ജോലി കഴിഞ്ഞ് വന്നപ്പോൾ വീട് സീൽ ചെയ്ത നിലയിൽ; കുടുംബത്തെ പെരുവഴിയിലാക്കി അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ ജപ്തി; അമ്മയും മക്കളും പെരുവഴിയില്‍

0

തൃശൂര്‍: കുടുംബത്തെ പെരുവഴിയിൽ ഇറക്കി വിട്ട് അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്റെ ജപ്തി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരുടെ വീടാണ് ജപ്തി ചെയ്തത്..

വീട്ടുപണി ചെയ്താണ് ഓമന കുടുംബം പോറ്റുന്നത്. മകന്‍ മഹേഷ് വെല്‍ഡിങ് തൊഴിലാളിയാണ്. മൂത്തമകന്‍ ഗിരീഷ് സ്ഥലത്തില്ലായിരുന്നു. ഓമനയും മഹേഷും തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീല്‍ചെയ്തതായി കണ്ടത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ രാത്രി വൈകിയും ഇരുവരും വീടിനു മുന്നില്‍ തുടര്‍ന്നു. വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ സീല്‍ ചെയ്തിരുന്നു.

അര്‍ബുദ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയായിരുന്നു ബാങ്കില്‍നിന്ന് ഓമന വായ്പയെടുത്തത്. ഭര്‍ത്താവ് പിന്നീട് മരിച്ചു. ഒന്നരലക്ഷം രൂപ പിന്നീട് തിരിച്ചടച്ചെങ്കിലും അത് പലിശയിനത്തിലാണ് കണക്കാക്കിയത്. മൂന്ന് സെന്റ് പുരയിടത്തിലെ വീടാണ് ജപ്തിചെയ്തത്. ഇന്ന് പരിഹാരം കാണാമെന്ന ഉറപ്പില്‍ കുടുംബം ബന്ധു വീട്ടിലേക്ക് മാറി. ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് ഓമനയുടെ വീട്ടില്‍ എത്തും. കോടതി ഉത്തരവില്‍ ഇളവ് തേടാനുള്ള നടപടികള്‍ ആലോചിക്കുമെന്ന് എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here