മകൻ്റെ ഉപരിപഠനത്തിനു തൻ്റെ മരണാനന്തര സഹായധനം ഉപകരിക്കുമെന്ന പ്രതീക്ഷയിൽ;ബസിനു മുന്നിൽ ചാടി ജീവനൊടുക്കി വീട്ടമ്മ

0

ചെന്നൈ: മകൻ്റെ ഉപരിപഠനത്തിനു തൻ്റെ മരണാനന്തര സഹായധനം ഉപകരിക്കുമെന്ന പ്രതീക്ഷയിൽ ബസിനു മുന്നിൽ ചാടി ജീവനൊടുക്കി വീട്ടമ്മ. തമിഴ്‌നാട് സേലം സ്വദേശിനി പാപ്പതി(46) ആണ് മകൻ്റെ നല്ല ഭാവിക്കു വേണ്ടി ഈ കടുംകൈ ചെയ്‌തത്‌. മൂന്നാഴ്ച്ച മുൻപാണ് അപകടം ഉണ്ടായതെങ്കിലും മകനെ പഠിപ്പിക്കാൻ വേണ്ടിയാണു പാപ്പതി ജീവത്യാഗം ചെയ്‌തതെന്ന്‌ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മകന് ഫീസ് കൊടുക്കാൻ മാർഗ്ഗമില്ലാതിരുന്ന പാപ്പതി, അപകട മരണം സംഭവിച്ചാൽ ആശ്രിതർക്ക് ധനസഹായം ലഭിക്കുമെന്ന് മനസ്സിലാക്കി. താൻ മരിച്ചാൽ ലഭിക്കുന്ന സഹായധനം ഉപരിപഠനത്തിന് ഉപകരിക്കുമെന്നും ചിന്തിച്ചു.

തുടർന്ന് കഴിഞ്ഞ മാസം 28നു റോഡിലേക്കിറങ്ങിയ ഇവർ അമിതവേഗത്തിലെത്തിയ ബസിനു മുന്നിൽ ചാടുകയായിരുന്നു. ബസിടിച്ച ഇവർ തത്ക്ഷണം മരണമടയുകയും ചെയ്‌തു. സിസി ടിവി പരിശോധിച്ച പോലീസ്, ഇവർ അതെ ദിവസം സമാന രീതിയിൽ മറ്റൊരു തവണയും ജീവനൊടുക്കാൻ ശ്രമിച്ചതായും കണ്ടെത്തി. എന്നാൽ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഭർത്താവില്ലാത്ത പാപ്പതി കലക്ടറേറ്റിലെ താത്കാലിക ജോലിക്കാരി ആയിരുന്നു. മകനെ കൂടാതെ മകൾക്കും അമ്മയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here