ബസിലിക്കയിലെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കരുത്: അല്മായ മുന്നേറ്റം

0


എറണാകുളം: വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അതിരൂപതാ അൽമായ കോർഡിനേഷൻ സമിതി ആവശ്യപ്പെട്ടു. ബസിലിക്കയിൽ യാതൊരു സംഘർഷ സാധ്യതയും ഇല്ലാതിരുന്ന സാഹചര്യത്തിൽ ബസിലിക്ക പൂട്ടിക്കുന്നതിന് പിന്നിൽ മാർ ആൻഡ്റൂസ് താഴത്തിന്റെയും കൂട്ടാളികളുടെയും സ്വാർത്ഥ താല്പര്യങ്ങളാണെന്ന് അല്മായ മുന്നേറ്റം ആരോപിച്ചു. ഇതിന്റെ പുറകിൽ സിനഡിന്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കൽദായ ലോബിയുടെ രഹസ്യ അജണ്ടയാണെന്ന് അതിരൂപത അൽമായ സമിതികൾ വിലയിരുത്തി.

ഇന്ന് രാവിലെ എറണാകുളം ബസിലിക്ക വികാരിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറെയും, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെയും നേരിൽ കണ്ട് പള്ളി തുറന്നുകൊടുക്കാനും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങൾ റിലീസ് ചെയ്യാനുമുള്ള നടപടികൾ വേണെമെന്ന് അറിയിച്ചു. അധികാരികൾ ഉടൻ അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത ദിവസം തന്നെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.

ജനാഭിമുഖ കുർബാനയ്ക്കു വിരുദ്ധമായി സിനഡ് കുർബാന അർപ്പിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബസിലിക്കയിലെത്തി യാൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ബസിലിക്ക വികാരി മോൺ.ആന്റണി നരികുളം മുൻകൂട്ടി അറിയിച്ചിട്ടും ധാർഷ്ട്യത്തോടെ കുർബാനയ്ക്ക് എത്തിയ ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്താണ് ബസിലിക്കയിടെ പുറത്ത് റോഡിൽ ഉണ്ടായ സംഘർഷ സാഹചര്യത്തിന് പൂർണ ഉത്തരവാദി. എറണാകുളം അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരം സിനഡ് പ്രത്യേകം സമിതി ഉണ്ടാക്കുകയും, ചർച്ചകൾ തുടങ്ങിയ അടുത്ത ദിവസം തന്നെ അത് പൊളിക്കാൻ കരുതി കൂട്ടി മാർ ആൻഡ്റൂസ് താഴത്ത് എറണാകുളം അതിരൂപതയിൽ കലാപത്തിന് തിരികൊളുത്തിയ അഡ്മിനിസ്ട്രേറ്ററെ വത്തിക്കാൻ ഉടൻ തിരിച്ചു വിളിക്കണമെന്നും, ഇന്ത്യയിലെ കത്തോലിക്ക മെത്രാന്മാർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നല്കേണ്ട സി.ബി.സി. ഐ പ്രസിഡന്റിന്റെ അജപാലന ശൈലി ഒരു സാദാ കവല ചട്ടമ്പിയുടേതിന് തുല്യമാണെന്ന് അതിരൂപത അൽമായ മുന്നേറ്റം കോർഡിനേഷൻ യോഗം പ്രസ്താവിച്ചു.

അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ പിന്തുണ്ക്കുന്നവർ അതിരൂപതാ ആസ്ഥാനത്ത് നടത്തിയ അതിക്രമങ്ങളെ അതിരൂപതാ അൽമായ സമിതികൾ അതിശക്തമായി അപലപിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടു. സമാധനപരമായി ബലിയർപ്പിക്കേണ്ട സാഹചര്യത്തെ കലുഷിതമാക്കിയ CBCI പ്രസിഡന്റ്റും, ആർച്ചുബിഷപ്പുമായ അപ്പോസ്റ്റലിക്ക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്ത് എത്രയും വേഗം രാജിവയ്ക്കണമെന്നും അതിരൂപതാ അൽമായ കോർഡിനേഷൻ സമിതി സമിതി യോഗം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here