ടൂറിസം ഹബ്ബായി മാറാൻ കൊച്ചി തുറമുഖം; ഒരുങ്ങുന്നത് വൻ വികസന പദ്ധതികൾ

0


കൊച്ചി: വൻ വികസന പദ്ധതികളുമായി ടൂറിസം ഹബ്ബായി മാറാൻ കൊച്ചി തുറമുഖം ഒരുങ്ങുന്നു. കപ്പൽ മാർഗ്ഗം കൊച്ചി തുറമുഖത്ത് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വികസന പദ്ധതികൾക്ക് രൂപം കൊടുക്കുന്നത്. കൊച്ചി തുറമുഖ അഥോറിറ്റിക്കു കീഴിലുള്ള സാഗരിക ക്രൂസ് ടെർമിനലിന്റെ പ്രവർത്തനവും നടത്തിപ്പും മറ്റ് വിനോദസഞ്ചാര പദ്ധതികളുടെ പ്രോത്സാഹനത്തിനുമായി താത്പര്യ പത്രം ക്ഷണിച്ചു. അന്താരാഷ്ട്ര വിനോദസഞ്ചാര നിലവാരത്തിൽ കൊച്ചി തുറമുഖത്തെ മാറ്റുകയാണ് ലക്ഷ്യം.

ഹോട്ടലുകൾ, എക്‌സിബിഷൻ/കൺവെൻഷൻ സെന്ററുകൾ, ആയുർവേദ വെൽനസ്/ഹെൽത്ത് സ്പാകൾ, ബിസിനസ് സൗകര്യങ്ങൾ തുടങ്ങിയവയാണ് തുറമുഖത്ത് ഒരുക്കുക. കൂടാതെ കയർ ബോർഡ്, റബ്ബർ ബോർഡ്, നാളികേര ബോർഡ്, സ്‌പൈസസ് ബോർഡ്, ആയുഷ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇവിടെ ഒരുക്കും. മെയ്‌ 31 വരെയാണ് താത്പര്യ പത്രം നൽകേണ്ടത്. ഇതിനുശേഷം പദ്ധതികൾക്കായുള്ള ടെൻഡർ നടപടികൾ ആരംഭിക്കും.

പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികൾക്ക് ഒരു വിമാനത്താവളത്തിൽ ലഭിക്കുന്ന സൗകര്യങ്ങളെല്ലാം കൊച്ചി തുറമുഖത്തും ലഭ്യമാകും. മൊത്തം 13.76 ഏക്കറിലാണ് വികസന പദ്ധതികൾ ഒരുങ്ങുക. ഇതിൽ 2.43 ഏക്കറിലാണ് സാഗരിക ടെർമിനൽ സ്ഥിതിചെയ്യുന്നത്.

വിനോദസഞ്ചാരികൾ എത്തുമ്പോൾ ഒരു സഞ്ചാരിയിൽനിന്ന് നികുതിയിനത്തിൽ കൊച്ചി തുറമുഖത്തിന് ലഭിക്കുന്നത് ആറ് ഡോളറാണ് (ഏതാണ്ട് 500 രൂപ). നിലവിലെ നികുതി അനുസരിച്ച് ഇതിന്റെ ഒരു വിഹിതം നടത്തിപ്പുകാരനും ലഭിക്കും. ക്രൂസ് ടെർമിനലിനു സമീപമൊരുക്കുന്ന സൗകര്യങ്ങളിൽനിന്ന് ലഭിക്കുന്നതിനു പുറമേയാണ് ഈ അധിക വരുമാനം നടത്തിപ്പുകാർക്ക് ലഭിക്കുക.

Leave a Reply