സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ഹരീഷ് പേരടി

0

തിരുവനന്തപുരം: ഓൺലൈൻ വാർത്താ പോർട്ടലായ ‘ന്യൂസ് ക്ലിക്കി’നെതിരായ ഡൽഹി പൊലീസ് നടപടിയിൽ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സിപിഎമ്മിലെയും പുരോഗമന കലാ സാഹിത്യ സംഘത്തിലെയും ഇരട്ടത്താപ്പുകൾ തുറന്നുകാട്ടി നടൻ ഹരീഷ് പേരടി. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം

എന്നാൽ ഇതേ മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തേയും അധിക്ഷേപിച്ചെന്ന പേരിൽ കോഴിക്കോട്ടെ പരിപാടിയിൽ നിന്നും പുരോഗമന കലാ സാഹിത്യ സംഘം ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് പ്രതികരണം.

എന്താണ് വൈരുദ്ധ്യാത്മക ഭൗതിക കോമാളിത്തരം എന്ന പഠിക്കാത്ത തലമുറക്കായി സമർപ്പിക്കുന്നു…ഇതാണ് വൈരുദ്ധ്യാത്മക കള്ളത്തരം …പച്ച മലയാളത്തിൽ പറഞ്ഞാൽ ഞമ്മളിടുമ്പം ബർമൂഡാ..ഇങ്ങളിട്ടാൽ കീറിയ കോണകം…എന്തായാലും സഖാവിന്റെ ഈ പ്രസ്താവന പുകസ നേതൃത്വം നൂറ് തവണ കോപ്പിയെഴുതി പഠിക്കുന്നത് നല്ലതാണ്…എന്നാലും നേരം വെളുക്കാനുള്ള സാധ്യത കുറവാണ് എന്നും ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസിന്റെ നടപടി പുനഃപരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങൾക്ക് നിർഭയമായും സ്വതന്ത്രമായും സത്യസന്ധമായും വാർത്താ ശേഖരണവും പ്രകാശനവും നടത്താനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതുറപ്പുവരുത്താനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വും സൈബർ സഖാക്കളും വിമർശനങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയടക്കം ചൂണ്ടിക്കാട്ടിയാണ് വിഷയത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുപറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here