മുല്ലപ്പെരിയാറില്‍ പരിശോധനയുമായി തമിഴ്‌നാട്‌ മുന്നോട്ടുപോകുമെന്ന്‌ കേന്ദ്ര ജലകമ്മിഷന്‍ ,സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി

0


കൊച്ചി: ഇരുസംസ്‌ഥാനങ്ങളും തമ്മില്‍ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്‌ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പരിശോധനയുമായി തമിഴ്‌നാട്‌ മുന്നോട്ടുപോകുമെന്നു കേന്ദ്ര ജലകമ്മിഷന്‍ സുപ്രീം കോടതിയില്‍.
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചു സ്വതന്ത്ര പഠനത്തിനു സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ, ഇതിനുള്ള നടപടികള്‍ തമിഴ്‌നാട്‌ സ്വീകരിക്കുമെന്നും കേന്ദ്ര ജല കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷന്‍ സമര്‍പ്പിച്ച തല്‍സ്‌ഥിതി റിപ്പോര്‍ട്ടിലാണ്‌ ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്‌.
അതേസമയം, സ്വതന്ത്ര സമിതിയെ വച്ചുള്ള സമഗ്ര പരിശോധനയാണു കോടതി നിര്‍ദേശിച്ചിരുന്നത്‌. കേരളത്തിന്‌ ഇതുമായി ബന്ധപ്പെട്ട്‌ ആശങ്കയുള്ളതിനാല്‍, പരിശോധനയ്‌ക്കു തമിഴ്‌നാടിനെ തന്നെ ചുമതലപ്പെടുത്തുന്നതിനു തുല്യമാവും ഇതെന്നു വിലയിരുത്തലുണ്ട്‌. കേരളത്തിലെ പ്രളയ സാഹചര്യം കണക്കിലെടുത്തു മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതു സംബന്ധിച്ച വിവരം മുന്‍കൂര്‍ അറിയിക്കുന്ന കാര്യത്തില്‍ സാങ്കേതിക തടസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌. ഇതിനു താല്‍ക്കാലിക പരിഹാരം കാണാനാണു നിലവില്‍ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വള്ളക്കടവ്‌ മുല്ലപ്പെരിയാര്‍ ഗാട്ട്‌ റോഡ്‌ അറ്റകുറ്റപ്പണി നടത്തി ശക്‌തിപ്പെടുത്തുന്ന വിഷയത്തില്‍ കേരളം സഹകരിക്കുന്നില്ലെന്ന പരാതിക്കും തീര്‍പ്പുണ്ടായെന്നാണു സൂചന. നിര്‍മാണത്തിനുള്ള എസ്‌റ്റിമേറ്റ്‌ കേരളത്തിന്റെ വനം വകുപ്പ്‌ തമിഴ്‌നാടിനു കൈമാറും. അവര്‍ തുക നല്‍കുന്ന മുറയ്‌ക്കു കേരളം നിര്‍മാണത്തിലേക്കു കടക്കും.
അതേസമയം, ബേബി, എര്‍ത്ത്‌ ഡാമുകളിലെ 15 മരങ്ങള്‍ മുറിച്ചുനീക്കുന്ന കാര്യത്തില്‍ തീര്‍പ്പായില്ല. കേരളം ഇനിയും അനുമതി നല്‍കിയിട്ടില്ലെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സമിതി ഇരു ചീഫ്‌ സെക്രട്ടറിമാരോടും നിര്‍ദേശിച്ചിരുന്നു.

Leave a Reply