മാധ്യമ വേട്ടയിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0

മാധ്യമ വേട്ടയിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ദുബായിൽ മാധ്യമ പ്രവർത്തകർ പിണറായി വിജയന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. മറുനാടൻ മലയാളിയ്‌ക്കെതിരെ പിവി അൻവർ നടത്തുന്ന സൈബർ ആക്രമണം പരിധി വിടുന്നു. പൊലീസ് കള്ളക്കേസുകൾ എടുക്കുന്നു. ഇതെല്ലാം വ്യാപക പ്രതിഷേധമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.

കേരളത്തിൽ മാധ്യമ വേട്ട തുടരുമെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ മൗനം നൽകുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ എത്തിയത്. യുഎസ്, ക്യൂബ സന്ദർശനം പൂർത്തിയാക്കി ഹവാനയിൽ നിന്നാണ് മുഖ്യമന്ത്രി എത്തിയത്. ദുബായിൽ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങും. കഴിഞ്ഞ മാസം അബുദാബിയിൽ വാർഷിക ഇൻവെസ്റ്റ്‌മെന്റ് മീറ്റിങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും കേന്ദ്രസർക്കാർ അനുമതി ലഭിക്കാതിരുന്നതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

സംസ്ഥാനത്ത് രണ്ട് ഐ.ടി പാർക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളെ ബന്ധിപ്പിച്ച് ഐ.ടി കോറിഡോറുകൾ തുടങ്ങുമെന്നും അതിനായുള്ള സ്ഥലമെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐ.ടി. മേഖലയിൽ കേരളത്തിന്റേതായ രീതിയിൽ മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായിയിൽ സ്റ്റാർട്ട് അപ് മിഷൻ ആരംഭിക്കുന്ന ഇൻഫിനിറ്റി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ഐ.ടി. രംഗത്ത് വളരെ നേരത്തെ തന്നെ ചുവട് വെച്ച സംസ്ഥാനമാണ്. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ഇ.കെ നയനാരുടെ നേതൃത്വത്തിൽ കേരളത്തിലാണ് സ്ഥാപിതമായത്. കേരളത്തിന്റെ ചുവട് പിടിച്ചാണ് മറ്റ് പല സംസ്ഥാനങ്ങളും ഐ.ടി. മേഖലയിൽ ഇത് പോലെയുള്ള സംരഭങ്ങൾക്ക് തുടക്കം കുറിച്ചത്. പക്ഷേ പിന്നീട് അതേ വേഗതയിൽ ഐ.ടി. രംഗത്ത് മുന്നോട്ട് പോകാൻ കേരളത്തിനായില്ല. സാധ്യതകളെ പൂർണമായി വിനിയോഗിക്കാനുള്ള ശ്രമമാണ് ഇപ്പോൾ സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാർട്ടപ്പുകളുടെ വരവ് യുവാക്കൾക്കിടയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തൊഴിൽസംസ്‌കാരം സ്റ്റാർട്ടപ്പുകൾ മാറ്റിമറിച്ചു. തൊഴിൽ തേടുന്നവരിൽ നിന്നും തൊഴിൽധാതാക്കളായി യുവാക്കൾ മാറി. 4500 കോടിയിലധികം രൂപയുടെ വിദേശനിക്ഷേപം കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം ഐ.ടി. മേഖലയിൽ ഇരുപതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം, സ്റ്റാർട്ടപ്പുകൾ ഇവയെല്ലാം സംയോജിപ്പിക്കുന്ന സുസ്ഥിര സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശനിയാഴ്ച ദുബായിലെത്തിയ മുഖ്യമന്ത്രി അവിടെനിന്നാണ് തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് തിരിക്കുക. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറും മന്ത്രി കെ.എൻ. ബാലഗോപാലും ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. ക്യൂബ സന്ദർശനസംഘത്തിലുണ്ടായിരുന്ന മന്ത്രി വീണാ ജോർജ് ഞായറാഴ്ച മടങ്ങിയെത്തി.

ലോക കേരളസഭാ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ ജൂൺ എട്ടിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടത്. അവിടെനിന്നായിരുന്നു ക്യൂബസന്ദർശനം. യാത്രസംബന്ധിച്ച ഔദ്യോഗിക അറിയിപ്പിൽ ദുബായ് സന്ദർശനം ഉൾപ്പെടുത്തിയിരുന്നില്ല. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തിങ്കളാഴ്ച ഡൽഹിയിലെത്തും. സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി. യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

Leave a Reply