തോരാതെ ദുരിതം ; 3 മരണം , അഞ്ചുനാള്‍കൂടി പെരുമഴ തുടരും

0


സംസ്‌ഥാനമാകെ തിമിര്‍ത്തുപെയ്യുന്ന മഴ അഞ്ചുദിവസം കൂടി തുടരുമെന്നു കാലാവസ്‌ഥാമുന്നറിയിപ്പ്‌. മഴക്കെടുതിയില്‍ മൂന്നുമരണം, ഒരാളെ കാണാതായി. നദികള്‍ കരകവിഞ്ഞു. കടല്‍ക്ഷോഭത്തില്‍ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി.
പാലക്കാട്‌, വടക്കഞ്ചേരിയില്‍ പാടത്ത്‌ കളപറിക്കുകയായിരുന്ന ആദിവാസി സ്‌ത്രീ മറിഞ്ഞുവീണ തെങ്ങിനടിയില്‍പ്പെട്ട്‌ മരിച്ചു. കണക്കതുരുത്തി പല്ലാറോഡ്‌ മിച്ചഭൂമിയില്‍ താമസിക്കുന്ന മണിയുടെ ഭാര്യ തങ്കമണി(53)യാണു മരിച്ചത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 12.50-നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. തെങ്ങ്‌ വീണ്‌ വൈദ്യുതി ലൈന്‍ പൊട്ടിവീണെങ്കിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ വന്‍ദുരന്തമാണ്‌ ഒഴിവായത്‌.
തൃശൂര്‍ ജില്ലയിലെ പടിയൂര്‍ അരിപ്പാലത്ത്‌ കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍വഴുതി വീണ്‌ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പടിയൂര്‍ വളവനങ്ങാടി കൊല്ലമാപറമ്പില്‍ ആന്റണിയുടെ മകന്‍ വെറോണാ(19)ണ്‌ മരിച്ചത്‌.
പത്തനംതിട്ട, അടൂരില്‍ തോട്ടിലേക്ക്‌ ഓട്ടോറിക്ഷ മറിഞ്ഞ്‌ ഡ്രൈവര്‍ മരിച്ചു. വിമുക്‌തഭടന്‍ തട്ട മല്ലിക മിനിഭവനില്‍ ഉണ്ണിക്കൃഷ്‌ണക്കുറുപ്പാ(53ണു മരിച്ചത്‌. അടൂര്‍ ബിനോബാജി നഗറിലെ വലിയതോടിന്റെ കൈവഴിയിലേക്കാണ്‌ ഓട്ടോ മറിഞ്ഞത്‌. ഇന്നലെ വൈകിട്ട്‌ ആറരയോടെയാണ്‌ അപകടം. ശക്‌തമായ മഴയില്‍ തോട്‌ നിറഞ്ഞൊഴുകുന്നതിനാല്‍ ഓട്ടോയ്‌ക്ക്‌ അടിയില്‍ കുടുങ്ങിയ ഉണ്ണിക്കൃഷ്‌ണക്കുറുപ്പിന്‌ രക്ഷപ്പെടാന്‍ സാധിച്ചില്ല. അടൂരില്‍നിന്ന്‌ അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തോട്ടപ്പള്ളി പൊഴിയില്‍ വള്ളം മറിഞ്ഞ്‌ കാണാതായ ഇതരസംസ്‌ഥാനത്തൊഴിലാളിക്കായി തെരച്ചില്‍ തുടരുന്നു. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ്‌ എസ്‌കവേറ്റര്‍ ജീവനക്കാരനായ ബിഹാര്‍ സ്വദേശി രാജ്‌കുമാറി(23)നെയാണു കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടോടെ കാണാതായത്‌.
തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധനവള്ളം മറിഞ്ഞു. മൂന്ന്‌ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറോടെ അഴിമുഖത്തുണ്ടായ ശക്‌തമായ തിരയില്‍പ്പെട്ടാണു വള്ളം മറിഞ്ഞത്‌. കൊല്ലം-ചെങ്കോട്ട റെയില്‍പാതയില്‍ മരം വീണ്‌ ഗതാഗതം തടസപ്പെട്ടു. പുനലൂര്‍- കൊല്ലം, കൊല്ലം-പുനലൂര്‍ മെമു സര്‍വീസുകള്‍ റദ്ദാക്കി. കുണ്ടറയിലും പുനലൂരും മരം വീണ്‌ വീടുകള്‍ തകര്‍ന്നു.

