കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട

0

കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട. വാഹനപരിശോധനയ്ക്കിടെ സിന്തറ്റിക്ക് മയക്കുമരുന്നായ എം. ഡി. എം. എയുമായി എം.ബി. എ വിദ്യാർത്ഥിയുൾപ്പെടെ മൂന്ന് യുവാക്കൾ പൊലിസിന്റെ പിടിയിലായി.

പാലയാട് ബൈപ്പാസിനടുത്തെ മേൽപാലത്തിനടുത്ത് പൊലീസ് നടത്തിയ വഹന പരിശോധനയ്ക്കിടെയാണ് 2.81 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായത്. പാലയാട് നരി വയലിലെ മാർവ്വാസിൽ മുഹമ്മദ് അജ്മൽ നിഹാൽ (25), പാലയാട്ടെ എം.എൻ.മഹലിൽ റസാൽ (25) വെള്ളൊഴുക്കിലെ വി.ഷഹബാസ്(27) എന്നിവരെയാണ് വാഹന പരിശോധനക്കിടെ ധർമ്മടം എസ്‌ഐ.സതീശൻ പിടികൂടിയത്.

പ്രതികൾ സഞ്ചരിച്ച കെ.എൽ.58 എ.സി. 8657 മോട്ടോർ ബൈക്കും കസ്റ്റഡിയിലുണ്ട്. പിടികൂടിയവരെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്‌ച്ച രാത്രി ഒമ്പത് മണിയോടെയാണ് ബൈക്കിൽ മയക്ക് മരുന്ന് കടത്തുന്നതിനിടയിൽ പ്രതികൾ പിടിയിലായത്. ഇതിൽ രണ്ടുപേർ ഗൾഫിൽ ജോലി ചെയ്യുന്ന യുവാക്കളും ഒരാൾ എം.ബി. എ വിദ്യാർത്ഥിയുമാണ്.

പ്രതികൾ മയക്കുമരുന്ന് വിൽപനക്കാരാണോയെന്നു അന്വേഷണം നടത്തിവരികയാണെന്ന് ധർമടം പൊലീസ് അറിയിച്ചു. കണ്ണൂരിൽ മയക്കുമരുന്ന് ലഹരിവിൽപനയ്ക്കെതിരെ അന്വേഷണം ശക്തമാക്കാൻ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച്ച രാവിലെ മുതൽ വൈകുന്നേരം വരെ തലശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ ആർ. പി. എഫിന്റെ സഹകരണത്തോടെ പൊലീസ് പരിശോധന നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here