38 വർഷം മുമ്പ് അയച്ച ഉപഗ്രഹം ഇന്ന് ഭൂമിയിൽ പതിച്ചേക്കും; അപകടമുന്നറിയിപ്പുമായി നാസ

0

നാസയുടെ 38 വർഷം പഴക്കമുള്ള ഉപ​ഗ്രഹം ഇന്ന് ഭൂമിയിൽ പതിച്ചേക്കാമെന്ന് മുന്നറിയിപ്പ്. നാസയുടെ ഏർത് റേഡിയേഷൻ ബജറ്റ് സാറ്റലൈറ്റ്’ (ഇആർബിഎസ്) എന്ന ഉപ​ഗ്രഹമാണ് ഭൂമിയിൽ ഇന്ന് പതിക്കാൻ സാധ്യതയുള്ളത്. സാറ്റലൈറ്റ് അവശിഷ്ടങ്ങൾ ഭൂമിയിൽ വീഴാൻ സാധ്യതയുണ്ടെങ്കിലും അപകടസാധ്യത വളരെ കുറവാണെന്ന് നാസ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2023 ജനുവരി 8ന്, അമേരിക്കൻ സമയം വൈകീട്ട് 6:40 ന് ഇആർബിഎസ് ഭൂമിയിൽ പതിച്ചേക്കാമെന്നും അപകടം സംഭവിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്.സമയത്തിൽ 17 മണിക്കൂർ അങ്ങോട്ടോ, ഇങ്ങോട്ടോ മാറ്റംവന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അപകട സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും, അത് താരതമ്യേന കുറവായിരിക്കും എന്നാണ് നാസയുടെ വിലയിരുത്തൽ. ഏകദേശം 9400ൽ ഒന്ന് സാധ്യത മാത്രമേ ഇതിനുള്ളു.

1984 ഒക്ടോബർ 5നാണ് നാസ ഇആർബിഎസ് സാറ്റലൈറ്റ് അയച്ചത്. ഇതിന് 5400 പൗണ്ടാണ് ഭാരം. താഴേക്കു പോരുംതോറും ഇതിന്റെ ഭാഗങ്ങൾ കത്തി നശിച്ചുകൊളളും എന്നും നാസ പറയുന്നു. പക്ഷെ, ഇതിലെ ചെറുതും വലുതുമായ കരുത്തുറ്റ ഭാഗങ്ങൾ കത്തി നശിക്കില്ല. അവ ജനവാസമേഖലകളിൽ പതിക്കുകയും അപകടം സംഭവിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ചതിനേക്കാൾ രണ്ട് വർഷം അധികം സേവനം നൽകിയ ശേഷമാണ്, ഈ സാറ്റലൈറ്റ് 2005ൽ പ്രവർത്തനം അവസാനിപ്പിച്ചത്.

നാസ ധാരാളം നിരീക്ഷണ ഉപകരണങ്ങൾ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. റോക്കറ്റുകൾ, സാറ്റലൈറ്റുകൾ, ടെലസ്‌കോപ്പുകൾ, സ്‌പെയ്‌സ്‌ക്രാഫ്റ്റുകൾ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവ പെടുക. ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, ഗ്രഹങ്ങൾ, സൂര്യൻ, ക്ഷീരപഥം, തമോഗർത്തങ്ങൾ അങ്ങനെ പലതിനേയും നിരീക്ഷിക്കാനാണിവയൊക്കെ അയച്ചത്.

പക്ഷെ, ഇത്തരം ഉപകരണങ്ങളിൽ ചിലത് തിരിച്ച് ഭൂമിയിൽ പതിക്കാറുണ്ട്. ഇആർബിഎസ് 21 വർഷത്തേ സേവനത്തിനു ശേഷമാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചു പ്രവേശിക്കുക. പ്രവർത്തന സജ്ജമായിരുന്ന സമയത്ത് അത് സൂര്യൻ പ്രസരിപ്പിക്കുന്ന ഊർജ്ജം എങ്ങനെയാണ് ഭൂമി ആഗിരണം ചെയ്തിരുന്നത് എന്നതടക്കമുള്ള വിവരങ്ങളാണ് നൽകിവന്നത്.

ഏകദേശം 40 വർഷം മുമ്പാണ് നാസയുടെ സ്‌കൈലാബ് എന്ന സാറ്റലൈറ്റ് ഭൂമിയിൽ പതിച്ചത്. വർഷങ്ങൾക്കു മുൻപ് 1979ലാണ് അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയമായ ‘സ്കൈലാബ്’ ഭൂമിയിൽ പതിച്ചത്. 77,111 കിലോഗ്രാം ഭാരമുള്ള സ്കൈലാബ് എവിടെ വീഴുമെന്ന് അവസാന നിമിഷം വരെ ആർക്കും അറിയില്ലായിരുന്നു. ഭൂമിയിലേക്ക് സ്കൈലാബ് പതിക്കാനൊരുങ്ങിയ 1979 ജൂലൈ 11ന് കേരളത്തിൽ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി നൽകി. അടിയന്തര നടപടികളെടുക്കാൻ പൊലീസും അഗ്നിശമനസേനയും ആശുപത്രികളും ഒരുങ്ങി നിന്നു. ബോംബെയിലാണ് സ്കൈലാബ് പതിക്കുകയെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കു വണ്ടി കയറിയത്.

ഭൂമിയിലെത്തും മുൻപ് കത്തിത്തീരുമെന്ന് കരുതിയെങ്കിലും സ്കൈലാബ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ഈ ബഹിരാകാശ നിലയത്തിന്റെ 24 ഭാഗങ്ങളെങ്കിലും ഓസ്ട്രേലിയയിലെ പെർത്തിനും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ചിരുന്നു. കുറേ ഭാഗങ്ങൾ കടലിലും വീണു. ഭൗമോപരിതലത്തിന് വെറും 16 കിലോമീറ്റർ മുകളിൽ വച്ചാണ് സ്കൈലാബിന്റെ ഘടകങ്ങൾവേർപിരിഞ്ഞത്. ഇതും നാസയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here