മലബാർ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം ആത്മഹത്യ എന്ന റിപ്പോർട്ട് തട്ടിക്കൂട്ടിയത്

0

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും രണ്ട് മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് 11 വർഷം പിന്നിട്ടുകഴിഞ്ഞു. വി. ശശിന്ദ്രനെയും വിവേക്, വ്യാസ് എന്നീ മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലബാർ സിമന്റ്‌സിലെ അഴിമതികൾ പുറത്ത് വരാതിരിക്കാൻ ശശീന്ദ്രനെയും മക്കളെയും കൊലപെടുത്തി എന്നായിരുന്നു ആരോപണം. സിബിഐ ആത്മഹത്യയാണെന്ന് റിപ്പോർട്ട് നൽകിയെങ്കിലും ഇപ്പോഴും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് ശശീന്ദ്രന്റെ കുടുംബം.

വി ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുള്ളിൽ സിബിഐ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ആത്മഹത്യയെന്ന സിബിഐ റിപ്പോർട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി വിമർശിച്ചു. കേസിൽ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോർട്ടിലില്ലെന്നും കോടതി വിലയിരുത്തി.

കേസിൽ കണ്ടെത്തലുകളേക്കാൾ വിധിയെഴുതാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയെപ്പോലൊരു ഏജൻസി ഇങ്ങനെ തരം താഴാൻ പാടില്ലായിരുന്നുവെന്ന് തുറന്നടിച്ച കോടതി, പ്രീമിയർ കുറ്റനാന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയാണ് കളങ്കപ്പെട്ടതെന്നും മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും നിർദ്ദേശിച്ചു. സിബിഐ ഡയറക്ടർ നേരിട്ട് കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേൽനോട്ടച്ചുമതല അനുഭവ സമ്പത്തുള്ള ഉന്നത ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. ശശീന്ദ്രന്റേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുമ്പോൾ ശശീന്ദ്രൻ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല. ശബ്ദമൊന്നും വീട്ടിൽ നിന്നും കേട്ടില്ലെന്ന അയൽവാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. ശശീന്ദ്രന്റെയും മക്കളുടേയും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുള്ള കണ്ടെത്തൽ. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരനാണ് കോടതിയെ സമീപിച്ചത്.

സിബിഐ അന്വേഷിച്ച കേസിൽ മലബാർ സിമന്റ്‌സിലെ കരാറുകാരനായ വി എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപ് കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ അഴിമതിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ നീക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. എന്നാൽ സിബിഐയുടെ ഈ കണ്ടെത്തലടങ്ങിയ കുറ്റപത്രം കോടതി മടക്കി. അതിന് ശേഷം മാറ്റം വരുത്തിയ കുറ്റപത്രം കോടതി സ്വീകരിച്ചു. 2015 ജനുവരിയിലാണ് ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരൻ കോടതിയെ സമീപിച്ചത്.

Leave a Reply