ്രുഗാദയും തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here