തുടങ്ങാം; അറിവിന്റെ ആകാശത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വിദ്യാരംഭത്തിന്റെയും ആചാരത്തിന്റെയും പ്രാധാന്യം ഇങ്ങനെ

0

തിരുവനന്തപുരം: വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകളായി കേരളത്തിലുണ്ട്. കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട്, എഴുതിക്കൊണ്ടാണ്. അറിവിലേക്കുള്ള ആരംഭം എന്നർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. വിജയദശമിയിൽ വിദ്യാരംഭത്തിന്റെയും ആ ആചാരത്തിന്റെയും പ്രാധാന്യവും ഉദ്ദേശവും അറിയാം.

നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തിൽ കുറിക്കുന്ന ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആചാര്യന്മാർ ഈ മന്ത്രത്തെ ഇങ്ങനെ വിശദീകരിക്കുന്നു. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ദേവതയെ പ്രതിനിധീകരിക്കുന്നു. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം എന്നത് പരാശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെ സൂചിപ്പിക്കുന്നു.

പരമ്പരാഗതമായി കുട്ടികളുടെ നാവിൽ തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരു/ആചാര്യന്മാർ എഴുതുന്നതിന് പിന്നിൽ തത്വത്തിൽ ഒരു നിശബ്ദ പ്രാർത്ഥനയും ഉൾപ്പെടുന്നു – ‘ഈ കുട്ടി പറയുന്നതെന്തും സ്വർണ്ണം പോലെ വിലമതിക്കട്ടെ’ എന്നാണ് അത് അർത്ഥമാക്കുന്നത്. കുട്ടിക്ക് അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാൻ വിദ്യാദേവതയുടെ കൃപയേയും ഇത് വിളിച്ചോതുന്നു. അക്ഷരമാലാക്രമത്തിൽ വ്യഞ്ജനാക്ഷരങ്ങൾ ഉൾക്കൊള്ളുന്ന സ്വരാക്ഷരങ്ങളും ശ്രീതത്വം (ഐശ്വര്യം) നൽകുന്ന ദേവതയെ നമ്മുക്ക് നമിക്കാം എന്നാണ് മന്ത്രത്തിന്റെ മറ്റൊരു അർത്ഥം വ്യാഖ്യാനിക്കുന്നത്.

ആചാരങ്ങളിൽ നേരിയ വ്യത്യാസങ്ങളോടെ ജാതിമത ഭേദമന്യേ പലരും ഇന്ന് വിദ്യാരംഭം നടത്തുന്നതായി കാണുന്നു. അറിവ് എന്നത് അമൂല്യമാണെന്നും, യോഗ്യനായ ഗുരു കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരങ്ങൾ എഴുതാൻ അവനെ നയിക്കുന്നത് ആ അറിവ് അവരിൽ വളരാൻ സാധിക്കുമെന്നും നമ്മുടെ പാരമ്പര്യം വിശ്വസിക്കുന്നു. അറിവ് ഗുരുവിലൂടെ പ്രവഹിക്കുമ്പോൾ മാത്രമേ അത് പൂർണമായി ഗ്രഹിക്കുകയുള്ളൂ എന്നതാണ് ഇതിന് പിന്നിലെ വിശ്വാസം.

ഈ സമ്പ്രദായം ഉദ്ദേശിക്കുന്നത് ഈശ്വരനിലേക്കുള്ള അന്തർലീനമായ ശരണഗതി എന്ന ആശയവും ഉണ്ട് – ഗുരു, ഈശ്വരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ ഈ ആചാരങ്ങൾ പരമോന്നതത്തിലേക്കുള്ള സമ്പൂർണ്ണ കീഴടങ്ങൽ ആണ്. പ്രാവീണ്യത്തിലേക്കുള്ള/ അറിവിലേക്കുള്ള പാതയിലെ തടസ്സങ്ങൾ മറികടക്കാൻ തന്റെ ശിഷ്യന് നിരുപാധികമായ പിന്തുണ നൽകാനുള്ള ഗുരുവിന് ഉള്ള പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു.

ചൂണ്ടുവിരൽ ഉപയോഗിച്ച് എഴുതുന്നതിനക്കുറിച്ച് പറയുന്നത് – ചൂണ്ടുവിരൽ നമ്മുടെ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ ചൂണ്ടുവിരലിൽ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിക്കുന്നതും, അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും. യഥാർത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനുണ്ട്.

എല്ലാ വിദ്യാരംഭത്തിലും പ്രായഭേദമന്യേ എല്ലാവരും അടിസ്ഥാന അക്ഷരങ്ങളും പാഠങ്ങളും ഒക്കെ എഴുതുകയും ഉരുവിടുകയും ചെയ്യാറുണ്ട്. ഈ പാരമ്പര്യങ്ങളിലൂടെ, ഉദ്ദേശിക്കുന്നത് നമ്മൾ എപ്പോഴും ഒരു തുടക്കക്കാരനായി തുടരേണ്ടതിന്റെ പ്രാധാന്യം, ജാഗ്രതയോടും ക്ഷമയോടും ഉത്സാഹത്തോടും കൂടി, നമുക്ക് നിരന്തരം പഠിക്കാൻ കഴിയുന്ന ഒരു പുസ്തകമായി ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയേയും ഒക്കെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here