സിം ആഫ്രോ ടൂർണമെന്റിൽ ശ്രീശാന്ത് മാജിക്; സൂപ്പർ ഓവറിൽ ഹരാരെക്ക് ജയം

0

സിംബാബ്‌വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 (Zim Afro T10) ലീഗിൽ മാജിക്കൽ ബൗളിംഗ് പെർഫോമൻസുമായി മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ ശ്രീശാന്ത്. പാർഥിവ് പട്ടേൽ നയിക്കുന്ന കേപ് ടൗൺ സാമ്പ് ആർമിക്കെതിരെയാണ് ഓയിൻ മോർഗൻ നയിക്കുന്ന ഹരാരെ ഹരികെയിൻസിന് വേണ്ടിയുള്ള ശ്രീയുടെ മിന്നും പ്രകടനം. മത്സരത്തിന്റെ അവസാന ഓവർ എറിയാൻ ഇംപാക്ട് താരം ശ്രീശാന്ത് എത്തിയതോടെ കളിയുടെ ഗതി തന്നെ തിരിയുകയായിരുന്നു.

ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറിൽ എട്ട് റൺസായിരുന്നു കേപ്ടൗണിന് ജയിക്കാൻ വേണ്ടിയിരുന്നത്. ശ്രീ മാജിക്കിനൊപ്പം തകർപ്പൻ ഫീൽഡിംഗും കൂടി ചേർന്നതോടെ വെറും 7 റൺസ് മാത്രം വിട്ടുകൊടുത്ത് മത്സരം സമനിലയിൽ അവസാനിച്ചു. തുടർന്ന് സൂപ്പർ ഓവറിലേക്ക് നീണ്ട കളിയിൽ താരത്തിന്റെ ടീമായ ഹരാരെ വിജയിക്കുകയും ചെയ്തു. ടൂർണമെന്റിലെ തന്റെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ ശ്രീശാന്ത് തന്റെ പ്രതിഭയ്ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന അതുല്യ പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ ബോളിൽ തന്നെ മിന്നുന്ന പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയ ശ്രീശാന്തിനെ ഹരാരെ ഹരിക്കൻസ് ഉടമ സോഹൻ റോയ് അഭിനന്ദിച്ചു. ഈ മത്സരത്തിന്റെ ഫലം മാറ്റിയെഴുതിയത് ശ്രീശാന്ത് എന്ന വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ശാരീരിക ക്ഷമതയും ഓരോ ബോളിലും തന്റേതായ കയ്യൊപ്പും കാഴ്ചവച്ചുകൊണ്ട് സ്റ്റേഡിയത്തെ ഉത്സവസമാനമാക്കാൻ ശ്രീശാന്തിന് സാധിച്ചു. ടീമിന്റെ അഭിമാനമാണ് ഈ കളിക്കാരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി കൂടിയായ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇത്തരമൊരു അവസരത്തിന് അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിനെ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here