അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ; കോണ്‍ഗ്രസിന് രണ്ട് മനസ്സെന്ന് അനിൽ ആന്റണി

0

തിരുവനന്തപുരം: അയോദ്ധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് മനസെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി. കേന്ദ്ര നേതൃത്വം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ കേരളത്തിലെ നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ശബരിമലയില്‍ തീര്‍ത്ഥാടകരെ കന്നുകാലികളെ പോലെ കണ്ട സംസ്ഥാന സര്‍ക്കാരും അയോദ്ധ്യയെ ബഹിഷ്‌കരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് ജനവിരുദ്ധ നയമാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി. മുന്‍ തെരഞ്ഞെടുപ്പുകളെക്കാള്‍ വലിയ വിജയം എന്‍ഡിഎ ഇത്തവണ നേടുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ രാമക്ഷേത്രം സമര്‍പ്പണ ചടങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. രാമക്ഷേത്രം പറഞ്ഞ് കോണ്‍ഗ്രസിനെ വെട്ടിലാക്കാനാണ് ശ്രമം. നിലപാട് ഇന്ന് പറയണം, നാളെ പറയണം എന്ന് പറഞ്ഞാല്‍ നടക്കില്ലെന്നും സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചത് വ്യക്തിപരമായ ക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഇടത് വലത് കക്ഷികളുടെ തീരുമാനം ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് തര്‍ക്കസ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ചത്. മുസ്ലിം സമൂഹം സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ശ്രീരാമന്‍ ജനാധിപത്യത്തിന്റെ പ്രതീകവും മര്യാദാ പുരുഷോത്തമനുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here