ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; സത്യഭാമയ്‌ക്കെതിരെ കേസ്

0

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം.”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്നവര്‍. ഇയാളെ കണ്ടു കഴിഞ്ഞാല്‍ കാക്കയുടെ നിറം. കാലുകുറച്ച് അകത്തിവച്ച് കളിക്കുന്നൊരു ആര്‍ട്ട് ഫോമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ കാലും കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുക എന്നുപറഞ്ഞാല്‍ ഇതുപോലൊരു അരോചകമില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല,”- സത്യാഭാമ പറഞ്ഞു.

സത്യഭാമയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങി നിരവധി പേരാണ് സത്യഭാമയ്‌ക്കെതിരെയും ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ചും രംഗത്തെത്തിയത്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തടക്കമുള്ള നിരവധി പേര്‍ സത്യഭാമയെ പരാമര്‍ശത്തെ അപലപിച്ചു.

Leave a Reply