കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം എന്നൊന്നില്ല; ഷഹനയുടെ വീട് സന്ദര്‍ശിച്ച് വി മുരളീധരന്‍

0

 

കൊച്ചി: യുവ ഡോക്ടര്‍ ഷഹനയുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഷഹനയുടെ വിയോഗം വേദനാജനകമാണ്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം. കൂടിയ സ്ത്രീധനം, കുറഞ്ഞ സ്ത്രീധനം എന്നൊന്നില്ല. ഒരു തരത്തിലുള്ള സ്ത്രീധനവും ആരും ചോദിക്കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അത് തടയാനുള്ള നിയമ സംവിധാനം ഉണ്ടാകണം. നിയമത്തിന്റെ അപര്യാപ്തത ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

 

കര്‍ശന ശിക്ഷ ഉറപ്പുവരുത്തണം. പൊലീസ് എല്ലായ്‌പോഴും കുറ്റവാളിയുടെ പക്ഷത്ത് ചേരുന്നു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ബാഹ്യ സ്വാധീനം ഉണ്ടാകുന്നുണ്ടോ? അപകടകരമായ സാഹചര്യമാണിതെന്ന് വി മുരളീധരന്‍ പറഞ്ഞു. പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

 

പൊലീസ് സംവിധാനം മുഴുവന്‍ കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് വി മുരളീധരന്‍ കുറ്റപ്പെടുത്തി. ഉത്തരവാദപ്പെട്ട ആളുകള്‍ക്ക് കുറെ നാളുകളായി ഇതിനോടൊന്നും താത്പര്യമില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിസ്സംഗത ഉണ്ടാവുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് വി മുരളീധരന്‍ ആരോപിച്ചു.

 

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്തുളളത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിക്കണം. ചീഫ് സെക്രട്ടറി തത്കാലം മറുപടി കൊടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ജനങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതം അവര്‍ ആഗ്രഹിക്കുന്നു. അതിന് അനുകൂലമായ നടപടിയുണ്ടാവണെമെന്ന് വി മുരളീധരന്‍ പറഞ്ഞു. ചീഫ് സെക്രട്ടറി രാഷ്ട്രീയ താത്പര്യം പരിഗണിക്കരുത്. ചീഫ് സെക്രട്ടറി ജനങ്ങളോടുള്ള താത്പര്യം പ്രകടമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഹമാസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ വ്യക്തത പാര്‍ലമെന്റില്‍ തന്നെ ഉണ്ടാവും. വിദേശകാര്യ വക്താവ് വ്യക്തത വരുത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ നല്‍കിയത് തന്റെ മറുപടി തന്നെയെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here