ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്; ജില്ലയിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

0

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങും. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ അവസാനിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംങ്ഷനിൽ നിന്നാകും തുടങ്ങുക. 18 കിലോമീറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി പരിസരത്ത് ഇന്നത്തെ യാത്ര അവസാനിപ്പിക്കും. രാവിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്ന് തുടങ്ങുന്ന യാത്ര ബൈപ്പാസിലൂടെ സഞ്ചരിച്ച് പത്തരയോടെ ഇടപ്പളളി പളളി മുറ്റത്ത് രാഹുലിന്‍റെ യാത്ര എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാൻസ്ജെൻഡറുകൾ അടക്കമുളള വിവിധ വിഭാഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.

വൈകിട്ട് നാലിന് ഇടപ്പളളി ടോളിൽ നിന്ന് ആലുവയിലേക്ക് പദയാത്ര തുടരും. രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനിൽ ആദ്യ ദിവസത്തെ പര്യടനം സമാപിക്കും. തുടർന്ന് ആലുവ യുസി കോളജിലാണ് രാഹുലിന്‍റെയും കൂട്ടരുടെയും താമസം. ജില്ലയിലെ പരമാവധി പ്രവർത്തകരെ ഈ സമയം ജാഥയിൽ അണിനിരത്താനാണ് ഡി സി സി നേതൃത്വം തീരുമാനിച്ചത്. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. ഉച്ചയ്ക്ക് കളമശ്ശേരിയിലെ ഞാലകം സെന്‍ററിലാണ് രാഹുൽ ഗാന്ധി വിവിധ മേഖലയിലെ ആൾക്കാരുമായി കൂടിക്കാഴ്ച നടത്തുന്നത്. ട്രാൻസ്‍ജൻഡറുകൾ, ഐ ടി പ്രൊഫഷണലുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുമായാണ് കൂടിക്കാഴ്ച.

അതേസമയം ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വലിയ കണ്ടെയ‍്‍നറുകൾക്ക് ദേശീയപാതയിൽ പ്രവേശനം ഉണ്ടാകില്ല. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി ഇവ തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്ന് ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണമാലി ചെല്ലാനം തീരദേശ റോഡ് വഴി പോകണം.

ഗതാഗത നിയന്ത്രണം അറിയാം

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് എറണാകുളത്ത് ഗതാഗത ക്രമീകരണം. ദേശീയപാതയിൽ രാവിലെ അരൂർ മുതൽ ഇടപ്പള്ളി വരെയും വൈകീട്ട് ഇടപ്പള്ളി മുതൽ ആലുവ വരെയുമാണ് ഗതാഗത നിയന്ത്രണം. ഭാരത് ജോഡോ യാത്ര രാവിലെ അരൂർ ടോൾ പ്ലാസയിൽ നിന്ന് ആരംഭിക്കുന്നതോടെ ഗതാഗത നിയന്ത്രണം തുടങ്ങും.

ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം, തൃപ്പൂണിത്തുറ, ഇടപ്പള്ളി, ആലുവ, പറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അരൂർ പള്ളി സിഗ്നൽ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടക്കൊച്ചി, തേവര ഫെറി ജംക്‌ഷൻ എന്നിവിടങ്ങളിൽ എത്തി തിരിഞ്ഞ് പോകണം. മാർച്ച് കുണ്ടന്നൂർ ജങ്ഷൻ കടന്നാൽ അരൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കുണ്ടന്നൂർ വരെ കടത്തിവിടും. ഇവിടെ നിന്ന് എറണാകുളം, വൈറ്റില ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുണ്ടന്നൂർ ഫ്ലൈ ഓവറിന് അടിയിലൂടെ വന്ന് ഇടത്തോട്ട് തിരിഞ്ഞ് തേവര ഫെറി ജംഗ്ഷനിൽ എത്തി യാത്ര തുടരണം.

കാക്കനാട്, ഇടപ്പള്ളി, ആലുവ, പറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും കുണ്ടന്നൂർ ഫ്ലൈ ഓവറിന് അടിയിലൂടെ വന്ന് വലത്തോട്ട് തിരിഞ്ഞ് മരട്, മിനി ബൈപാസ്, പേട്ട, എസ്എൻ ജംഗ്ഷൻ വഴി എൻഎച്ച് 85ലൂടെ എസ്എ റോഡിലെത്തി യാത്ര തുടരാം. കുണ്ടന്നൂർ ഭാഗത്തുനിന്നുള്ള പാസഞ്ചർ ബസുകൾക്കും ചെറിയ വണ്ടികൾക്കും വൈറ്റില ജങ്ഷൻ വരെ യാത്ര അനുവദിക്കും. ആലുവ, പറവൂർ, ഗുരുവായൂർ ഭാഗത്തേക്കുള്ള പാസഞ്ചർ ബസുകൾക്ക് വൈറ്റിലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ കടവന്ത്ര ജങ്ഷൻ, കലൂർ വഴി പോകാം.

ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒന്പത് വരെ ഇടപ്പള്ളി ബൈപ്പാസ്, ഇടപ്പള്ളി മേൽപ്പാലം എന്നിവിടങ്ങളിലൂടെ ആലുവയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ഇടപ്പള്ളി ബൈപ്പാസിൽ നിന്ന് കളമശ്ശേരി, ആലുവ, തൃശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുന്നുംപുറം വഴി പോയി ചേരാനെല്ലൂർ സിഗ്നലിൽ നിന്ന് NH-66 വഴി വലത്തേക്ക് തിരിഞ്ഞ് കണ്ടെയ്നർ റോഡിൽ കയറി പോകണം. മാർച്ച് കളമശ്ശേരി മുനിസിപ്പൽ ജങ്ഷൻ കടന്നാൽ ചേരാനെല്ലൂരിൽ നിന്ന് കണ്ടെയ്‌നർ റോഡ് വഴി വരുന്ന വാഹനങ്ങൾ ആനവാട്ടിൽ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏലൂർ, പാതാളം, മുപ്പത്തടം വഴി പോകണം.

LEAVE A REPLY

Please enter your comment!
Please enter your name here