സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽ വീണ യുവജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വർണാഭരണങ്ങളും ഫോണും

0

കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയിൽ വീണ യുവജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വർണാഭരണങ്ങളും ഫോണും. കൊല്ലത്തുള്ള യുവജ്യോത്സ്യനാണ് ആതിര എന്നു പരിചയപ്പെടുത്തിയ യുവതിയുടെ കെണിയിൽ വീണത്. ഫേസ്‌ബുക്ക് വഴിയുള്ള ബന്ധം വളർന്നതോടെ യുവതി ജ്യോത്സ്‌നെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നു. ശേഷം ഭാര്യാ ഭർത്താക്കന്മാരെന്ന് പരിചയപ്പെടുത്തി ഹോട്ടലിൽ മുറിയെടുത്ത ശേഷം ജ്യൂസിൽ മരുന്നു കലർത്തി നൽകി സ്വർണവും പണവും അടിച്ചു മാറ്റി കടന്നുകളയുക ആയിരുന്നു.

അഞ്ച് പവന്റെ മാല, മൂന്നു പവന്റെ ചെയിൻ, മൂന്നു പവന്റെ മോതിരം എന്നിവയടക്കം 13 പവൻ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈൽ ഫോണുമാണ് കവർന്നത്. യുവതിയും സുഹൃത്തായ യുവാവും ചേർന്നാണ് ജ്യോത്സ്യനെ കെണിയിൽ വീഴ്‌ത്തിയത്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെ കുറിച്ചുള്ള ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുൺ (34) എന്നാണ് പ്രതികൾ ജ്യോത്സ്യനോടു പറഞ്ഞിരുന്ന പേരുകൾ. ഇവരുടെ പേരും വിലാസം വ്യാജമാണെന്നും സൂചനയുണ്ട്. ഇവർ ജ്യോത്സ്യനുമായി ബന്ധം സ്ഥാപിച്ച ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ 24-നായിരുന്നു സംഭവം. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞാണ് യുവതി ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിച്ചത്. ശേഷം ഹണി ട്രാപ്പ് മോഡൽ കെണിയൊരുക്കുക ആയിരുന്നു. യുവതിയുമായുള്ള ബന്ധം വളർന്നതോടെ യുവതിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ കൊച്ചിയിലെത്തിയത്. തുടർന്ന് തന്റെ അടുത്ത സുഹൃത്തായ അരുൺ ഇടപ്പള്ളിയിലുണ്ടെന്നും അവിടേയ്ക്ക് പോകാമെന്നും ജോത്സ്യനോട് പറഞ്ഞു.

ഇരുവരും കാറിൽ ഇടപ്പള്ളിയിലേക്ക് പോയി. അരുണിനൊപ്പം ഉച്ചയ്ക്ക് ഇടപ്പള്ളിയിലെ ഹോട്ടലിലെത്തിയ മൂവർ സംഘം ജോത്സ്യനും ആതിരയും ഭാര്യാഭർത്താക്കന്മാരെന്ന വ്യാജേനെ മുറിയെടുപ്പിച്ചു. പായസം നൽകിയെങ്കിലും ജോത്സ്യൻ കഴിച്ചില്ല. തന്ത്രപരമായി ലഹരി പാനീയം നൽകി മയക്കിയ ശേഷം മോഷണം നടത്തുക ആയിരുന്നു.

ഹോട്ടലിൽനിന്ന് പുറത്തേക്കിറങ്ങിയ യുവതി ഭർത്താവ് ഉറങ്ങുകയാണെന്നും വൈകീട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. വൈകീട്ട് ഇവർ മുറിയിലെത്തിയപ്പോഴാണ് ജ്യോത്സ്യനെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഇയാൾ ബന്ധുക്കളുടെ സഹായത്തോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

കൊച്ചിയിലുള്ള ബന്ധുവിന്റെ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ തൊട്ടടുത്ത ദിവസം പൊലീസിനെ സമീപിച്ചു. ഹോട്ടലിലെ സി.സി ടിവി ദൃശ്യം ശേഖരിച്ചെങ്കിലും യുവതി മാസ്‌ക് വച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. ഇവരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നീക്കിയ നിലയിലാണ്. ഇത് വീണ്ടെടുത്ത് പ്രതികളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here