സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി 25 ലക്ഷം രൂപ കോഴ വാങ്ങി; അനിൽ ആന്റണിക്കെതിരെ ദല്ലാൾ നന്ദകുമാർ

0

കൊച്ചി : കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി ബിജെപി നേതാവും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനിൽ ആന്റണി 25 ലക്ഷം രൂപ വാങ്ങിയതായി ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു. താന്‍ ആവശ്യപ്പെട്ടയാളെ നിയമിച്ചില്ല. നിയമനം നടക്കാതെ വന്നതിനെത്തുടർന്ന് ഏറെ പണിപ്പെട്ടാണു പണം തിരികെ വാങ്ങിയതെന്നും നന്ദകുമാർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗഡുക്കളായിട്ടാണ് പണം തിരിച്ചുനല്‍കിയത്. ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് പണ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. ആരോപണം നിഷേധിച്ചാല്‍ പരസ്യ സംവാദത്തിന് തയാറാണെന്നും നന്ദകുമാര്‍ പറഞ്ഞു.പിതാവിനെ വെച്ച് വിലപേശി പണം വാങ്ങിയിരുന്ന ആളാണ് അനിൽ ആന്റണി. പ്രതിരോധമന്ത്രിയായിരിക്കെ എകെ ആന്റണി കൊണ്ടുപോകുന്ന പ്രതിരോധ കരാറുകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽപ്പന നടത്തി പണം വാങ്ങുന്ന വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.

ആരോപണങ്ങൾ തെളിയിക്കാൻ നന്ദകുമാറിനെ അനിൽ ആന്റണി വെല്ലുവിളിച്ചു. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയും ചില കോൺഗ്രസ് നേതാക്കളും ചേർന്നുണ്ടാക്കിയ കെട്ടുകഥയാണ് ആരോപണമെന്നും അനിൽ ആന്റണി പറഞ്ഞു. ആരോപണമുന്നയിച്ച ആൾ സമൂഹവിരുദ്ധനാണ്. അയാളെ ഒന്നുരണ്ട് തവണ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങൾ പറഞ്ഞു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ എന്നും അനിൽ ആന്റണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here