പിവിആറില്‍ മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തി; വിഷു കളക്ഷന് തിരിച്ചടി

0

കൊച്ചി: വിഷുവിനോട് അനുബന്ധിച്ച് ഒട്ടേറെ സിനിമകള്‍ റിലീസ് ചെയ്ത് വിജയകരമായി മറ്റു തിയറ്ററുകളില്‍ ഓടിക്കുന്നതിനിടെ, മലയാള സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തി പിവിആര്‍.ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് മലയാള സിനിമകളുടെ പ്രദര്‍ശനം പിവിആര്‍ നിര്‍ത്തിയത്.

ഫഹദ് ഫാസിലിന്റെ ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളാണ് ഇന്നലെ റിലീസ് ചെയ്തത്. പുതിയ തീരുമാനത്തോടെ, ഇന്ത്യയിലെ മുഴുവന്‍ പിവിആര്‍ സ്‌ക്രീനുകളിലെയും മലയാളം ഷോകള്‍ മുടങ്ങി. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനമുണ്ടായില്ല. ഫോറം മാളില്‍ ആരംഭിച്ച പുതിയ പിവിആര്‍ ഐനോക്‌സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല.

നിര്‍മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയറ്ററുകള്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.തിയറ്ററുകളില്‍ ഡിജിറ്റല്‍ പ്രിന്റ് എത്തിക്കാന്‍ തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന ഫീസിനോടൊപ്പം നിര്‍മാതാക്കളുടെ കയ്യില്‍നിന്നും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയില്‍ താഴെ മാത്രം ചെലവില്‍ തിയറ്ററുകളില്‍ സിനിമ എത്തിക്കാന്‍ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്.

പിവിആര്‍ അടക്കമുള്ള മള്‍ടിപ്ലക്‌സ് തിയറ്റുകള്‍ ഇന്ത്യ മുഴുവന്‍ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ്. ഫോറം മാളില്‍ പിവിആര്‍ തുടങ്ങിയ പുതിയ തിയറ്ററുകളിലും പുതിയ സംവിധാനം ഉപയോഗിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. കൊച്ചിയില്‍ ഇരു സംഘടനകളും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here