കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശിയുടെ പോസ്റ്റുമോർട്ടം ഇന്ന്

0

 

 

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശിയുടെ പോസ്റ്റുമോർട്ടം ഇന്ന്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആണ് പോസ്റ്റുമോർട്ടം നടത്തുക. പോസ്റ്റുമോർട്ടത്തിന് ശേഷമാകും സംസ്കാരം നടത്തുവാനുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക.

 

കഴിഞ്ഞ ദിവസമായിരുന്നു കൂടല്ലൂർ സ്വദേശിയായ പ്രജീഷ് പാടത്ത് പുല്ലരിയാന്‍ പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

 

സംഭവത്തില്‍ ആദ്യഘട്ട നഷ്ടപരിഹാരമായ അഞ്ചുലക്ഷം തിങ്കളാഴ്ച നല്‍കും. കൂടാതെ ആശ്രിതന് ജോലിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്യും. കടുവയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അനുമതി തേടി. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത. കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്.നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിഎഫ്ഒ ഷജ്ന കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here