പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ ഗോവിന്ദന്‍ നേരത്തെ ഇറക്കി; കെ.സുധാകരന്‍

0

പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്‌സൂള്‍ നേരത്തെ ഇറക്കി സിപിഐഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എട്ടാം തീയതിയിലേക്കു വച്ചിരുന്ന ക്യാപ്‌സൂള്‍ അറിയാതെ അദ്ദേഹത്തിന്റെ നാവില്‍നിന്നു പുറത്തുവന്നു.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഐഎം ഈ ക്യാപ്‌സൂള്‍ തയാറാക്കി വച്ചിരിക്കുന്നത്.

ഫലം പുറത്തുവരുന്നതിനു മുമ്പേ സിപിഐഎമ്മില്‍ ആഭ്യന്തരകലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചു എന്ന് വരെ ലേഖനം എഴുതി. ഭരണയന്ത്രം തുരുമ്പിക്കുകയും ഭരിക്കുന്നവര്‍ അഴുകുകയും ചെയ്തു. ഇനിയും പാര്‍ട്ടിയിലെ പലരുടെയും പലതും പുറത്തുവരാനുണ്ട്.

പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍ പോകുന്നത്. സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്‍ ഒരു നേര്‍ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണു ചെയ്തത്. പിണറായിയുടെ മാടമ്പി സ്വഭാവം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സഹിക്കാവുന്നതിനപ്പുറമാണ്. ഇടതുമുന്നണിയിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. കര്‍ഷകരുടെ അന്നവും സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സര്‍ക്കാരാണിത്. ഇടതുമുന്നണിയുടെ തകര്‍ച്ചയുടെ ആഘാതം കൂട്ടുന്നതായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here