വിവാഹിതയായ സ്ത്രീയോടു വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ലെന്ന് ഹൈക്കോടതി; വീട്ടുജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ അത് വിവാഹത്തിനു മുമ്പു പറയണമായിരുന്നെന്നും നിരീക്ഷണം

0

മുംബൈ: വിവാഹിതയായ സ്ത്രീയോടു വീട്ടുജോലി ചെയ്യാൻ പറയുന്നതു ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി. വീട്ടുജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ അത് വിവാഹത്തിനു മുമ്പു പറയണമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കുടുംബത്തിനു വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയോടു താരതമ്യപ്പെടുത്തുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

ഔറംഗാബാദ് ബെഞ്ചിലെ ജസ്റ്റിസുമാരായ വിഭ കങ്കൺവാടി, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു ഭർത്താവ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വീട്ടുജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ യുവതി അത് വിവാഹത്തിനു മുമ്പു പറയണമായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വിവാഹം കഴിഞ്ഞ് ഒരു മാസം വരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പെരുമാറ്റം നല്ലതായിരുന്നെന്നും അതിനു ശേഷം തന്നെ വീട്ടുവേലക്കാരിയെപ്പോലെ കാണാൻ തുടങ്ങിയെന്നുമാണ് യുവതി പരാതിയിൽ ബോധിപ്പിച്ചത്. കാർ വാങ്ങുന്നതിനായി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു തന്നെ നിരന്തരം പീഡിപ്പിച്ചതായും യുവതി ആരോപിച്ചു.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന യുവതി ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവം പോലും വ്യക്തമായി പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിനു വേണ്ടി വീട്ടു ജോലി ചെയ്യാൻ ആവശ്യപ്പെടുന്നതിനെ വീട്ടുവേലക്കാരിയായി കണക്കാക്കി എന്നു പറയാനാവില്ല. വീട്ടുജോലി ചെയ്യാൻ താത്പര്യമില്ലെങ്കിൽ വിവാഹത്തിനു മുമ്പു പറയണമായിരുന്നു, അങ്ങനെയെങ്കിൽ ഭർത്താവിന് വിവാഹത്തെക്കുറിച്ച് പുനരാലോചന സാധ്യമാവുമായിരുന്നു. അല്ലാത്തപക്ഷം വിവാഹത്തിനു ശേഷവും ഇക്കാര്യം പറയാം, അങ്ങനെ അതു പരിഹരിക്കുന്നതിനു വഴി നോക്കാം- കോടതി പറഞ്ഞു.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നു പറഞ്ഞതുകൊണ്ടു മാത്രം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പു പ്രകാരമുള്ള കേസ് നിലനിൽക്കില്ല. എന്താണ് പീഡനം എന്നു വിവരിക്കാത്തിടത്തോളം നിയമത്തിൽ നിർവചിക്കുന്നതു പ്രകാരമുള്ള ക്രൂരത നടന്നോ എന്ന നിഗമനത്തിൽ എത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

LEAVE A REPLY

Please enter your comment!
Please enter your name here