കോട്ടയം: നാമനിർദേശ പത്രിക സർപ്പിച്ചതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്‍റെ സ്വത്ത് സംബന്ധിച്ച കാര്യങ്ങളിൽ എതിരാളികൾ ഉന്നയിച്ച വിമർശനത്തിന് മറുപടിയുമായി സഹോദരൻ. ജെയ്ക്ക് അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും ഹൈവേ സൈഡിലുള്ള ഭൂമിക്ക് വില കൂടുന്നത് സ്വാഭാവികമാണെന്നും സഹോദരൻ തോമസ് സി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്നും തോമസ് വ്യക്തമാക്കി. ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉള്‍പ്പടെ പറഞ്ഞതെന്നും എന്നാല്‍ പിതാവിന്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ മിണ്ടാതിരിക്കാനായില്ല. ജീവിച്ചിരുന്നെങ്കില്‍ അച്ഛന് ഇപ്പോള്‍ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ല്‍ അദ്ദേഹം മരിക്കുമ്പോൾ 89 വയസ്സായിരുന്നു. വൈകി വിവാഹം കഴിച്ച പിതാവിന് വാര്‍ധക്യകാലത്താണ് മക്കളുണ്ടായതെന്നും തോമസ് പറഞ്ഞു.