ഇടുക്കി ജില്ലയിലെ ക്ഷീരകർഷകർക്കായുള്ള സബ്‌സിഡി പദ്ധതിയിൽ കൃത്രിമം കാണിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡെയറി ഫാം ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു

0

ഇടുക്കി ജില്ലയിലെ ക്ഷീരകർഷകർക്കായുള്ള സബ്‌സിഡി പദ്ധതിയിൽ കൃത്രിമം കാണിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡെയറി ഫാം ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ ഡെയറി ഫാം ഇൻസ്‌പെക്ടർ ബിനാഷ് തോമസിനെയാണ് ക്ഷീരവികസന വകുപ്പ് സസ്‌പെൻഡ് ചെയ്തത്.

നെടുങ്കണ്ടം, ഇടുക്കി, അടിമാലി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ നടപ്പാക്കിയ ‘ക്ഷീരകർഷകന് പാലിനു സബ്‌സിഡി’ പദ്ധതി വഴി 2019-
22 കാലയളവിൽ 25.7 ലക്ഷം രൂപ ബിനാഷ് തട്ടിയെടുത്തെന്ന ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നാണു നടപടി. ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്നവർക്കു ലഭിക്കുന്ന സബ്‌സിഡിയിൽ കൃത്രിമം കാട്ടിയാണ് ഇയാൾ പണം തട്ടിയത്.

ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്നവർക്കു 3 രൂപ പഞ്ചായത്തു വിഹിതവും ഒരു രൂപ ക്ഷീരവികസന വകുപ്പ് വിഹിതവും ഉൾപ്പെടെ ലീറ്ററിന് 4 രൂപ പ്രകാരമുള്ള സബ്‌സിഡി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു പദ്ധതി. ഈ പദ്ധതിയിൽ കൃത്രിമം കാണിച്ച ബിനാഷ് സംഘങ്ങളിൽ പാൽ കൊടുക്കാത്തവരുടെ അക്കൗണ്ടുകളിലേക്കു പോലും സബ്‌സിഡി മാറ്റിയതായി ഓഡിറ്റിൽ കണ്ടെത്തി.

ഒരു ഗുണഭോക്താവിനു തന്നെ 10 പഞ്ചായത്തുകളിൽ നിന്ന് ഒരേ സമയം സബ്‌സിഡി അനുവദിക്കപ്പെട്ടതായും ഓഡിറ്റിലുണ്ട്. 63 പേർക്കാണ് ഒരേ സമയം അഞ്ചിലേറെ പഞ്ചായത്തുകളിൽനിന്ന് തുക അനുവദിച്ചത്. ഇവരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. മറ്റു പഞ്ചായത്തുകളിലെ ചില ഉദ്യോഗസ്ഥർ പദ്ധതി നടത്തിപ്പിനായി ബിനാഷിന്റെ സഹായം തേടിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരുടെ ലോഗിൻ പാസ്വേഡുകൾ കൈക്കലാക്കിയും തട്ടിപ്പു നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here