പുതുവർഷപ്പുലരിയിൽ വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി

0

പുതുവർഷപ്പുലരിയിൽ വാഗമൺ പൈൻകാട്ടിലേക്കുള്ള വഴിയിലെ മൂന്നു വഴിയോര കടകൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടതായി പരാതി. അഞ്ചു ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കത്തിനശിച്ചതായി ഉടമകൾ പറഞ്ഞു.

കോലാഹലമേട് വെടിക്കുഴി സദേശികളായ ലാവണ്യദാസ്, പി കെ രമേശ്, രത്തിന ഭായ് എന്നിവരുടെ കടകളാണ് ഇന്നലെ അർധ രാത്രിക്ക് ശേഷം കത്തി നശിച്ചത്. രാത്രി 10 മണിയോടെയാണ് കടകൾ അടച്ച് പോയത്. പുലർച്ചെയാണ് ഇവിടെ കടകളിൽ നിന്നും പുകയുയരുന്നത് കണ്ടത്.

ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്‌സിലും വിവരം അറിയിച്ചു. പീരുമേട് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് ലാവണ്യ ദാസിനാണ്. ബംഗളൂരുവിൽ നിന്ന് ന്യൂഇയർ വ്യാപാരത്തിനായി കഴിഞ്ഞ ദിവസമാണ് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തത്.

പി കെ രമേശനും രത്തിനത്തിനുമായി രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. രാത്രി പന്ത്രണ്ട് മണിവരെ ഈ ഭാഗത്ത് പൊലീസ് പട്രോളിങ് ഉണ്ടായിരുന്നതാണ്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമീപത്തെ സ്വകാര്യ ഹോട്ടൽ കടയുടമകൾ ഉപരോധം സംഘടിപ്പിച്ചു.

മൂന്നു ദിവസത്തിനുള്ളിൽ പ്രതികള അറസ്റ്റ് ചെയ്യാമെന്ന വാഗമൺ സിഐയുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here