വീടുകളിലും റോഡുകളിലും കടല്‍!

പശ്‌ചിമകൊച്ചിയില്‍ കടല്‍ക്ഷോഭം രൂക്ഷം. കണ്ണമാലി മുതല്‍ നൂറുകണക്കിന്‌ വീടുകളില്‍ വെള്ളം കയറി. റോഡുകളിലും കടല്‍വെള്ളം നിറഞ്ഞു. ഇന്നലെ രാവിലെ 11 മുതല്‍ കടല്‍കയറ്റം തുടങ്ങി. ഉച്ചകഴിഞ്ഞ്‌ ഒന്നോടെ വീടുകളില്‍ വെള്ളം കയറി. പ്രദേശത്തു കടല്‍ഭിത്തിയില്ല. ചാക്കില്‍ മണ്ണുനിറച്ചാണു കടലിനെ പ്രതിരോധിച്ചിരുന്നത്‌. കണ്ണമാലിക്കു സമീപം ചെല്ലാനത്ത്‌ ടെട്രാപോഡുകള്‍ ഉള്ളതിനാല്‍ കടലേറ്റം തടയാനായി. മലപ്പുറം പൊന്നാനിയില്‍ കടല്‍ക്ഷോഭത്തേത്തുടര്‍ന്ന്‌ 20 വീടുകളില്‍ വെള്ളം കയറി. എറണാകുളം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റേഷനില്‍ വെള്ളം കയറി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണമേഖലകളിലെ വീടുകളില്‍ വെള്ളം കയറി.
ഇടമലയാറില്‍ ശക്‌തമായ മഴയേത്തുടര്‍ന്ന്‌ ഭൂതത്താന്‍കെട്ട്‌ അണക്കെട്ടിന്റെ എല്ലാ ഷട്ടറും തുറന്നു. മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പമ്പ, കക്കാട്ടാര്‍ തീരവാസികള്‍ക്കു ജാഗ്രതാനിര്‍ദേശം. മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ്‌ ഡാമിന്റെ ഒരു ഷട്ടര്‍ 10 സെ.മീ. ഉയര്‍ത്താന്‍ ജില്ലാ കലക്‌ടറുടെ അനുമതി. മുതിരപ്പുഴയാര്‍ തീരവാസികള്‍ക്കു ജാഗ്രതാനിര്‍ദേശം.

മലയോരങ്ങള്‍ ഒറ്റപ്പെട്ടു

കോട്ടയം ജില്ലയിലെ വൈക്കം, വെച്ചൂരില്‍ വീട്‌ തകര്‍ന്നു. കോസ്‌വേകള്‍ വെള്ളത്തിലായതോടെ മലയോരമേഖലകളിലെ നൂറുകണക്കിനു കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
മീനച്ചില്‍, മണിമല, പമ്പയാറുകള്‍ അപകടനിരപ്പ്‌ കവിഞ്ഞൊഴുകുന്നു. രാത്രി വൈകിയും മഴ തുടരുന്നതിനാല്‍ പാലാ ഉള്‍പ്പെടെ വെള്ളപ്പൊക്കഭീഷണിയില്‍. വെച്ചൂരില്‍ വീട്‌ ഇടിഞ്ഞുവീണു, ആര്‍ക്കും പരുക്കില്ല. പത്തനംതിട്ട, വെണ്ണിക്കുളത്ത്‌ ഇടത്തല കോളനിയില്‍ മണിമലയാര്‍ കരകവിഞ്ഞ്‌ നാലുവീടുകളില്‍ വെള്ളം കയറി. തിരുവല്ല, മംഗലശേരി കോളനിയിലെ മൂന്ന്‌ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here