ജയിലില്‍ ഗീതയും രാമായണവും വേണം, മരുന്നുകള്‍ തുടരാന്‍ അനുവദിക്കണം; ജഡ്ജിയോട് കെജരിവാള്‍

0

ന്യൂഡല്‍ഹി: ഭഗവദ് ഗീതയും രാമായണവും ജയിലില്‍ അനുവദിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ കോടതിയില്‍. നീരജ ചൗധരിയുടെ ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ഇതിനൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടര്‍ന്നും കഴിക്കാന്‍ അനുമതി വേണമെന്നും കെജരിവാള്‍ കോടതിയോട് ആവശ്യപ്പെട്ടു.

മദ്യനയ അഴിമതിക്കേസില്‍ ഏപ്രില്‍ 15 വരെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി ജഡ്ജി കാവേരി ബജ് വ കെജരിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. കെജരിവാള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. വീണ്ടും ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കേണ്ടതുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.അതിനിടെ, കസ്റ്റഡിയില്‍ ഇരിക്കെ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉത്തരവ് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് ഇഡി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കെജരിവാള്‍ ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പി എസ് അറോറ എന്നിവരുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here