ഒഡീഷ ആരോഗ്യമന്ത്രി വെടിയേറ്റു മരിച്ചു; വെടിയുതിര്‍ത്തത്‌ എ.എസ്‌.ഐ.

0


ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ്‌ വെടിയേറ്റു മരിച്ചു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ഝാര്‍സുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌ നഗറില്‍ ഗാന്ധി ചൗക്കിന്‌ സമീപം പൊതുപരിപാടിക്കിടെയാണ്‌ മന്ത്രിക്കു നെഞ്ചില്‍ വെടിയേറ്റത്‌. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗാന്ധി ചൗക്ക്‌ പൊലീസ്‌ ഔട്ട്‌പോസ്‌റ്റിലെ എ.എസ്‌.ഐ: ഗോപാല്‍ ദാസാണ്‌ സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ച്‌ മന്ത്രിക്കു നേരേ നിറയൊഴിച്ചത്‌. ഇയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ല.
ബ്രജാജ്‌നഗര്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യാനാണ്‌ മന്ത്രിയെത്തിയത്‌. കാറില്‍നിന്ന്‌ പുറത്തിറങ്ങിയ മന്ത്രിയെ മുദ്രാവാക്യം വിളികളോടെ മാലയിട്ട്‌ അണികള്‍ സ്വീകരിക്കുന്നതിനിടെയാണ്‌ വെടിയൊച്ച കേട്ടത്‌. വെടിയേറ്റ മന്ത്രി പെട്ടെന്നു കാറിനുള്ളിലേക്കു വീഴുന്നതും ദൃശ്യങ്ങളിലുണ്ട്‌. എന്നാല്‍, വെടിവച്ചയാളെ ദൃശ്യത്തില്‍ കാണാനില്ല. വെടിയേറ്റു വീണ മന്ത്രിയെ മറ്റുള്ളവര്‍ കാറിലേക്കു കയറ്റുന്നതും മറ്റൊരു വീഡിയോയിലുണ്ട്‌. ബോധരഹിതനായിക്കിടക്കുന്ന മന്ത്രിയുടെ നെഞ്ചില്‍നിന്ന്‌ രക്‌തമൊഴുകുന്നതും ഈ വീഡിയോയില്‍ വ്യക്‌തമാണ്‌. മന്ത്രിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി വ്യോമമാര്‍ഗം ഭുവനേശ്വറിലേക്കു കൊണ്ടുപോയി.
രണ്ട്‌ വെടിയുണ്ടകളാണ്‌ മന്ത്രിയുടെ നെഞ്ചില്‍ തറച്ചത്‌. ഇതില്‍ ഒന്ന്‌ ഹൃദയത്തിലും ഇടത്‌ ശ്വാസകോശത്തിലും ഗുരുതരമായ പരിക്കുണ്ടാക്കിയതായി ആശുപത്രി അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ഇതുമൂലമുള്ള തീവ്രമായ ആന്തരിക രക്‌തസ്രാവമാണ്‌ മരണത്തിലേക്ക്‌ നയിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കി.
അതേസമയം, എ.എസ്‌.ഐ: ഗോപാല്‍ദാസ്‌ മാനസികാസ്വാസ്‌ഥ്യമുള്ളയാളാണെന്ന്‌ ഭാര്യ ജയന്തി പ്രതികരിച്ചു. മന്ത്രിയുമായി തന്റെ ഭര്‍ത്താവിന്‌ പ്രശ്‌നങ്ങളുള്ളതായി അറിയില്ല. അമിത രക്‌തസമ്മര്‍ദത്തിനു മരുന്നു കഴിക്കുന്നയാളാണ്‌ ഭര്‍ത്താവെന്നും അവര്‍ പറഞ്ഞു. സംഭവ സ്‌ഥലത്തുനിന്നും കസ്‌റ്റഡിയിലെടുത്ത ഗോപാല്‍ ദാസിനെ വിശദമായി ചോദ്യം ചെയ്‌തുവരുകയാണ്‌.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്‌ ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലെത്തി നബ കിഷോര്‍ ദാസിനെ സന്ദര്‍ശിച്ചിരുന്നു. മന്ത്രിക്കുനേരേയുണ്ടായ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു.
അതേസമയം, ആക്രമണത്തിനു പിന്നാലെ നബ കിഷോറിന്റെ അനുയായികള്‍ ബ്രജാജ്‌നഗറില്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷാവസ്‌ഥയുണ്ടായി. സുരക്ഷാ വീഴ്‌ചയുണ്ടായതായും ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അനുയായികള്‍ ആരോപിച്ചു.

Leave a Reply